വിജയീ ഭവ:

  • Episode 27
  • 29-11-2022
  • 08 Min Read
വിജയീ ഭവ:

എല്ലാവരും നെട്ടോട്ടമാണ്, വളരണം വളരണം, മുമ്പിലെത്തണം! വളരുകയെന്നത്, ഇപ്പറയുന്നത്ര വലിയ കാര്യമൊന്നുമല്ല. ഇന്ന് ലോകം ഭരിക്കുന്നവരാരും സ്വര്‍ഗത്തില്‍ നിന്നു ദൈവം നൂലില്‍ കെട്ടി ഭൂമിയില്‍ ഇറക്കി വെച്ചതൊന്നുമല്ല. ഇവരാരും ഭക്തിമാര്‍ഗ്ഗത്തിലൂടെ ഏതെങ്കിലും ദേവീദേവന്മാരെ സ്വാധീനിച്ചോ, കൂടോത്രക്കാരന്റെ സഹായത്താലോ വിജയിച്ചവരുമല്ല. പകരം, അവരൊക്കെ വിജയത്തിന്റെ കൃത്യമായ വഴി തിരഞ്ഞെടുത്ത്, ഓരോ പരാജയത്തില്‍നിന്നും പാഠങ്ങള്‍ പഠിച്ച്, നിശ്ചയദാര്‍ഢ്യത്തോടെ അതു പിന്തുടര്‍ന്നവരാണ്. സ്വപ്നം കാണാന്‍ മാത്രമല്ല അവര്‍ പഠിച്ചത്, സ്വപ്നം കണ്ട വിജയം അനുഭവിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്നു തെളിയിച്ചവരുമാണവര്‍. എല്ലാത്തിനും അവര്‍ക്ക് കൃത്യമായ പ്‌ളാനുകളും പദ്ധതികളുമുണ്ടായിരുന്നു.

യോഗ്യത തെളിയിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്ന ഒരു തലമുറയാണിന്നുള്ളതെന്നു പറയാതെ വയ്യ. യോഗ്യതയുള്ളവരെയെ പ്രപഞ്ചം അവരുടെ സ്വപ്നം അനുഭവിക്കാനും അനുഗ്രഹിക്കൂ. വളരെയേറെ വിദ്യാഭ്യാസയോഗ്യതകളുള്ള ഒരു ചെറുപ്പക്കാരന്റെ കഥ അടുത്ത കാലത്ത് കേള്‍ക്കാനിടയായി. എവിടെ ജോലിക്കു ചെന്നാലും ഒരു മാസത്തിനുള്ളില്‍ത്തന്നെ അവര്‍ പറഞ്ഞു വിടും. ജോലി ചെയ്യാനറിയാഞ്ഞിട്ടല്ല; പക്ഷേ, എപ്പോഴും സ്വന്തം കാര്യത്തിനാണ് പ്രഥമപരിഗണന കൊടുത്തുകൊണ്ടിരുന്നത് എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഒപ്പം വന്നു, കൊച്ചു കാര്യങ്ങളെന്നോ നിരുപദ്രവകരമെന്നോയൊക്കെ കരുതി പലപ്പോഴും കള്ളം പറയുന്നുവെന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്നോ, എപ്പോഴും സത്യം തന്നെ പറയുമെന്നോ ഉറപ്പില്ലാത്ത ഒരാളെ വിശ്വസിക്കുകയെന്ന അപകടകരമായ ഉത്തരവാദിത്വം ഒരു കമ്പനിയും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

അമേരിക്കന്‍ പശ്ചാത്തലത്തില്‍, വീടിനോടു ചേര്‍ന്നുള്ള ഗാരേജില്‍ വണ്ടികള്‍ മാത്രമല്ല സര്‍വ സ്‌പെയറുകളും സൂക്ഷിക്കാന്‍ പറ്റും. മിക്കതിലും ഒരു പ്രത്യേക മുറി വേറെയും കാണും. പരീക്ഷണങ്ങളും നിര്‍മ്മാണങ്ങളുമെല്ലാം ഇതിനുള്ളില്‍ വെച്ചാണ് ചെയ്യുക. ഇത്രയും ചെറിയ ഗാരേജുകളില്‍ നിന്നാണ് പല വന്‍ കമ്പനികളും രൂപം കൊണ്ടതെങ്കില്‍ എന്തുകൊണ്ടു നമുക്കുമത് ചെയ്യാന്‍ പറ്റുന്നില്ല?

