മത്സരങ്ങളുടെ തത്വശാസ്ത്രം

  • Episode 20
  • 29-11-2022
  • 10 Min Read
മത്സരങ്ങളുടെ തത്വശാസ്ത്രം

കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബെല്‍ മുത്തായും സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണാണ്ടസും, നവാരയിലെ ബാരലാഡായില്‍ വെച്ച് നടന്ന ഒരു ക്രോസ്സ് കണ്‍ട്രി ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു – 2012 ഡിസംബര്‍ 2 ന്. ഫിനിഷിങ് ലൈനിന്റെ അടയാളം തിരിച്ചറിയുന്നതില്‍ വന്ന ആശയക്കുഴപ്പം കാരണം താന്‍ ഒന്നാമതെത്തിയെന്നു ആബെല്‍ മുത്തായ് കണക്കാക്കി, 10 മീറ്ററുകള്‍ക്കു മുമ്പേ ഓട്ടം അവസാനിപ്പിച്ചു.
എന്നാല്‍, അദ്ദേഹത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണാണ്ടസ്, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി ഓട്ടം തുടരാന്‍ കെനിയക്കാരനോട് ആക്രോശിക്കാന്‍ തുടങ്ങി. എന്നാല്‍, ആബെല്‍ മുത്തായ്ക്ക് സ്പാനിഷ് ഭാഷ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ഇത് കണ്ട ഇവാന്‍, ആബെല്‍ മുത്തായിയെ പിറകില്‍ നിന്ന് തള്ളി ഫിനിഷിങ് ലൈനില്‍ എത്തിച്ചു. ഇതേ ഇവാന്‍ ഫെര്‍ണാണ്ടസാണ്  1994 ലെ യൂറോപ്യന്‍ മാരത്തോണിലും 1995ലെ ലോക മാരത്തോണിലും കിരീടം ചൂടിയത്. പത്രപ്രവര്‍ത്തകര്‍ ഇവാനോട് ചോദിച്ചു,
”താങ്കള്‍ എന്തിനാണ് ആ കെനിയക്കാരനെ വിജയത്തിലേക്കു തള്ളിവിട്ടത്? അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഈ വിജയം താങ്കളുടേത് ആകുമായിരുന്നില്ലേ?” ഇവാന്‍ ഈ ലോകത്തോട് ലോകത്തോട് രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു.
”വിജയത്തിന്റെ പാതയില്‍ ആയിരുന്ന അയാളുടെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എന്ത് യോഗ്യതയാണുള്ളത്? അങ്ങനെ നേടുന്ന ഈ മെഡലിന് എന്ത് ബഹുമതി ഉണ്ടാകും?”
പാശ്ചാത്യ ചിന്തകരായ ഷെലിങ്ങ് പ്രകൃതി എന്നും, ഫ്രെയ്ഡറിച്ച് ഹെഗല്‍ നിരപേക്ഷ പ്രത്യയമെന്നും, തോമസ് ഹില്‍ ഗ്രീന്‍ അപരിച്ചിഹ്ന ചൈതന്യം എന്നുമൊക്കെ വിശേഷിപ്പിക്കുന്ന പരമസത്യത്തിലെത്തിച്ചേരാന്‍ എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നു ഭാരതീയര്‍ വളരെ സൂക്ഷ്മമായി നിര്‍വചിച്ചിട്ടുണ്ട്. ഇന്ന് നാം അതില്‍ നിന്നെല്ലാം മാറി – മത്സരമാണെങ്ങും, എവിടെയും. വളരുന്നതിനനുസരിച്ച്, മത്സരങ്ങളും കടുത്തുകൊണ്ടിരിക്കുന്നു. ‘സത്യം ആര്‍ക്കും ഭാഗ്യം കൊണ്ടുവരില്ല’ എന്ന ജീന്‍ ജാക്വേസ് റൂസ്സോയുടെ ഉദ്ധരണിയാണെന്നു തോന്നുന്നു, പലരെയും ചിന്തിപ്പിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദ് എന്നൊരു ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയുടെ പ്രസിദ്ധമായ ഒരുദ്ധരണിയുണ്ട്. അതിങ്ങനെ, ”അപരന്‍ നിങ്ങളെക്കാള്‍ നന്നായി ചെയ്യുന്നുണ്ടോയെന്ന് നിങ്ങള്‍ നോക്കണ്ട. ഓരോ ദിവസവും നിങ്ങളുടെ റെക്കോര്‍ഡ് നിങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുക; കാരണം, വിജയമെന്നത് നീയും നീയും തമ്മിലുള്ള പോരാട്ടമാണ്.” ഇന്ന്, കുട്ടികള്‍ ചെറുപ്പത്തിലേ പഠിച്ചിരിക്കേണ്ട ഒരു പാഠമാണ് മത്സരങ്ങളുടെ ഈ തത്വശാസ്ത്രം.
ഒരു യുവാവ് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൃഷിയിടത്തിലെ തറവാട്ടു വീട്ടില്‍ ഒരുമാസം ചെലവിട്ടു. യാതൊരു പുതുക്കലും ആ വീട്ടില്‍ ദീര്‍ഘകാലമായി ആരും ചെയ്തിരുന്നില്ല. വീടിന്റെ തൊട്ടുമുമ്പിലുള്ള കിണറില്‍നിന്നായിരുന്നു വെള്ളം – അതാവട്ടെ, ഒരിക്കലും വറ്റുമായിരുന്നില്ല. പതിയെ, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയൊരു വീടയാള്‍ പണിതു. അതിനോടു ചേര്‍ന്ന് പുതിയൊരു കിണറും ഉണ്ടാക്കി. പഴയ കിണര്‍, ഒരു അടപ്പുണ്ടാക്കി അയാള്‍ മൂടി സൂക്ഷിക്കുകയും ചെയ്തു.
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, പഴയ തറവാട്ടു കിണറിന്റെ സ്ഥിതിയറിയാന്‍ അയാള്‍ തീരുമാനിച്ചു. ആ കിണറ്റിലുണ്ടായിരുന്ന തണുത്ത രുചിയേറിയ വെള്ളവും, വറ്റാത്ത ഉറവകളുമെല്ലാം അയാള്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു. കിണറിന്റെ മൂടി തുറന്നപ്പോള്‍ അയാള്‍ സ്തംഭിച്ചു പോയി. മഴക്കാലമായിരുന്നിട്ടും, ആ കിണര്‍ പ്രായേണ വറ്റിയിരുന്നു. ജോണ് സാന്‍ഫോര്‍ഡാണ് ഈ കഥ പറഞ്ഞത്.

