സന്ദേശങ്ങള്‍ വരുത്തുന്ന മാറ്റം

  • Episode 8
  • 28-11-2022
  • 08 Min Read
സന്ദേശങ്ങള്‍ വരുത്തുന്ന മാറ്റം

നമ്മുടെ മുന്‍ പ്രസിഡണ്ടായിരുന്ന ബഹു. A P J അബ്ദുള്‍ കലാം പറഞ്ഞ ഒരു  കഥയാണിത്. നാം പറയുന്നതും എഴുതുന്നതും ചിന്തിക്കുന്നതുമൊക്കെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് എത്ര പ്രധാനമാണെന്നു കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
2008 ഫെബ്രുവരി അവസാനം ഇസ്രായേല്‍ സന്ദര്‍ശിച്ചു മടങ്ങിവന്നപ്പോള്‍, ഇന്ത്യന്‍ മീഡിയായെപ്പറ്റി വളരെ ദുഃഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. അന്നത്തെ ഒരു ഇസ്രായേല്‍ പത്രത്തിന്റെ തലക്കെട്ടില്‍, മരുഭൂമിയുടെ ഒരു ഭാഗം മലര്‍വാടിയാക്കി മാറ്റിയ ഒരു യഹൂദനെപ്പറ്റിയുള്ള വാര്‍ത്തയായിരുന്നു. അബ്ദുള്‍ കലാം സാറിനെ ചിന്തിപ്പിച്ചത്, ആ ദിവസവും പലസ്തീന്‍കാരുമായി രൂക്ഷ യുദ്ധം അതിര്‍ത്തിയില്‍ നടക്കുകയായിരുന്നു എന്നതാണ്. ഈ  നാട്ടിലും ശ്രദ്ധേയമായ എന്തെല്ലാം കാര്യങ്ങള്‍ നടക്കുന്നു.  സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കുമുതകുന്ന ക്രിയാത്മക സന്ദേശങ്ങള്‍ നല്‍കുന്നതിനു പകരം, നമ്മുടെ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ. സമൂഹത്തെ സ്‌നേഹിക്കുന്നവരുടെ കണ്ണുകള്‍ നിറയും.

അടുത്ത ദിവസം, ഒരു റ്റിവി ചാനലില്‍ രാവിലത്തെ വാര്‍ത്ത കളുടെയിടയില്‍, ഏതാണ്ട് രണ്ടു മിനിറ്റ് പ്രക്ഷേപണം നടത്തിയത്, യാതൊരുപകാരവുമില്ലാത്ത ഒരു വാര്‍ത്തയായിരുന്നു. ഇത് കണ്ടുകൊണ്ടിരുന്നത് പതിനായിരം ആളുകളായിരുന്നെന്നു കരുതുക. 10,000 X 2 = 20,000 മിനിറ്റുകള്‍ = 333.33 മണിക്കൂറുകള്‍ = 416 പ്രവൃത്തി ദിനങ്ങള്‍!! ആര്‍ക്കും ഉപകാരപ്പെടാതെ പാഴാക്കിക്കളഞ്ഞതാണിത്.
മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന് കാരണമായ ഘടകങ്ങളില്‍ ഒന്ന് എഴുത്തുകാരും മാധ്യമങ്ങളും ആയിരുന്നുവെന്ന് പഠിച്ചത് ഞാനോര്‍ക്കുന്നു. അബ്ദുള്‍ കലാം സാര്‍ പറയുന്നതുപോലെ, ഇസ്രാ യേലുകാര്‍ മാത്രമല്ല മാധ്യമങ്ങളെ ക്രിയാത്മകമായി  ഉപയോഗിച്ചിട്ടുള്ളത്. 1901 നവംബറില്‍, മൊണ്ടാനയില്‍ നിന്നുള്ള Amateur Work എന്ന പ്രസിദ്ധീകരണത്തില്‍ എങ്ങനെ ഇലക്ട്രോമാഗ്‌നറ്റിക് സിഗ്‌നലുകളെ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി വിശദമായ ഒരു ലേഖനമുണ്ടായിരുന്നു. റേഡിയോ എന്ന പദം ഉപയോഗത്തില്‍ വന്നത് 1910 ലാണ്. ഈ സംവിധാനം മാര്‍ക്കോണി പ്രദര്‍ശിപ്പിച്ചത് 1901 ലും. 1906 ല്‍ ഇതേ മാസിക, മസ്സാച്ചുസെറ്റില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ കോഴിക്കൂടുകള്‍ ട്രാന്‍സ്മിറ്ററുകളാക്കി മാറ്റി 8 മൈല്‍ അകലെനിന്ന് പരസ്പരം ആശയവിനിമയം നടത്തിയ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. റേഡിയോനിലയമുള്ള ആദ്യത്തെ കപ്പലായിരുന്ന ടൈറ്റാനിക്, 1912 ല്‍ മുങ്ങിയപ്പോള്‍, അതില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന 2000ലേറെ സ്വകാര്യ റേഡിയോ സ്‌റ്റേഷനുകള്‍ ലോകത്തുണ്ടായിരുന്നു. ആ മാസികയുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ കുറഞ്ഞൊരു കാലഘട്ടത്തിനുള്ളില്‍ വരുത്തിയ മാറ്റം അത്ര വലുതായിരുന്നു.

