മരിച്ചുപോയ ബുദ്ധന്മാര്‍!

  • Episode 78
  • 29-11-2022
  • 08 Min Read
മരിച്ചുപോയ ബുദ്ധന്മാര്‍!

പതിവിലേറെ മുഖം വീര്‍പ്പിച്ചാണ് അധ്യാപകനന്ന്, ലോ കോളേജിലെ തന്റെ ക്ലാസിലേക്ക് വന്നത്. വന്നപാടെ രൂക്ഷമായി ചുറ്റുമൊന്നു നോക്കേണ്ടതാമസം, ക്ലാസ് നിശ്ശബ്ദം! തുടര്‍ന്ന്, നോട്ടം മുന്‍നിരയിലെ ആദ്യത്തെ കസേരയിലിരുന്നവനോടായി.
”എന്താ നിന്റെ പേര്?” ഗൗരവം വിടാതെ, അധ്യാപകന്‍ ചോദിച്ചു.
”എന്റെ പേര് ജുവാനെന്നാണ് സാര്‍.” അവന്‍ മറുപടി പറഞ്ഞു.
”എത്രയും വേഗം നിന്റെ സാധനങ്ങളുമെടുത്ത് സ്ഥലം വിടുക. നിന്റെ മുഖം, ഒരിക്കല്‍ക്കൂടി കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല.” അധ്യാപകന്‍ പറഞ്ഞു.
ക്ലാസില്‍ ഒരു ശ്വാസം എടുത്താല്‍ പോലും കേള്‍ക്കാവുന്ന നിശ്ശബ്ദത. ജുവാനാകട്ടെ, കാര്യമൊന്നും മനസ്സിലായില്ലെങ്കിലും പുറത്തുപോവുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളു! കുട്ടികളാകെ അരിശംകൊണ്ട് ചുവന്നെങ്കിലും ആരും ഒന്നും മിണ്ടിയില്ല. അന്നദ്ദേഹം പൗരന്മാരുടെ അന്തസ്സിനെപ്പറ്റിയായിരുന്നു (dignity) ക്‌ളാസ്സെടുത്തത്.
”നമുക്ക് ക്ലാസ് തുടങ്ങാം. ഇത് സംബന്ധമായ നിയമങ്ങള്‍ കൊണ്ടെന്താണുദ്ദേശിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പലരും പ്രതികരിച്ചു,
”നീതി എല്ലാവര്‍ക്കും ലഭ്യമാവണം.” അധ്യാപകനും പറഞ്ഞു. അവസാനം, അധ്യാപകന്‍ ചോദിച്ചു,
”ഞാന്‍ ജുവാനോട് കാട്ടിയത് അനീതിയാണെന്ന് നിങ്ങള്‍ കരുതുന്നുവോ?”
”ഉവ്വ്, ഉവ്വ്.” ഒറ്റ സ്വരത്തില്‍ മറുപടി വന്നു. അധ്യാപകന്‍ ചോദിച്ചു,
”പിന്നെന്തുകൊണ്ട് നിങ്ങള്‍ അപ്പോള്‍ പ്രതികരിച്ചില്ല? നമുക്ക് പരിശീലിക്കാനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ നിയമങ്ങള്‍കൊണ്ടെന്തു പ്രയോജനം?” ഒന്ന് നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു,
”ഉടന്‍ പോയി ജുവാനെ വിളിച്ചുകൊണ്ടുവരിക.” നിയമം പരിശീലിക്കാനുള്ള ധൈര്യം ഇല്ലാതെപോയാല്‍ നിയമങ്ങള്‍ക്കു പ്രസക്തിയില്ലായെന്ന് ബോധ്യപ്പെടുത്താനായിരുന്നു, അധ്യാപകന്‍ ജുവാനെ പുറത്താക്കിയത്. ഇന്ന് ലോകം അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം ഇതല്ലേ?
ഒരു അതിശൈത്യകാലം, ഒരു സഞ്ചാരി സന്യാസി ബുദ്ധാശ്രമത്തില്‍ വരുന്നു. അവിടുത്തെ പുരോഹിതന്‍ വൈമനസ്യത്തോടെ ഗേറ്റു തുറന്നു. തുടര്‍ന്ന് സന്യാസിയോട് പറഞ്ഞു,
