കാലം കലിപ്പിലാണ്, പുറത്തേക്കിറങ്ങിയാല്‍ ഒരൊറ്റ മനുഷ്യനെ കാണാനില്ല – ഒന്നുകില്‍ ഹിന്ദു, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ ക്രിസ്ത്യാനി ….! മുഖത്ത് N 95 മാസ്ക്കുകളായതുകൊണ്ട്, ഇതിലാരെയെങ്കിലും തിരിച്ചറിയണമെങ്കില്‍ പിന്നെയും കിഴിഞ്ഞു നോക്കണം – ജാതി, വിഭാഗം, തൊഴില്‍, സ്ഥിതി …. എല്ലാം നോക്കിയിട്ടു വേണം, അപരനെ എവിടെ ഇരുത്തണം അല്ലെങ്കില്‍ നിര്‍ത്തണം എന്ന് തീരുമാനിക്കാന്‍. മനുഷ്യനായി ചുരുക്കം ശിശുക്കളേ ഇവിടെ ജനിക്കാറുള്ളു! സമാനചിന്തകള്‍ ഉള്ളിലൂടെ കടന്നു പോവുമ്പോള്‍ അവയ്ക്ക് ചായയും ബിസ്കറ്റും നല്കി ഞാന്‍ സമയം കളയാറുണ്ട്. അപ്പോഴൊക്കെ ഉള്ളില്‍നിന്ന് മന:സാക്ഷി മുറുമ്മുന്നത് കേള്‍ക്കാറുമുണ്ട് ”സ്നേഹിതാ നീ ഈശ്വരനുമായി സദാ യുദ്ധത്തിലാണ്.”
എല്ലാ അര്‍ഥത്തിലും, ഇക്കാര്യത്തിലെങ്കിലും മന:സാക്ഷി ശരിയായിരിക്കാനേ വഴിയുള്ളു! പ്രപഞ്ചത്തില്‍ നിര്‍മ്മിതമായ സര്‍വതിനും അടിസ്ഥാന സ്വഭാവങ്ങളുണ്ട്; അവയതേ അനുവര്‍ത്തിക്കൂ. തേളാണെങ്കില്‍ വാലുകൊണ്ട് കൊത്തും, പോത്ത് കൊമ്പുകൊണ്ട് കുത്തും, കുതിര കാലുകൊണ്ട് തൊഴിക്കും. സിംഹം രാജാവാണെന്നു പറഞ്ഞിട്ടെന്തു കാര്യം? ഒരിക്കലും ഒറ്റയ്ക്കല്ലത് ഇര തേടുന്നത്. ആന വലിയവനാണെന്നു പറഞ്ഞിട്ടെന്തു കാര്യം? അതും ഒറ്റയ്ക്കല്ല സഞ്ചരിക്കുന്നത്. അതേസമയം പുള്ളിപ്പുലി, കടുവാ…. ഇവയൊക്കെ ഇര പിടിക്കുന്നത് ഒറ്റയ്ക്കൊറ്റയ്ക്കും. മനുഷ്യന്റെ കാര്യമെടുത്താല്‍ അവന് സമൂഹജീവിയാണ്. അവനാവശ്യം independence അല്ല interdependence ആണ്. ഒരു കുട്ടി ജനിച്ചാല്‍ ഏതാണ്ട് പത്തു വര്‍ഷമെങ്കിലും കഴിഞ്ഞേ ഇര തേടാനുള്ള പക്വത കിട്ടൂ. അത്രയും ശ്രദ്ധ മറ്റൊന്നിനും ഈ പ്രപഞ്ചത്തില്‍ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവനുടുക്കാന്‍ കോയമ്പത്തൂരില്‍ നെയ്ത മുണ്ട്, ഗ്വാളിയോറില്‍ തയ്ച്ച ഉടുപ്പ് …. അവന്റെ വീട്ടില്‍ ജയ്പ്പൂരില്‍ നിര്‍മ്മിച്ച വിരികള്‍ … അവന്റെ കറികളില്‍ ഹൈറേഞ്ചില്‍നിന്നു കൊണ്ടുവന്ന ഏലക്കായും, കുരുമുളകും… വയനാട്ടില്‍ നിന്നുള്ള ഇഞ്ചിയും മഞ്ഞളും … അവനു ഭക്ഷിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള ഗോതമ്പും, ആന്ധ്രയില്‍ നിന്നുള്ള അരിയും. പരസ്പരം അറിഞ്ഞു സ്നേഹിച്ചു കഴിയാന്‍ പ്രപഞ്ചം അവനോടാവശ്യപ്പെടുന്നു.
സ്വയം അമ്മയാകാനും അച്ഛനാകാനും ഗുരുവാകാനും വൈദ്യരാകാനും ഒറ്റയ്ക്കാര്‍ക്കും കഴിയില്ല. അവനോട് ഈശ്വരന് സംവദിക്കുന്നുവെങ്കില്‍ ആരിലൂടെയെങ്കിലുമോ എന്തിലൂടെ എങ്കിലുമോ ആവാം. ഓരോ അവസരത്തിലും, ഓരോരുത്തരും എന്താണ് ചെയ്യേണ്ടതെന്ന് അവന്റെ ജീനുകളില്‍ ദൈവം ആലേഖനം ചെയ്തിരിക്കുന്നു. എങ്കിലും നാമവനെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്. ഇവിടെയും, യുദ്ധം ഈശ്വരനോടുതന്നെ!
