ഒരു ചാട്ടത്തിന്റെ കഥ

  • Episode 38
  • 29-11-2022
  • 08 Min Read
ഒരു ചാട്ടത്തിന്റെ കഥ

രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയി ലങ്കയിലെത്തിച്ചു. വാനരന്മാരെല്ലാം കൂടിയാലോചന തുടങ്ങി, ആര്‍ക്കാണ് കടല്‍ കടന്ന് സീതയുടെ പക്കല്‍ രാമനുവേണ്ടി ദൂത് പോവാന്‍ കഴിയുക. 100 യോജന ചാടുകയെന്നത് എളുപ്പമല്ല. പലരും തങ്ങള്‍ക്കു ചാടാവുന്ന ദൂരത്തിന്റെ അളവ് പറഞ്ഞു – ഒന്നും അടുത്തു വരുന്നില്ല. ഹനുമാന്‍ കാര്യമായി ഒന്നും പറയാതിരിക്കുകയാണ്. സാക്ഷാല്‍ പരമശിവന്‍ ആഞ്ജനേയയെന്ന ശാപഗ്രസ്തയായ അപ്‌സരസ്സിലൂടെ അവതാരമെടുത്തതാണ് ആഞ്ജനേയന്‍ എന്നാണല്ലോ കഥ. ഏതായാലും കടല്‍ ചാടാനുള്ള ആ പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യവുമായി. ബാലിവധത്തിനു ശേഷം, തന്റെ പിണിയാളുകളെ ദൂത് വിടാമെന്ന് കരുതിയിരുന്ന സുഗ്രീവനും നിരാശനായി. അങ്ങനെയിരിക്കെ, ജാംബവന്‍ ഹനുമാനോടൊരു കാര്യം പറഞ്ഞു,
”നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്? നിനക്കു 100 യോജന ചാടാന്‍ കഴിയില്ലെന്ന് കരുതുന്നുണ്ടോ?” ഹനുമാന്‍ അപ്പോഴും കാര്യമായി പ്രതികരിക്കാതിരുന്നപ്പോള്‍ ജാംബവന്‍ ഹനുമാനോട് പറഞ്ഞു,
”ആഞ്ജനേയാ, നിന്നെ പ്രസവിച്ചു കഴിഞ്ഞു ശാപമോക്ഷവും നേടി മടങ്ങാന്‍ തുടങ്ങിയപ്പോള്‍, നീ എന്താണു ഭക്ഷിക്കേണ്ടതെന്ന് അമ്മയോടു ചോദിച്ചതിനു മറുപടിയായി, നല്ല ചുവന്നു തുടുത്ത പഴങ്ങള്‍ കഴിച്ചോളാന്‍ അമ്മ പറഞ്ഞത് ഓര്‍മ്മ കാണുമല്ലോ? തുടര്‍ന്ന്, സൂര്യനെ കണ്ടപ്പോള്‍ ചുവന്നു തുടുത്ത പഴമാണെന്നു കരുതി നീ ഒരു ചാട്ടം ചാടിയത് ഓര്‍മ്മയുണ്ടോ? അന്ന്, ഇന്ദ്രന്‍ വന്ന് വജ്രായുധം കൊണ്ട് നിന്നെ പ്രഹരിച്ചപ്പോളാണ് നിന്റെ  താടിയെല്ലില്‍ (ഹനുവില്‍) ക്ഷതം സംഭവിച്ചത്. നിനക്ക് ചാടാന്‍ കഴിയും, നൂറല്ല ഇരുന്നൂറു യോജനകളും!” ഇത് കേട്ടപ്പോള്‍ ഹനുമാന്‍ എണീറ്റു നിന്ന് പറഞ്ഞത്രേ,
”ഞാന്‍ ചാടാം.” ഹനുമാന്‍ ചാടുകയും ചെയ്തു.
പുതു തലമുറ ഇങ്ങനെയാണ്; നൂറു ശതമാനം ആലോചനയുണ്ട്, ഒരു ശതമാനംപോലും പ്രവൃത്തിയില്ല. എന്തുകൊണ്ടിതു സംഭവിക്കുന്നു? അവരെക്കൊണ്ട് പലതും ആകുമെന്ന് അവരെ ഓര്‍മ്മിപ്പിച്ചുകൊടുക്കുന്ന അല്ലെങ്കില്‍ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന നായകന്മാര്‍ നമുക്കില്ല! ഒരു ജാംബവനാകാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക!

Select your favourite platform