ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ഉപദേശത്തെപ്പറ്റി പറഞ്ഞത്, ”ബുദ്ധി യുള്ളവര്‍ക്കതാവശ്യവുമില്ല, ബുദ്ധിയില്ലാത്തവരത് എടുക്കുകയുമില്ലെ”ന്നാണ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കയിലെ ഒരു ബഹുമുഖ പ്രതിഭയായിരുന്നദ്ദേഹം – എഴുത്തുകാരന്‍, ഗവേഷകന്‍, കണ്ടുപിടുത്തക്കാരന്‍, നയതന്ത്രജ്ഞന്‍ …. അത്രയും പരിചയ സമ്പന്നനായിരുന്നതുകൊണ്ടാണ്, ഈ ഫിലാഡല്‍ഫിയാക്കാരന്റെ അഭിപ്രായം ഞാനിവിടെ കുറിച്ചത്.
പ്രപഞ്ചത്തിന്റെ ഒഴുക്കില്‍ സംഭവിക്കേണ്ടത് മാത്രമെ സംഭവിക്കുന്നുള്ളൂവെന്നും, ആയിരിക്കുന്നതിനെ അതായിരിക്കുന്നതു പോലെ അംഗീകരിക്കുകമാത്രമേ നാം ചെയ്യേണ്ടതുള്ളൂവെന്നുമുള്ള തിരിച്ചറിവ് വലിയൊരു മുതല്‍ക്കൂട്ടാണ്. മദ്യപനെ അംഗീകരിക്കുകയെന്നാല്‍ അവനോടൊപ്പം ഷാപ്പില്‍ പോയിരുന്ന് മദ്യപിക്കുകയെന്നല്ല, പകരം അവനുംകൂടി ചേരുന്ന വ്യത്യസ്തതയാണ് ഈ പ്രപഞ്ചത്തിന്റെ ഭംഗിയെന്ന് കണ്ടെത്തുകയാണ്. കരിമ്പിനുള്ള വളം കാഞ്ഞിരത്തിനിട്ടതുകൊണ്ട് അതിന്റെ കയ്പ് മാറുമോ? സസ്യങ്ങളുടെ കാര്യം പറഞ്ഞതുപോലെയാണ് മനുഷ്യരും. ആരെയും ഉപദേശിച്ച് മാറ്റാമെന്ന് ഞാന്‍ കരുതുന്നില്ല അവനവന്‍ നിശ്ചയിക്കാതെ. വെളിച്ചം മാത്രമായിരുന്നാലും ഇരുള് മാത്രമായിരുന്നാലും ആരെയും കാണാനും കഴിയില്ല, ആരുടെയും ചിത്രമെടുക്കാനും കഴിയില്ല. ഇവിടെ എല്ലാം വേണം; ഓരോന്നും അതതിനു നിശ്ചയിക്കപ്പെട്ടിട്ടുള്ള കര്‍മ്മം ചെയ്യുക. ഗുരുക്കന്മാര്‍ ഉപദേശിക്കാറുണ്ട്, പക്ഷേ അതവരെ തേടിയെത്തുന്നവരോടാണെന്ന വ്യത്യാസമുണ്ട്. അവരാരും ലോകത്തു നടക്കുന്നതിനോടെല്ലാം അപ്പപ്പോള്‍ പ്രതികരിക്കാറില്ല. മാത്രമല്ല, കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും ഗ്രഹിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നല്ല ബോധ്യമുള്ളവരുമാണവര്‍.
ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ള സംഗീതജ്ഞരുടെയും ഉപകരണവിദഗ്ധരുടെയും മാത്രമായ ഒരു മേളയുടെ ഉദാഹരണം ഒരിക്കല്‍ ഗുരുമുഖത്തുനിന്നും ഞാന്‍ കേട്ടു. ഒരുത്തന്‍ ജയ്‌ഹോ പാടുന്നു, അപരന്‍ ജനഗണമനയ്ക്കുള്ള സംഗീതം വായിക്കുന്നു, അടുത്തവന്‍ വന്ദേമാതരത്തിനുള്ള താളം … ഓരോരുത്തരും അവരവര്‍ക്ക് അവാര്‍ഡ് കിട്ടിയ ഇനമാണ് ഒരേസമയം അവതരിപ്പിക്കുന്നത്. അങ്ങനെ മുന്നോട്ടുപോയാല്‍ അതിനെ ‘ശുദ്ധ അലമ്പ്’ എന്നല്ലാതെ നാമെന്താ വിളിക്കുക? അവനവന് കല്‍പ്പിച്ചുനല്‍കിയ കഥാപാത്രത്തെ ഓരോരുത്തരും അവതരിപ്പിക്കുക. സോഷ്യല്‍ മീഡിയയിലൂടെ ഉപദേശങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ഉപദേശങ്ങളുടെയും ഉപദേശികളുടേയും കാര്യം പറയുമ്പോള്‍ ഒരു വിളക്കിന്റെ കഥ ഞാനോര്‍ക്കും.
ഒരു രാത്രിയില്‍ വിളക്കുമായി ഒരാള്‍ നടന്നു പോകുകയായിരുന്നു. അയാള്‍ക്ക്‌നേരേ, വിളക്കില്ലാതെ വന്ന ഒരുവനോട് അയാള്‍ പറഞ്ഞു,
”സ്‌നേഹിതാ, വിളക്കെടുത്തോളൂ ഞാന്‍ വീടെത്താറായി.” വിളക്കില്ലാതെ വന്നവന്‍ മറുപടിയായി ഇങ്ങനെ പറഞ്ഞൂ,
”കാണിച്ച ദയയ്ക്ക് നന്ദി, പക്ഷേ എനിക്കതുകൊണ്ട് ഒരു പ്രയോജനവുമില്ല, ഞാന്‍ അന്ധനാണ്.” വിളക്കുമായി വന്നവന്‍ നിര്‍ബന്ധം തുടര്‍ന്നു,
”സാരമില്ല, വിളക്കില്ലാതെ ആരെങ്കിലും വന്നാല്‍ പരസ്പരം കൂട്ടിയിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും, വിളക്കെടുത്തോളൂ.” അങ്ങനെ അന്ധന്‍ വിളക്കുമായി യാത്ര തുടര്‍ന്നു. കുറച്ചേറെ മുന്നോട്ടു നടന്നപ്പോള്‍ മറ്റൊരാള്‍ എതിരെ വരുന്ന ശബ്ദം കേട്ട്, അന്ധന്‍ അയാളോട് പറഞ്ഞു,
”സ്‌നേഹിതാ, എനിക്കീ വിളക്കുകൊണ്ട് ഒരു പ്രയോജനവുമില്ല, ഞാന്‍ അന്ധനാണ്. താങ്കള്‍ ഇതെടുത്തോളൂ.”
”ഓ.. നന്ദി! പക്ഷേ, സ്‌നേഹിതാ അണഞ്ഞുപോയ വിളക്കുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം? മാത്രവുമല്ല, പ്രഭാതമായിട്ട് തന്നെ ഏറെ നേരമായിരിക്കുന്നു!” ആവശ്യമില്ലാവര്‍ക്കും അസമയത്തും കൊടുക്കുന്ന ഉപദേശത്തിന് സംഭവിക്കുന്നതാണ് ഈ വിളക്കിന്റെ കഥ പറയുന്നത്.