നന്ദിയും സന്തോഷവും

  • Episode 75
  • 29-11-2022
  • 08 Min Read
നന്ദിയും സന്തോഷവും

2021 ലെ സ്ഥിതിയനുസരിച്ച്, നൈജീരിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ ധനവാനാണ് ഫിമി യെദോള (Femi Otedola). റേഡിയോയ്ക്കു വേണ്ടി നടത്തിയ ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍, അദ്ദേഹത്തെ ഏറ്റവും സന്തോഷവാനാക്കിയ എന്തെങ്കിലും സംഭവം ഓര്‍മ്മയുണ്ടോയെന്നു അഭിമുഖക്കാരന്‍ ചോദിച്ചു. അദ്ദേഹം മറുപടിയില്‍ പറഞ്ഞത്, ജീവിതത്തില്‍ സന്തോഷത്തിന്റെ നാലു ഘട്ടങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ടെന്നും, അവസാനം, യഥാര്‍ഥ സന്തോഷം എന്താണെന്ന് തിരിച്ചറിഞ്ഞു എന്നുമാണ്. ഇത് ഫിമി ഇങ്ങനെ വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ പണവും സ്ഥാനമാനങ്ങളും നേടുന്നതിലായിരുന്നു എന്റെ സന്തോഷം; പിന്നെയെന്റെ ശ്രമം, വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കുകയെന്നതായിരുന്നു. അടുത്ത നീക്കം, ഒരു കുത്തകയായി മാറുകയായിരുന്നു. പക്ഷേ, ആഫ്രിക്കയിലെ ഡീസലിന്റെ 95% വിതരണവും നേടിയിട്ടും, ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ വാഹനവ്യൂഹം സ്വന്തമാക്കിയിട്ടും, ലക്ഷ്യംവെച്ച സുഖമോ സന്തോഷമോ തനിക്കു കിട്ടിയിരുന്നില്ല.

സുഖത്തെപ്പറ്റിയുള്ള തന്റെ മനോഭാവം മാറി മറിഞ്ഞത്, ഒരു സ്‌നേഹിതന്റെ അഭ്യര്‍ഥനപ്രകാരം, അംഗവൈകല്യമുള്ള 200 കുട്ടികള്‍ക്ക് സൗജന്യമായി വീല്‍ചെയറുകള്‍ വിതരണം ചെയ്തപ്പോഴുണ്ടായ ഒരു ചെറിയ സംഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ ചെയറുകളെല്ലാം ഫിമി തന്നെ നേരിട്ട് വിതരണം ചെയ്തു; സ്വര്‍ഗം കിട്ടിയതുപോലെ, കുട്ടികളതുമായി തുള്ളിക്കളിക്കുന്നതൂകണ്ട് സന്തോഷിക്കുകയും ചെയ്തു. പക്ഷേ, ഒരു കുട്ടി അദ്ദേഹ ത്തിന്റെ കാലില്‍ വട്ടം പിടിച്ചു, ഫിമി മയത്തിലൊന്ന് ശ്രമിച്ചിട്ടും അവള്‍ പിടി വിടുന്നില്ല.
”നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?” ഫിമി ചോദിച്ചു. ആ കുട്ടി മറുപടി പറഞ്ഞു,
”എനിക്കങ്ങയുടെ മുഖം വീണ്ടും കാണണം. സ്വര്‍ഗത്തില്‍ വെച്ച് കാണുമ്പോള്‍, എനിക്ക് അങ്ങയെ തിരിച്ചറിയാനും ഒരിക്കല്‍ക്കൂടി നന്ദി പറയാനും കഴിയണം!”
അന്നദ്ദേഹം ആദ്യമായി യഥാര്‍ഥ സന്തോഷം എന്താണെന്നനുഭവിച്ചു! പ്രതികരിക്കാനാവാതെ ഫിമി മുകളിലേക്ക് നോക്കി. ആ കണ്ണുകള്‍ നന്നായി നനഞ്ഞിരുന്നു!

ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെപ്പറ്റി 2014 ല്‍ മുഖലേഖനം എഴുതിയത്, തകര്‍ന്നടിഞ്ഞ കോടീശ്വരന്‍ എന്ന വിശേഷണത്തോടെയായിരുന്നു. എണ്ണ വിലയില്‍ അപ്രതീക്ഷിതമായി വന്ന തകര്‍ച്ച അദ്ദേഹത്തെ ചുഴറ്റിയെറിഞ്ഞിരുന്നു. ഫെനിക്‌സ് പക്ഷിയെപ്പോലെ, അക്ഷരാര്‍ഥത്തില്‍ ചാരത്തില്‍നിന്നു പുനര്‍ജനിച്ച ഫിമിയാണ്, ആ തിരിച്ചുവരവായിരുന്നില്ല, തനിക്ക് യഥാര്‍ഥ സന്തോഷം നല്‍കിയതെന്നാണ് പറഞ്ഞതെന്നോര്‍ക്കണം.
UNO, ഏറ്റവും സന്തോഷിക്കുന്നവരുള്ള രാജ്യങ്ങളുടെ  ലിസ്‌റ്റെടുത്തിട്ടുണ്ട്. ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, നോര്‍വേ …. ഇവരൊക്കെ happiness index ല്‍ മുകളിലാണ്. UAE യില്‍ സന്തോഷത്തിനു മാത്രമായി ഒരു വകുപ്പും മന്ത്രിയും ഉണ്ട്. ധനവാന്മാരുമല്ല മതതീവ്ര വാദികളുമല്ല സന്തോഷവാന്മാരായിട്ടു വരുന്നതെന്ന് UN പഠനം പറയുന്നു. എങ്കിലും, പൊതു ഘടകങ്ങളെപ്പറ്റിയുള്ള പഠനങ്ങളോടും നിഗമനങ്ങളോടും ഞാനത്ര യോജിക്കുന്നില്ല.കബ് സ്‌കൗട്‌സ് അംഗമായ ഒരെട്ടുവയസ്സുകാരന്‍ ഗില്‍ബെര്‍ ട്ടിന്റെ കഥ കേട്ടിട്ടുണ്ട്. കബ് സ്‌കൗട്ട് (Cub scout) എന്നു പറയുന്നത്, പരമ്പരാഗത സ്‌കൗട്ടുകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളുടെ അന്താരാഷ്ട്രസമൂഹമാണ്. ഒരിക്കല്‍, കബ് സ്‌കൗട്‌സ് നടത്തിയ ഒരു ടോയി കാറോട്ട മത്സരത്തില്‍ ഗില്‍ബെര്‍ട്ട് ഫൈനലിലെത്തി. അവന്‍ സ്വന്തമായിത്തന്നെ ഉണ്ടാക്കിയ കാറുമായായിരുന്നു അവന്റെ മത്സരങ്ങള്‍. ഓരോ മത്സരത്തിലും അവന്‍ ജയിച്ചുകൊണ്ടേയിരുന്നു. അവന്റെ ഫൈനല്‍ മത്സരം തുടങ്ങുന്നതിനു മുമ്പ്, നിലത്തു മുട്ടുകുത്തി കൈകള്‍ കൂപ്പി ഗില്‍ബെര്‍ട്ട് പ്രാര്‍ഥിച്ചു – ഗില്‍ബെര്‍ട്ട് ഒന്നാമതെത്തുകയും ചെയ്തു. അപ്പോഴും, ഗില്‍ബെര്‍ട്ട് പ്രാര്‍ഥിച്ചു. ഒന്നാമതെത്താനായിട്ടാണോ പ്രാര്‍ഥിച്ചതെന്ന് കോച്ച് ചോദിച്ചു.
”ഹേയ്, അത് ശരിയല്ലല്ലോ!” ഗില്‍ബെര്‍ട്ട് പറഞ്ഞു. പിന്നെ അവന്‍ തുടര്‍ന്നു,
”ഞാന്‍ പ്രാര്‍ഥിച്ചത്, തോല്‍ക്കുകയാണെങ്കില്‍ കരയാതിരിക്കാനുള്ള ശക്തിക്കു വേണ്ടിയായിരുന്നു.”വീല്‍ ചെയറുകള്‍ സംഭാവന ചെയ്ത ഫിമിയും, ഫിമിയുടെ കാലില്‍ കെട്ടിപ്പിടിച്ച പെണ്‍കുട്ടിയും, ഒന്നാം സമ്മാനം വാങ്ങിയ ഗില്‍ബെര്‍ട്ടും നമുക്ക് തരുന്ന വലിയൊരു സന്ദേശമുണ്ട്  യഥാര്‍ഥ സന്തോഷം ഉള്ളില്‍ നിന്ന് വരുന്നതാണെന്ന്, അതുപോലെ നന്ദിയും സന്തോഷവും ഇണപിരിയാത്ത അനുഭൂതികളാണെന്നും. യഥാര്‍ഥ സന്തോഷം തിരിച്ചറിഞ്ഞെന്നു പറയുന്ന ഫിമിയുടെ ഉള്ളിലും, അത് കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള നന്ദി തിളച്ചു മറിഞ്ഞിട്ടുണ്ടാവണം.

Select your favourite platform