കൊളറാഡോ വനത്തിന്റെ പുറത്തരുകില്‍ ഒരു ഭീമന്‍ മരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കിടക്കുന്നു. ഗവേഷകര്‍ പറയുന്നത്, 400 വര്‍ഷങ്ങളായി അതവിടെ ഉണ്ടായിരുന്നെന്നാണ്. ആ മരത്തിന്റെ ചരിത്രത്തില്‍ പറയുന്നത്, 15 പ്രാവശ്യം അതിന് ഇടിമിന്നലേറ്റിട്ടുണ്ടെന്നും, നിരവധി തവണ മണ്ണിടിച്ചിലിന്റെ ആഘാതത്തില്‍ പെട്ടിട്ടുണ്ടെന്നുമാണ്. എല്ലാത്തിനേയും ഈ കൂറ്റന്‍ മരം അതിജീവിച്ചു. അവസാനം, ഒരുതരം വെണ്‍ചിതലിന്റെ ആക്രമണത്തില്‍ ഇത് പെടുകയും, തകര്‍ന്നു വീഴുകയും ചെയ്തു. ചിതല്‍ ഉള്ളില്‍ കയറി അതിന്റെ കാതലാണ് കാര്‍ന്നുകൊണ്ടിരുന്നത്. മാധ്യമങ്ങളുടെ അലസത സമൂഹത്തില്‍ വരുത്തിയേക്കാവുന്ന തകര്‍ച്ചയുടെ സ്വഭാവം ഇതിനോടുപമിക്കാം. എല്ലാം തകര്‍ന്നു വീഴുമ്പോഴേ നാമതറിയാനിടയുള്ളു. ഡെയില്‍ കാനഗി (Dale Carnegie) എന്ന വ്യക്തിത്വവികസന തന്ത്രങ്ങളുടെ ഉസ്താദ്, വളരെ സാധാരണയായി പറയുന്ന കഥയാണിത്. അദ്ദേഹം ചിതലെന്നു പറയുമ്പോള്‍, സ്വഭാവവൈകല്യങ്ങള്‍ എന്നാണുദ്ദേശിക്കുന്നതെന്നു മാത്രം.
നാം പറയുന്ന ഓരോ വാക്കും, മനസ്സില്‍ താലോലിക്കുന്ന ഓരോ ചിന്തയും, ചെയ്യുന്ന ഓരോ പ്രവൃത്തിയും അപ്രസക്തമല്ലെന്നു മനസ്സിലാക്കിയാല്‍ തന്നെ വലിയൊരു മാറ്റത്തിന് കാരണമാകും. നമ്മുടെ മുമ്പില്‍ സാമൂഹികമാധ്യമങ്ങള്‍ നിരവധി. അതു നന്നായി മാത്രമേ ഞാനുപയോഗിക്കൂവെന്ന് തീരുമാനിച്ചാല്‍ അതുണ്ടാക്കുന്ന വ്യത്യാസം ചെറുതായിരിക്കില്ല. മഹാസാഗരമാണെങ്കിലും അനേകം ചെറുതുള്ളികള്‍ കൂടിച്ചേരുമ്പോഴാണല്ലോ ഉണ്ടാവുന്നത്!

Select your favourite platform