ഞാന്‍ മിടുക്കനാണ്

  • Episode 21
  • 29-11-2022
  • 10 Min Read
ഞാന്‍ മിടുക്കനാണ്

ഞാന്‍ മിടുക്കനാണ്/മിടുക്കിയാണ്, സാമാന്യം എല്ലാവരും അങ്ങനെ കരുതുന്നു. അങ്ങനെയൊരു ചിന്തയില്ലാതെ, സന്തോഷമായി ജീവിക്കാനും കഴിയില്ലല്ലോ! പക്ഷേ, അതിബുദ്ധിമാന്മാരും മുട്ടുമടക്കിയേക്കാവുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാവാം.

അതുപോലൊരെണ്ണം കണ്‍ഫ്യൂഷ്യസ് കോംഗ് ക്യൂ വിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ചൈനീസ് സഞ്ചാരി കണ്‍ഫ്യുഷ്യസിന്റെ കാര്യം തന്നെയാണ് ഞാന്‍ പറയുന്നത്. BC 551 നും BC 479 നും ഇടയ്ക്ക് ജീവിച്ചിരുന്ന വലിയൊരു ബുദ്ധിമാനായ പണ്ഡിതനായിരുന്നദ്ദേഹം. അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു. വളരെയേറെ ദേശങ്ങളില്‍ അദ്ദേഹം പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഒരു സഞ്ചാരവേളയില്‍, ഒരു ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍ രണ്ട് കുട്ടികള്‍ വഴക്കുകൂടുന്നത് കണ്ടു – പൊരിഞ്ഞ പോരാട്ടം. സ്വന്തം  അറിവിലും  ബുദ്ധിയിലും മതിപ്പുണ്ടായിരുന്ന അദ്ദേഹം, അടുത്തു ചെന്ന് വഴക്കിന്റെ കാരണം അന്വേഷിച്ചു. ഒരുത്തന്‍ പറഞ്ഞു,
”പ്രഭാതത്തിലാണ് സൂര്യന്‍ അടുത്തുവരുന്നതെന്ന് ഞാന്‍ തെളിയിച്ചിട്ടും ഇവന്‍ സമ്മതിക്കുന്നില്ല. അടുത്തായിരിക്കുമ്പോഴാണല്ലോ വസ്തു വലുതായി കാണുന്നത്?” ഇത് പറഞ്ഞുതീരുന്നതിനു മുമ്പേ അടുത്തവന്‍ ചാടിവീണു. അവന്‍ പറഞ്ഞു, ”അതെങ്ങനെ ശരിയാവും? ഉച്ചയ്ക്കല്ലേ ചൂട് കൂടുതല്‍? സൂര്യന്‍ അടുത്തായിരിക്കുമ്പോഴല്ലേ കൂടുതല്‍ ചൂടനുഭവപ്പെടുക?”
കണ്‍ഫ്യൂഷ്യസ്, താഴെയിറക്കി വെച്ച മാറാപ്പെടുത്തു തോളിലിട്ടിട്ട് ഒന്നും പറയാതെ നടന്നു പൊയ്ക്കളഞ്ഞു.മറ്റൊരു സംഭവം പറയാം. ഒരാശ്രമത്തില്‍ ഒരു ഗുരുവും കുറേ ശിഷ്യന്മാരും താമസിച്ചി രുന്നു. ശിഷ്യന്മാര്‍ക്ക് അറിവ് കൂടുതലെന്ന തോന്നലുണ്ടായോയെന്ന് ഗുരുവിനു സംശയം.
ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഗുരു കുടിലിന്റെ കോണില്‍ വെറുതെയിരുപ്പായി. പതിവ് പൂജകളുമില്ല, ഭക്ഷണവുമില്ല, ആരോടും മിണ്ടുന്നുമില്ല. ചോദിച്ചവരോട് നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതല്ല പ്രശ്‌നമെന്നായിരുന്നു ഗുരു പറഞ്ഞുകൊണ്ടിരുന്നത്. ഒരു ശിഷ്യന്‍ അടുത്തുകൂടി പറഞ്ഞു, എന്ത് പ്രശ്‌നമാണെങ്കിലും പരിഹാരമുണ്ടല്ലോയെന്ന്.
ഗുരു പറഞ്ഞു തുടങ്ങി,
”ഞാനിന്നലെയൊരു സ്വപ്നം കണ്ടു. അതില്‍, ഒരു പൂന്തോട്ടത്തില്‍ ഒരു ചിത്രശലഭമായി ഞാന്‍ പറന്നു നടക്കുന്നതായാണ് കണ്ടത്. സ്വപ്നത്തില്‍ കാണുന്നതെല്ലാം യഥാര്‍ഥമാണെന്നാണല്ലോ തോന്നുക. എന്റെ ഇപ്പോഴത്തെ പ്രശ്‌നം, ശരിക്കും ഞാനാരാണെന്നതാണ്. മനുഷ്യജീവിതം സ്വപ്നം കാണുന്ന ചിത്രശലഭമാണോ, ചിത്ര ശലഭമായിരുന്നെന്നു സ്വപ്നം കണ്ട മനുഷ്യനാണോ?”ഏതായാലും, ആ ചോദ്യത്തിനുത്തരം പറയാന്‍ ഒരു ശിഷ്യനും കഴിഞ്ഞില്ല, അറിവുണ്ടെന്നു ഭാവിക്കുന്നത് ശ്രദ്ധിച്ചു വേണമെന്ന് അവര്‍ക്കു മനസ്സിലായെന്ന് തോന്നിയപ്പോള്‍ ഗുരുജി നാടകം അവസാനിപ്പിക്കുകയും ചെയ്തു. സാധാരണ ജിവിതത്തില്‍, അമിത ആത്മവിശ്വാസം കൊണ്ടുണ്ടായേക്കാവുന്ന ക്ഷതത്തെയാണ് ഈ കഥകള്‍ സൂചിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക.

Select your favourite platform