ചാര്‍മിനാറുകളുടെ ലോകം

  • Episode 79
  • 29-11-2022
  • 10 Min Read
ചാര്‍മിനാറുകളുടെ ലോകം

രണ്ടാളുകള്‍ തമ്മില്‍ നടന്ന ഈ സംഭാഷണം ശ്രദ്ധിക്കുക. ഒരാള്‍ ഒരു പാലത്തിലൂടെ നടന്നു ചെല്ലുമ്പോള്‍, അടുത്തവന്‍ താഴെ നദിയിലേയ്ക്കു ചാടാന്‍ ഒരുങ്ങുന്നു. ആദ്യത്തവന്‍ ഓടിച്ചെന്നയാളെ പിടിച്ചിട്ടു പറഞ്ഞു,
”അയ്യയ്യോ, അവിവേകം കാണിക്കല്ലേ? ജീവിക്കാന്‍ എത്രയോ കാരണങ്ങള്‍ ബാക്കി കിടക്കുന്നു!” അയാള്‍ തിരിച്ചു ചോദിച്ചു,
”എന്ത് കുന്തം?” അവരുടെ സംഭാഷണം ഇങ്ങനെ തുടര്‍ന്നു.
”ആട്ടെ നീ വിശ്വാസിയാണോ?”
”അതേ.”
”ഞാനും! നിങ്ങള്‍ ക്രിസ്ത്യാനിയാണോ ബുദ്ധിസ്റ്റാണോ?”
”ക്രിസ്ത്യാനി.”
”സ്‌തോത്രം … ഞാനും ക്രിസ്ത്യാനിയാ! കത്തോലിക്കനോ പ്രോട്ടസ്റ്റന്റോ?”
”പ്രൊട്ടസ്റ്റന്റ്.”
”ഞാനും!  എപ്പിസ്‌കോപ്പലിയനാണോ ബാപ്റ്റിസ്റ്റാണോ?”
”ബാപ്റ്റിസ്റ്റ്.”
”ഞാനും! നിങ്ങള്‍ ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ പ്രഭുവിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ?”
”ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭ.”
”ഹോ… ഞാനും! നിങ്ങള്‍ ദൈവത്തിന്റെ മൂല ബാപ്റ്റിസ്റ്റ് വിഭാഗത്തില്‍ പെട്ടതാണോ അതോ നവീകരിക്കപ്പെട്ട ദൈവത്തിന്റെ ബാപ്റ്റിസ്റ്റ്  സഭയില്‍പ്പെട്ടതാണോ?”
”നവീകരിക്കപ്പെട്ട ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭ.”
”അത്ഭുതം… ഞാനും! നിങ്ങള്‍ 1879 ലെ നവീകരണത്തില്‍പ്പെട്ട ആളാണോ 1915 ലെ നവീകരണത്തില്‍പ്പെട്ട ആളാണോ?”
”1915ലെ നവീകരണത്തില്‍ പെട്ടവന്‍.”
”ഓഹോ! എന്നാ പിന്നെന്തിനാ താമസിക്കുന്നത്?” പറഞ്ഞു തീരുന്നതിനു മുമ്പേ, രക്ഷിക്കാന്‍ വന്നവന്‍ ഒരു തള്ളും കൊടുത്തു,  ചാടാന്‍ വന്നവന്‍, അവന്‍ പോലും അറിയാതെ ആറ്റിലും വീണു.

