കുറ്റവും ശിക്ഷയും

  • Episode 65
  • 29-11-2022
  • 10 Min Read
കുറ്റവും ശിക്ഷയും

രാകേഷ് മിറ്റല്‍ IAS എന്ന U P കേഡറിലുണ്ടായിരുന്ന സാത്വികനായ ഒരു  ഓഫീസറെപ്പറ്റി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഏതു സാഹചര്യത്തില്‍ നിന്നായാലും, എന്ത് പഠിക്കാന്‍ കഴിയുമെന്നതിനെപ്പറ്റിയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത. റൂര്‍ക്കി IIT യില്‍ പഠിക്കുന്ന അവസരത്തിലുണ്ടായ ഒരു സംഭവം അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ഹോസ്റ്റല്‍ മുറിയില്‍ കൂട്ടൂകാരുമൊത്ത് ലേശം പണം വെച്ചുള്ള ചീട്ടുകളിയിലായിരുന്നദ്ദേഹം. കളിയൊന്നു മുറുകിയപ്പോള്‍, ഇതാ ഡീന്‍ മുന്നില്‍! എവിടംവരെയെത്തും ശിക്ഷയെന്നേ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നുള്ളു. ഡിസിപ്ലിനു മാത്രമായി 100 മാര്‍ക്കുകള്‍ ലഭിക്കുന്ന കാലമായിരുന്നത്. ഹോസ്റ്റലില്‍ നിന്നുവേണമെങ്കിലും പുറത്താക്കാം – കോളേജില്‍ നിന്നുള്ള സസ്‌പെന്‍ഷനിലും എത്താം. പക്ഷെ, ഡീന്‍ യാതൊന്നും മിണ്ടാതെ മടങ്ങി പോവുകയാണുണ്ടായത്.

എന്തുകൊണ്ടദ്ദേഹം അവരെയന്ന് ശിക്ഷിച്ചില്ല? 30 ലേറെ വര്‍ഷം കഴിഞ്ഞപ്പോള്‍, ഡല്‍ഹിയില്‍ വെച്ച് നടന്ന IIT പൂര്‍വവിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനത്തില്‍ ഈ ഡീനും ഉണ്ടായിരുന്നു. സൗഹൃദമൊക്കെ പുതുക്കിയിട്ട് രാകേഷ് മിറ്റല്‍ IAS, ഡീനിനോടൊരു ചോദ്യമാണ്, ”അന്നെന്തുകൊണ്ട് അങ്ങ് ഞങ്ങളെ ശിക്ഷിച്ചില്ല?” ഒരു ചെറിയ മറുപടിയാണദ്ദേഹം പറഞ്ഞത്.
”ചിലപ്പോള്‍ ശിക്ഷയില്ലാതിരിക്കുന്നത് ശിക്ഷിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും.” ചിലപ്പോഴൊക്കെ, തിന്മകളെ സമൂലം മായിച്ചു കളയാനുള്ള ശേഷി ക്ഷമയ്ക്കുണ്ട്. എങ്കിലും, അത് കൂടുതല്‍ തെറ്റിലേയക്ക് വീഴ്ത്താനുള്ള ഒരു കാരണമാകാമെന്നുള്ള നിരീക്ഷണവും പൂര്‍ണ്ണമായും തെറ്റല്ല. പക്ഷേ, ആത്മാര്‍ഥമായ പശ്ചാത്താപത്തിലേയ്ക്ക് ആരെയും നയിക്കാന്‍ ഉചിതസമയത്തുള്ള ക്ഷമയ്ക്കു കഴിയും. ക്ഷമിയ്ക്കല്‍ എന്നത് തെറ്റുമായി അനുരഞ്ജനപ്പെടുകയാണെന്ന് ചിന്തിക്കുന്നതും ശരിയല്ല.

ക്ഷമിക്കലിനെ കരുണയുമായും കൂട്ടിക്കുഴയ്ക്കരുത്.  ഒരാളോട് ക്ഷമിക്കാതെ തന്നെ കരുണ തോന്നി ശിക്ഷ ഇളവ് ചെയ്യപ്പെട്ടേക്കാം. ക്ഷമയെന്നു പറയുമ്പോള്‍ ദ്രോഹിച്ചവനോടുള്ള മനോഭാവത്തില്‍ വ്യത്യാസവും വന്നിരിക്കണം. ഒരാള്‍ ചെയ്ത ദ്രോഹത്തിന്റെ വേദനയില്‍ നിന്നൊരാള്‍ മോചിക്കപ്പെടാന്‍, നീതി നടപ്പാക്കുന്നതും ആവശ്യമായി വന്നേയ്ക്കാം. നീതി നടപ്പാക്കുന്നതിന് പകരമല്ല ക്ഷമ വേണ്ടത്, പകരം, അതിനോട് ചേര്‍ന്നായിരിക്കണം ക്ഷമയും വരേണ്ടത്.

Select your favourite platform