പ്രചോദകരെ ആവശ്യമുണ്ട്

  • Episode 81
  • 29-11-2022
  • 08 Min Read
പ്രചോദകരെ ആവശ്യമുണ്ട്

അടുത്ത കാലത്ത്, ഒരു കൊച്ചു വീഡിയോ ക്‌ളിപ്പ് കണ്ടു – അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു പിറകിലുള്ള ഒരു കഥയായിരുന്നത്. കാറ്റിലും കടലിലും അപ്പാടെ തകര്‍ന്ന പാമ്പന്‍പാലം 46 ദിവസം കൊണ്ട് പുനര്‍നിര്‍മ്മിച്ച് രോമാഞ്ചമായ ഇ. ശ്രീധരനെന്ന 31 കാരന്റെ കഥയായിരുന്നത്. അസാധ്യമെന്നൊരു വാക്കുണ്ടോ? തീരെയില്ലായെന്നു വാദിക്കുന്ന ഇ. ശ്രീധരന്മാര്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്, എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നിട്ടുമുണ്ട്.

ബ്രോക്ലിന്‍ പാലം പണിത വാഷിങ്ടണ്‍ എന്ന എഞ്ചിനീയറുടെ ശരീരം അപകടത്തില്‍ അപ്പാടെ തളര്‍ന്നു പോയി. അനക്കാന്‍ കഴിയുന്ന ഒരൊറ്റ വിരല്‍ക്കൊണ്ട് ഭാര്യയുടെ കൈയ്ക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ എഴുതിക്കൊടുത്ത്, കടലിനക്കരെയെത്തുന്ന ആ അത്ഭുതം അയാള്‍ പണി തീര്‍ത്തു.

ഫ്രഞ്ച് ജേര്‍ണ്ണലിസ്റ്റായിരുന്ന ജീന്‍ ഡോമിനിക് ബോബി ഒരു സ്‌ട്രോക്കില്‍ പെട്ടു – അദ്ദേഹത്തിനു ചലിപ്പിക്കാമായിരുന്നത് ഒരു കണ്ണിമ മാത്രം. ഒരു സമയം ഒരക്ഷരം എന്ന കണക്കില്‍, ആ കണ്ണിമകൊണ്ടൊരു അക്ഷര കോഡുണ്ടാക്കി, അദ്ദേഹം രചിച്ചതാണ് “The Diving Bell and the Butterfly’ എന്ന പുസ്തകം. ഒരു കാലത്ത് യൂറോപ്പിലെ തന്നെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു, ഈ പുസ്തകം. ആര്‍ക്കെന്താണസാധ്യം?പ്രശ്‌നങ്ങളില്‍പ്പെട്ടു തകരുകയാണ്, ആധുനിക തലമുറ. എല്ലാത്തിനും എവിടെയും പ്രകൃതി ഒരു സാധ്യതയൊരുക്കിയിട്ടുണ്ടെന്ന് കാണാനും കരുതാനുമുള്ള ശേഷി മിക്കവര്‍ക്കുമില്ല. എല്ലാറ്റിനും ആരെയെങ്കിലും കുറ്റപ്പെടുത്താനാണ് നമുക്കു താല്‍പ്പര്യം – ചിലപ്പോള്‍ നമ്മെത്തന്നെയാവാം. ഞാന്‍ എണീറ്റുനിന്ന്, ആദരപൂര്‍വ്വം ശിരസ്സു നമിക്കുന്ന ഒരു ഭാരതീയ വനിതയുമുണ്ട് – ബേബി ഹല്‍ദാര്‍ എന്നാണവളുടെ പേര്.  വളരെ കഷ്ടപ്പാടുകളുടെ ഒരു ജീവിതമായിരുന്നവളുടേത്. പ. ബംഗാളില്‍നിന്ന് അവര്‍ ഹരിയാനയിലെ ഗര്‍ഗാവോണ്‍ എന്ന നഗരത്തിലെത്തി. റിട്ടയേര്‍ഡ് പ്രൊഫ. പ്രബോധ് കുമാറിന്റെ വീട്ടിലെ ജോലിക്കിടയില്‍, അദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഈ വേലക്കാരി മറിച്ചു നോക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം, ഏതു പുസ്തകം വേണമെങ്കിലും വായിക്കാനുള്ള അനുവാദം കൊടുത്തു. അവള്‍ തസ്ലീമ നസ്രീമിന്റെ ‘അമര്‍ മേയേ ബേല’യില്‍ തുടങ്ങി, ആശാ പൂര്‍ണ്ണാ ദേവിയിലൂടെ, മഹാശ്വേതാ ദേവിയും, ബുദ്ധദേബ് ഗുഹയെയും കടന്ന് മുന്നോട്ടുപോയി. പ്രൊഫ. കുമാര്‍ ഒരു ദിവസം ഒരു നോട്ട്ബുക്ക് അവളെ ഏല്‍പ്പിച്ചിട്ട്, എഴുതാന്‍ പറഞ്ഞു. ഇത് കേട്ട് അതിശയിച്ചു നിന്ന അവളോട് അദ്ദേഹം പറഞ്ഞു,
”നിനക്ക് എഴുതാന്‍ പറ്റും, നിനക്ക് നിന്നെക്കുറിച്ച് എഴുതാന്‍ കഴിയും. നിന്റെ കഥയോളം ഹൃദയസ്പര്‍ശിയായ ഒരു ആത്മകഥയുണ്ടാവില്ല.”
അവള്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ എഴുതി – Aalo Andhari (ബംഗാളി). 24 ഭാഷകളിലേക്ക് തര്‍ജമചെയ്യപ്പെടുകയും അനേകം അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും, നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ഒരു പുസ്തകമാണത്. തൊട്ടുപിന്നാലെ വന്നു, അവളുടെ Eshast Rupantar (ബംഗാളി). അവള്‍ ഇന്നും എഴുതിക്കൊണ്ടേയിരിക്കുന്നു. ആ പ്രൊഫസ്സര്‍ പറഞ്ഞ ഒരു വാക്ക് വരുത്തിയ വ്യത്യാസം കണ്ടോ? സ്വയം മാറാന്‍ കഴിഞ്ഞില്ലെങ്കിലും പലരേയും മാറ്റാന്‍ നിങ്ങള്‍ പറയുന്ന ഒരു വാക്കിനോ, നല്‍കുന്ന പ്രചോദനത്തിനോ കഴിയുമെന്നു മറക്കരുത്.

Select your favourite platform