രക്ഷയുടെ കാര്യത്തില്‍ മിക്കവാറും മനുഷ്യരുടെയെല്ലാം നിലപാടുകള്‍ ഇതുതന്നെ. ഓരോന്നും എടുത്തു പറയേണ്ട കാര്യമേയില്ല. വിധിച്ചിരിക്കുന്നത് സ്വര്‍ഗമായാലും, നരകമായാലും നിത്യതയിലേക്കുള്ള മാറ്റം, ഒരു തിരിനാളം ഊതിക്കെടുത്തുന്നതു പോലെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന വിളക്കിന്റെ നാളത്തിന് ആകൃതിയുണ്ട്, നിറമുണ്ട്, മണമുണ്ട്, ചൂടുണ്ട് – എല്ലാ സവിശേഷതകളുമുണ്ട്.  ഇനി ആ തിരിനാളം നാമൊന്നൂതി കെടുത്തിയാലോ? അവിടെയതുണ്ടായിരുന്നെന്നു തെളിയിക്കാന്‍ യാതൊന്നും നമ്മുടെ പക്കല്‍ അവശേഷിക്കുന്നില്ല. ഹൈന്ദവ വിശ്വാസപ്രകാരവും സമാധി ഒരു സുപ്രധാന ഘട്ടമാണ്. സൂര്യന്‍ ദക്ഷിണായനത്തില്‍നിന്ന് ഉത്തരായനത്തില്‍ എത്തുന്നിടംവരെ ഭീഷ്മര്‍, അസ്ത്രങ്ങള്‍ താങ്ങായി കാത്തുകിടന്നു.

മോക്ഷപ്രാപ്തിയെ സംബന്ധിച്ച വ്യാഖ്യാനങ്ങളില്‍, ഓഷോ, ബൈബിളിലെ ‘സ്വര്‍ഗത്തിലേയ്ക്കുള്ള വാതില്‍ ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതുമാകുന്നു. ചുരുക്കം ചിലരേ അത് കണ്ടെത്തു ന്നുള്ളു’ എന്ന ഉദ്ധരണിക്ക് കൊടുത്തിരിക്കുന്ന വ്യാഖ്യാനം വേറിട്ട് നില്‍ക്കുന്നു. ഓഷോ പറയുന്നത്, സ്വര്‍ഗത്തിലേക്കുള്ള ഗേറ്റ് ചെറുതുതന്നെയാണെന്നും നാമെല്ലാം വലുതാണെന്നുമാണ്. ആരും ഒറ്റയ്ക്കല്ലാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണത്. എന്റെ വീട്, എന്റെ മക്കള്‍, എന്റെ സമ്പത്ത്, എന്റെ അന്തസ്സ് ഇതെല്ലാം സദാ ചുമന്നുകൊണ്ട് നടക്കുന്നവരാണല്ലോ നമ്മള്‍!

സ്വര്‍ഗമെന്നു പറയുന്നത് തനി 24 കാരറ്റ് സ്‌നേഹമാണ്. ഓഷോ പറഞ്ഞത് മനസ്സിലാകണമെങ്കില്‍ പ്രേമത്തെ സൂചിപ്പിക്കുന്ന ഹാര്‍ട്‌സ് അടയാളത്തിലേക്കു നാം വരണം. പ്രപഞ്ചത്തില്‍ സര്‍വതിനേയും ആവരണം ചെയ്യുന്ന സൂക്ഷ്മ ഊര്‍ജമേഖലകളുണ്ട്. ഭൂമിക്കു ചുറ്റുമായി കാന്തിക മേഖലയുണ്ടെന്നു നമുക്കറിയാം; ഓരോ ഇലക്ട്രോണിന് ചുറ്റുമാണെങ്കിലും ചെറിയൊരു കാന്തികമേഖലയുണ്ടെന്നും നമുക്കറിയാം. ഒരു മനുഷ്യശരീരത്തില്‍ എകദേശം 37.5 ട്രില്യന്‍ കോശങ്ങളുണ്ട്. ഇവ പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. അവയറിയാതെ ശരീരത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല.
വിവിധ ഫ്രീക്വന്‍സികളിലുള്ള പ്രകാശരശ്മികളിലൂടെയാണ് ഓരോ കോശവും പരസ്പരം ബന്ധപ്പെടുന്നത്, ഒരു മൊബൈല്‍ ടവര്‍ ഇന്ത്യാ മുഴുവനുമുള്ള എല്ലാ ടവറുകളുമായി ബന്ധപ്പെടുന്നതുപോലെ. ഒരൊറ്റ കോശത്തില്‍നിന്നും പതിനായിരത്തിലേറെ തരം രശ്മികള്‍ പ്രസരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞമാര്‍ പറയുന്നത്. ഈ പ്രകാശരശ്മികളെല്ലാം ശരീരത്തിന് പുറത്ത് അനുഭവപ്പെടുമ്പോഴാണ് ഊര്‍ജശരീരം രൂപംകൊള്ളുന്നത്.