”ഇതൊരു വഴിയമ്പലമല്ല, ബുദ്ധക്ഷേത്രമാണ്, ഒരൊറ്റരാത്രി തങ്ങാന്‍ അനുവദിക്കുന്നു.” സന്യാസി, അത് സമ്മതിച്ച് ആ ക്ഷേത്രത്തിന്റ ഒരു കോണില്‍ തണുത്തുവിറച്ചിരുന്നു.
കുറേ രാത്രിയായപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും എന്തൊക്കെയോ ശബ്ദം കേട്ട് പുരോഹിതന്‍ ഓടിവന്നു. വിചിത്രമായ ഒരു കാഴ്ചയാണദ്ദേഹം കണ്ടത്. അവിടെ തീയെരിയുന്നു, സന്യാസി അതും കാഞ്ഞവിടെ ഇരിക്കുന്നു. പുരോഹിതനെ അരിശം പിടിപ്പിച്ചത്, ക്ഷേത്രത്തിലെ തടിയില്‍ കൊത്തിയെടുത്ത പ്രധാന ബുദ്ധവിഗ്രഹം കാണാനില്ലായിരുന്നുവെന്നതാണ്.
”നിങ്ങള്‍ക്കെന്താ ഭ്രാന്തു പിടിച്ചോ? ക്ഷേത്രത്തിലെ ബുദ്ധവിഗ്രഹമെവിടെ? നിങ്ങള്‍ കത്തിച്ചത് ബുദ്ധനെയാണ്.” അരിശംകൊണ്ട് പുരോഹിതന്‍ വിറയ്ക്കുകയായിരുന്നുവെന്നു പറയുന്നതാണ് ശരി. വിഗ്രഹത്തിന്റെ മുഴുവന്‍ തടിയും കത്തിത്തീര്‍ന്നിരുന്നില്ല. പതിയെ, സന്യാസി അയാളുടെ വടികൊണ്ട് തീയില്‍ ചികയാന്‍ തുടങ്ങി.
”നിങ്ങളെന്താണ് തപ്പുന്നത്?” പുരോഹിതന്‍ ചോദിച്ചു.
”ബുദ്ധന്റെ എല്ലുകള്‍!” സന്യാസി മറുപടി പറഞ്ഞു. പുരോഹിതന്‍ ആ സന്യാസിയെ അപ്പോള്‍ത്തന്നെ പുറത്താക്കി. ആശ്രമശ്രേഷ്ഠനോട് ഈ സംഭവം പുരോഹിതന്‍ വിവരിച്ചപ്പോള്‍, അദ്ദേഹം ചോദിച്ചത്,
”താങ്കളെന്തൊരു തല്ലിപ്പൊളി പുരോഹിതനാണ്; ബോധമുള്ളവരാരെങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യരേക്കാള്‍ മരിച്ചുപോയ ബുദ്ധന് പ്രാധാന്യം കൊടുക്കുമോ?” എന്നായിരുന്നു.
കലിയുഗം തന്നെ സംശയമില്ല! പക്ഷേ, ഇതിനുള്ളിലും ഉപചക്രങ്ങളുണ്ട് (sub-cycles). ഇപ്പോള്‍, അതിലെ സാത്വികാംശം പരമാവധിയിലേക്കു പോകുന്നു. മനുഷ്യരുടെ കാഴ്ച്ചപ്പാടുകളില്‍ കൂടുതല്‍ കൂടുതല്‍ വെളിച്ചം കയറുന്നു. വിശ്വാസികളുടെ യുക്തിപരമായ ചോദ്യങ്ങള്‍ക്ക് തക്കതായ ഉത്തരം പറയാന്‍ ഒരു മതത്തിനും ആവുന്നില്ല! രാഷ്ട്രങ്ങളാവട്ടെ, സ്വന്തം നിയമങ്ങള്‍ പരിശീലിക്കാനുള്ള ഇച്ഛാശക്തി പൗരന്മാര്‍ക്ക് നല്‍കുന്നുമില്ല. വെറുതെയല്ല, ഇന്ത്യാ മുഴുവന്‍ പരതിയാലും ഒരിന്ത്യാക്കാരനെ കിട്ടാനിടയില്ലെന്നു പറയപ്പെടുന്നത്. ജാതിയില്ലെന്ന് പറയുന്ന മതത്തിലുള്ളതു ജാതി മാത്രമായിരിക്കാം; ഓരോ ശ്വാസത്തിനും നവ്യമായ സ്‌നേഹത്തിന്റെ മണമുണ്ടായിരിക്കണമെന്നു നിര്‍ബന്ധിക്കുന്നതല്ലാതെ, ആ സാധനം എങ്ങനിരിക്കുമെന്നറിയുന്നവര്‍ ചുരുങ്ങും. എല്ലാ മതങ്ങളിലെയും സ്ഥിതിയിതാണ്.

Select your favourite platform