കുറ്റം ഒന്ന്, ശിക്ഷ മൂന്ന്

  • Episode 94
  • 29-11-2022
  • 10 Min Read
കുറ്റം ഒന്ന്, ശിക്ഷ മൂന്ന്

മുല്ലാ നസറുദ്ദിന്‍ ജഡ്ജിയായിരുന്ന കഥയുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ പരാതിക്കാരന്‍ പറയുന്നത് മുഴുവന്‍ കേട്ടു. ഊണിനു കോടതി പിരിയുന്നതിനു മുമ്പ് മുല്ലാ പറഞ്ഞു,
”ലഞ്ചിന് ശേഷം വിധി!” ഇത് കേട്ട് ബഞ്ച് ക്ലര്‍ക്കിനു ഞെട്ടല്‍. അയാള്‍ ചോദിച്ചു,
”സര്‍, പ്രതിയുടെ വിസ്താരം നടന്നില്ലല്ലോ!” മുല്ലാ പറഞ്ഞു.
”ഇപ്പം ക്ലിയറാണ്. അതുകൂടി കേട്ടാല്‍ ആകെ കണ്‍ഫ്യൂഷനാകും.”
നസറുദ്ദിന്‍ ജഡ്ജിയുടെ തീരുമാനം ഒട്ടും ശരിയായില്ലെന്ന് നമുക്കറിയാം. പക്ഷേ, പലപ്പോഴും അബദ്ധ തീരുമാനങ്ങളെടുക്കുമ്പോഴെങ്കിലും നാമോര്‍ക്കും, നസറുദ്ദിന്‍ മുല്ല തന്നെയായിരുന്നില്ലേ ശരിയെന്ന്. ഏതെങ്കിലും ഒരു വശത്തു ചേര്‍ന്നാല്‍പിന്നെ ആ വശം മാത്രമായിരിക്കുമല്ലോ നമ്മളെ സംബന്ധിച്ചിടത്തോളവും ശരി. എല്ലാവരിലുമുണ്ട് ഒരു നസറുദ്ദിനെങ്കിലും.
നസറുദ്ദിന്‍ മുല്ലായേക്കാളും കൊമ്പന്മാരുടെ കഥകളും കേട്ടിട്ടുണ്ട്. ഒരു ജ്യോതിഷന്‍ ആ രാജ്യത്തെ രാജ്ഞി മരിക്കുന്ന ദിവസം പ്രവചിച്ചു – ആ ദിവസം രാജ്ഞി മരിക്കുകയും ചെയ്തു. ഇതറിഞ്ഞ രാജാവ് അയാളെ വിളിപ്പിച്ചു. തന്നെ കൊല്ലുമെന്ന് അയാള്‍ക്കുറപ്പായിരുന്നു. രാജാവ് ചോദിച്ചു,
”താനെന്നാ മരിക്കുന്നതെന്നറിയുമോ?” അയാള്‍ പറഞ്ഞു,
”എന്നാണെന്നറിയില്ല; പക്ഷേ, അത് കഴിഞ്ഞു വരുന്ന മൂന്നാംനാള്‍ രാജാവും മരിക്കുമെന്നറിയാം.” ജീവനില്‍ കൊതിയുള്ള രാജാവ് ജ്യോതിഷനെ കൊല്ലാനിടയില്ലല്ലോ!ചിലരങ്ങനെയല്ല, രക്ഷപെടുകയുമില്ല, വഴിയേപോകുന്ന ശിക്ഷയും കൂടി തോട്ടികെട്ടി പിടിച്ചടുപ്പിച്ചെന്നുമിരിക്കും. ഒരു കള്ളന്‍ ഒരു കടയില്‍നിന്ന് ഒരു ചാക്ക് ഉള്ളി മോഷ്ടിച്ചു. സംഗതി ആരോ കണ്ടു – കള്ളനെ പിടിക്കുകയും ചെയ്തു. രാജാവയാളോട് പറഞ്ഞു.
”എന്ത് ശിക്ഷയാണ് നിനക്കിഷ്ടം? ഒന്നുകില്‍ നീ ഈ ഉള്ളി മുഴുവന്‍ തിന്നണം, അല്ലെങ്കില്‍ ചാട്ടയ്ക്ക് 50 അടികൊള്ളണം, ഇതൊന്നുമല്ലെങ്കില്‍ 25 വെള്ളിനാണയങ്ങള്‍ പിഴയടയ്ക്കണം.”
കള്ളന്‍ അല്പമൊന്നാലോചിച്ചു. പിന്നെ, ഉള്ളി തിന്നാന്‍ തീരുമാനിച്ചു. എട്ടുപത്ത് ഉള്ളി തിന്നു കഴിഞ്ഞപ്പോഴേയ്ക്കും, കണ്ണുകളെല്ലാം ചുവന്ന് കവിളുകളെല്ലാം വീര്‍ത്ത് ഒന്നിന്റെ പകുതികൂടിപ്പോലും തിന്നാന്‍ വയ്യാത്ത അവസ്ഥയായി. അവസാനം 50 അടി കൊണ്ടേക്കാമെന്നായി. സേവകര്‍ അയാളെ കെട്ടിയിട്ട് തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി. പത്തെണ്ണം കൊണ്ടപ്പോഴേയ്ക്കും കള്ളന് മനസ്സിലായി, പത്തെണ്ണംകൂടി കൊണ്ടാല്‍ ചത്തു പോയേക്കാമെന്ന്. അവസാനം കള്ളന്‍ പറഞ്ഞു, പിഴയടച്ചേക്കാമെന്ന്.