മനുഷ്യശരീരത്തിന്റെ ചുറ്റിലുമുള്ള ഊര്‍ജശരീരം അണ്ഡാകൃതിയിലിരിക്കും. പരിശീലനമില്ലെങ്കില്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട് ഇതിന്റെ ആദ്യത്തെ വലയം പോലും കാണാന്‍ സാധിക്കില്ല. അണ്ഡാകൃതിയിലുള്ള രണ്ട് ഊര്‍ജശരീരങ്ങള്‍ സ്‌നേഹത്താല്‍ ഒന്നാകുമ്പോഴത്തെ രൂപമാണ്. ഹാര്‍ട്ട്‌സ് അടയാളം  സൂചിപ്പിക്കുന്നത്, അതിരുകളില്ലാത്ത സ്‌നേഹമുണ്ടെങ്കില്‍ മറ്റ് പ്രാപഞ്ചികാംശങ്ങളെയും തന്നിലേക്ക് ആവാഹിച്ച് പ്രപഞ്ചത്തിന്റെയും തന്റെതന്നെയും വലിപ്പം കുറയ്ക്കാന്‍ ആര്‍ക്കും ആവുമെന്നാണ് ഓഷോ പറയുന്നത്.

ഒരൊറ്റ ജീവിതംകൊണ്ട് ആര്‍ക്കും സാധിക്കാവുന്ന ഒരു നേട്ടമാണിതെന്ന് എനിക്കു തോന്നുന്നില്ല. പരിണാമമെന്നാല്‍ പെട്ടെന്നു സംഭവിക്കുന്ന ഒരു പ്രക്രിയയല്ലല്ലോ! വിപ്ലവകരമായ പരിണാമത്തിലൂടെ കടന്നുപോയ മഹത്തുക്കളുടെ കഥകള്‍ എല്ലാ മതങ്ങളിലും സമൃദ്ധമായുണ്ടാവും. മനുഷ്യനെ സംബന്ധിച്ചിടത്തോളം  സ്‌നേഹം ഒരു അടിസ്ഥാനഭാവമാണ് – മതം, അത് കഴിഞ്ഞേ വരുന്നുള്ളു. ഒരുത്തമ ഉദാഹരണമാണ് ഹൈദരാബാദിലെ പ്രസിദ്ധമായ ചാര്‍മിനാര്‍. കുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ  രാജാവായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ഷാഹി കുതുബ് ഷാ 1591ല്‍ പണിത ഈ സ്മാരകത്തിനു വേണ്ടി, ലഭ്യമായ എല്ലാ വൈദഗ്ധ്യവും അദ്ദേഹം ഉപയോഗിച്ചു. രാജ്യത്തു മുഴുവന്‍ പ്‌ളേഗ് പടര്‍ന്നു പിടിച്ച അക്കാലത്ത്, എല്ലാ ജാതികളിലുള്ളവര്‍ക്കും വേണ്ടി അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച അതേ സ്ഥലത്താണ്, ചാര്‍മിനാര്‍ പണിയപ്പെട്ടത്. അതിനു തറക്കല്ലിടുന്ന അവസരത്തിലും അദ്ദേഹം പ്രാര്‍ഥിച്ചു,
”അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നല്‍കേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകള്‍ക്ക് ഈ നഗരം തണലേകണമേ!” ചാര്‍മിനാറുകള്‍ പണിയാനുള്ള സുവര്‍ണ്ണാവസരങ്ങളാണ് കൊറോണാ നമുക്ക് നല്‍കിയിരിക്കുന്നതെന്നു ചിന്തിക്കുന്നതിലും തെറ്റില്ല!

Select your favourite platform