വന്മരങ്ങളായി വളരുന്നവകളെല്ലാം ഒരുകാലത്ത് ചെറിയ വിത്തുകളായിരുന്നുവെന്നോര്‍ക്കുക.
അല്‍പ്പകാലം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ ധനവാന്മാരെപ്പറ്റി നടത്തിയ പഠനത്തില്‍ 80% പേരും പുതുപ്പണക്കാരാണെന്നാണ് കണ്ടത്. നമ്മുടെ യുവതലമുറയുടെ പരാജയത്തിനു ഞാന്‍ കാണുന്ന ചില പ്രധാന കാരണങ്ങള്‍:
1) കൃത്യമായ ലക്ഷ്യമില്ലായ്മ
2) ഉദ്ദേശിക്കുന്ന ലക്ഷ്യം എത്തിപ്പിടിക്കാമെന്നുള്ള ആത്മവിശ്വാസമില്ലായ്മ,
3) ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള വിമുഖത,
4)പരിശ്രമിക്കാനും പ്രശ്‌നങ്ങളെ തരണം ചെയ്യാനുമുള്ള ധൈര്യമില്ലായ്മ,
5) പ്രശ്‌നങ്ങളെ അവസരങ്ങളാക്കി മാറ്റാനുള്ള ശേഷിയില്ലായ്മ,
6) സ്വന്തം സിദ്ധികളെപ്പറ്റിയുള്ള മതിപ്പില്ലായ്മ,
7) സൂത്രമാര്‍ഗങ്ങളിലൂടെ കാര്യം നേടാമെന്നുള്ള ചിന്ത,
8) ചെയ്യുന്ന സര്‍വതും 100% കൃത്യതയോടെ ചെയ്യാനുള്ള ക്ഷമയില്ലായ്മ,
9) ദീര്‍ഘവീക്ഷണമില്ലായ്മ,
10) ആശയവിനിമയം ഫലപ്രദമായി ചെയ്യാനും മറ്റുള്ളവരെ ആകര്‍ഷിക്കാനുമുള്ള കഴിവില്ലായ്മ,
11) മറ്റുള്ളവരോടുള്ള അസൂയയും മത്സരബുദ്ധിയും.

വിജയമാണു ലക്ഷ്യമെങ്കില്‍ ഇവയൊന്നിലും ഒരു നീക്കുപോക്കും സാധ്യമല്ല. നാം സൃഷ്ടിക്കുന്ന കാരണങ്ങളുടെ ഫലങ്ങളാണു നാം അനുഭവിക്കുന്നത്. അതായത്, നാം കൊയ്യുന്നത് നാം വിതച്ചത് തന്നെയാണെന്ന്. അപരന് ദോഷം ചെയ്താല്‍ എല്ലാമായെന്നു കരുതുന്നവനെ, ചുവടെ മറിക്കാനുള്ളവനും ഇവിടെ  ജനിക്കു ന്നുവെന്ന് അവനറിയുന്നില്ല. അപരനെ സഹായിക്കാനുള്ള വ്യഗ്രതയും മനസ്സുമുള്ളവനെ ദൈവവും സഹായിക്കും.
സ്വയം നേടിയതു മുഴുവന്‍ കളയാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് അസൂയയും പകയുമൊക്കെ. ഉള്ളിലുള്ള ഊര്‍ജം അവയ്ക്കുവേണ്ടി നഷ്ടപ്പെടുത്താതെ ക്രിയാത്മകമായി ചെലവഴിക്കുക. ചെറിയ കാര്യങ്ങളിലും വിശ്വസ്തത കാണിക്കുന്നവനോടു പ്രപഞ്ചവും വിശ്വസ്തത കാണിക്കും. ഒരു കൊച്ചു ദ്വാരം മതി, ഒരു വലിയ കപ്പലും മുങ്ങാന്‍.

Select your favourite platform