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എത്ര ശ്രദ്ധിക്കണമെന്ന് നോക്കുക! എന്തെങ്കിലും തീരുമാനിക്കുമ്പോള്‍ അപരന്റെ അഭിപ്രായം മുഴുവനായി എടുത്തേക്കാമെന്നു വച്ചാലെന്താ സംഭവിക്കുക?ഒരിക്കലൊരു സാധു, മിഠായിക്കട തുടങ്ങി. അയാള്‍ മുകളില്‍ ഒരു ബോര്‍ഡു വെച്ചു, ‘ഇവിടെ മധുരമുള്ള മിഠായികള്‍ കിട്ടും’. ഒരാള്‍ വന്നു ചോദിച്ചു, മിഠായികള്‍ക്ക് മധുരം കാണുമല്ലോ, അപ്പോള്‍ ‘മധുരമുള്ള’ എന്നെഴുതേണ്ടതുണ്ടോ? കടക്കാരന്‍ അത് മായിച്ചു. ബോര്‍ഡ്, ‘ഇവിടെ മിഠായികള്‍ കിട്ടു’മെന്നായി. അടുത്തയാള്‍ വന്നപ്പോള്‍ ‘ഇവിടെയെന്നു’ പ്രത്യേകം പറയേണ്ടതുണ്ടോ എന്നായി. പിന്നെ വന്നയാള്‍ ഇത് മിഠായിക്കടയാണെന്നു കണ്ടാലറിയാമല്ലോ, അപ്പോള്‍ ‘മിഠായി’യെന്ന് എഴുതേണ്ടതുണ്ടോയെന്നായി. അവസാനം ബോര്‍ഡില്‍ ‘കിട്ടും’ എന്നുമാത്രമായി. അടുത്തവന്‍ വന്നപ്പോള്‍, കൊടുക്കാനാണ് കട തുറന്നുവെച്ചിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നായി. അവസാനം ബോര്‍ഡ് മാത്രമായി.

അടുത്തവന്‍ വന്ന് ആകമാനം ഒന്ന് നോക്കിയിട്ട് കടക്കാരനോട് ചോദിച്ചു, ”എന്തിനാ ഇങ്ങനെയൊരു നല്ല ബോര്‍ഡ്, ഒന്നുമെഴുതാതെ വെച്ചിരിക്കുന്നത്? ‘ഇവിടെ മധുരമുള്ള മിഠായികള്‍ കിട്ടും’ എന്നെങ്കിലും എഴുതിക്കൂടെ?”
ഒരു തീരുമാനം എടുക്കുമ്പോള്‍ പലരോടും ആലോചിക്കുന്നത് നല്ലത്. പക്ഷേ, നിങ്ങളുടെ അഭിപ്രായമെന്നത് നിങ്ങളുടേത് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുക. അത് ഫലത്തില്‍ വലിയ വ്യത്യാസമുണ്ടാക്കും.

Select your favourite platform