മണ്ണിനടിയിലൂടെ ഒഴുകിക്കൊണ്ടിരുന്ന അനേകം കുഞ്ഞു കുഞ്ഞു നീര്‍ച്ചാലുകള്‍ ചേര്‍ന്നപ്പോഴായിരുന്നല്ലോ ഈ കിണര്‍ സദാ നിറഞ്ഞുനിന്നത്. വെള്ളം എടുക്കപ്പെടാതെ വന്നപ്പോള്‍, ഈ ചാലുകളില്‍ പൊടിയും ചെളിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടയപ്പെട്ടു.

ബാരലോഡായിലേത് ഒരൊറ്റപ്പെട്ട സംഭവമല്ല. ഉള്ളില്‍ സഹഭാവത്വത്തിന്റെ അരൂപി ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്തു കാര്യം? സദാ അവ ഉന്മേഷത്തോടെയായിരിക്കാന്‍ നാമനുവദിക്കുന്നി ല്ലെങ്കില്‍, ആ തറവാട്ടു കിണറിന്റെ അനുഭവമായിരിക്കും ഓരോ വ്യക്തിത്വത്തിനും സംഭവിക്കുക. പ്രായോഗിക ജീവിതത്തിലെ പരീക്ഷണങ്ങളില്‍ വിജയിക്കാത്ത രാസക്കൂട്ടുകള്‍ കൊണ്ട് ആര്‍ക്കെന്തു പ്രയോജനം? നമ്മുടെ കുട്ടികളെ, അവരും അപരനും തമ്മിലെന്നതിന് പകരം, ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞത് പോലെ, അവരും അവരും തമ്മില്‍ മത്സരിക്കാന്‍ നമുക്ക് പഠിപ്പിക്കാം.

Select your favourite platform