ഇന്നത്തെ ഭാരതം, അല്ലെങ്കില്‍ കേരളം – എവിടെ ആയിരുന്നാലും വിഭജനത്തിന്റെ ശബ്ദമാണ് സര്‍വത്ര! ഒരു കൂട്ടര് ഉണ്ടാക്കിയത് കഴിക്കരുത്, അവന് പോയ വഴിയേ പോകരുത്…. ഇങ്ങിനെ ചിന്തിക്കുന്ന ഒരുത്തനെയും, ഈശ്വരനെപ്പറ്റി സംസാരിക്കാന്‍ നാം അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇത് നമ്മുടെ നിലപാടിന്റെ പ്രശ്നമാണ്. മാറ്റം വേണ്ടതും, അവിടെത്തന്നെ. നാം ചുറ്റും കണ്ണ് തുറന്നൊന്നു നോക്കുക. സൂര്യന്, ചന്ദ്രന്, കാറ്റ്, മഴ… ചെടികള്‍, പ്രാണികള്‍ ഓരോന്നും അതതിന്റെ ദൗത്യം ചെയ്തുകൊണ്ടിരിക്കുന്നു – ഒരു പരാതിയുമില്ലാതെ! എറിയാന്‍ കുട്ടികളെ കാണാതെ തേങ്ങുന്ന നാട്ടുമാവുകളെ പലരും കണ്ടിരിക്കും.
ഇന്ത്യയുടെ ഒരു മുതല്‍ക്കൂട്ടായിരുന്നു തുക്കാറാം ബോലോഭാ അമ്പിളെ. പതിനേഴാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ ജീവിച്ച അദ്ദേഹം കവിയും, ചിന്തകനും, ഭക്തനുമൊക്കെയായിരുന്നു. ദരിദ്രമായിരുന്നു കുടുംബ ജീവിതം. അദ്ദേഹത്തിന്റെ ജീവിതകാലത്തുണ്ടായ കടുത്ത ക്ഷാമത്തില്‍ ഭാര്യയും മക്കളും ദിവസങ്ങളോളം വിശന്നിരിക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കരിമ്പ് വാങ്ങാന്‍, വളരെ ദൂരെ ഒരു തോട്ടത്തിലേക്ക് യാത്രയായി. കരിമ്പും തോട്ടത്തില്‍ നിന്നു കിട്ടിയ ഒരു കെട്ടു കരിമ്പുമായി അദ്ദേഹം മടങ്ങി. തിരിച്ചുവരുന്ന വഴി, കണ്ട കുട്ടികള്‍ക്കെല്ലാം കരിമ്പും വിതരണം ചെയ്ത് വീട്ടിലെത്തിയപ്പോള്‍ കൈയിലുണ്ടായിരുന്നത് ഒരേയൊരു കരിമ്പ്! ഇത്രയും ദൂരെ പോയിട്ട് ഒരു കരിമ്പും കൊണ്ടാണോ ഇയാള്‍ വന്നതെന്നും ചോദിച്ച്, ആ കരിമ്പ് വാങ്ങി ഭാര്യ തുക്കാറാമിന്റെ പുറത്തിനിട്ടുതന്നെ കൊടുത്തു. തുക്കാറാം എണീറ്റുനിന്ന് മുകളിലേക്ക് കണ്ണുകള്‍ തിരിച്ച് കൈകള്‍ കൂപ്പി പ്രാര്‍ഥന തുടങ്ങി,
”അല്ലയോ ദയയുടെ മൂര്ത്തീഭാവമേ, സര്‍വതും പരിപാലിക്കുന്നവനേ, നിന്റെ ഭക്തരോടുള്ള സ്നേഹത്തിന് അതിരുകളില്ലെന്നു ഞാനറിയുന്നു. ഞാന്‍ കൊണ്ടുവന്ന ഒരു കരിമ്പ് നീ കൃത്യമായി നാല് കഷണങ്ങളായി വീതിച്ചിരിക്കുന്നു.”
അതില്‍ രണ്ട് കഷണങ്ങള്‍ രണ്ട് മക്കള്‍ക്കും അദ്ദേഹം കൊടുത്തു, ഒരെണ്ണം ഭാര്യയ്ക്കും കൊടുത്തു, അടുത്തത് കൈയില്‍പ്പിടിച്ച് അദ്ദേഹം ഈശ്വരസ്തുതികളും പാടി നൃത്തം ചെയ്തുവെന്നാണ് കഥ. ഇത് സംഭവിച്ചതാവാം – ഭാരതത്തിന്റെ പാരമ്പര്യം അത്ര മികവുറ്റതായിരുന്നുവല്ലോ! കൂട്ടായ്മയിലായിരിക്കാനും പങ്കുവെക്കാനുമൊക്കെ, തുടക്കം മുതല്‍ നിഷ്കര്‍ഷിച്ചുപോന്ന ഒരു സംസ്കാരമാണ് ഭാരതത്തിനുള്ളത്.
പക്ഷേ, ഒരു ഭാരതീയനെ തേടിയാണല്ലോ നമ്മുടെയിപ്പോഴത്തെ യാത്രകള്‍!