സ്വന്തം ‘ഹൈ’

  • Episode 59
  • 29-11-2022
  • 10 Min Read
സ്വന്തം ‘ഹൈ’

എക്കാലവും ഒരു വലിയ ചോദ്യചിഹ്നമായി ഞാനെന്നും കാണുന്ന ഒരു വലിയ സ്‌നേഹിതനുണ്ടായിരുന്നു – ശീ രാകേഷ് കെ മിറ്റല്‍ IAS. ഒരു കാലത്ത് ഇന്ത്യന്‍ തോട്‌സ് എന്ന മോറല്‍ എഡ്യുക്കേഷന്‍ സൈറ്റില്‍, ആഴ്ച്ചയില്‍ ഒന്നു വെച്ച് അദ്ദേഹം മുടങ്ങാതെ എഴുതുമായിരുന്നു. എന്ത് കണ്ടാലും, അതിനെ ജീവിതവുമായി ബന്ധപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഉത്തര്‍ പ്രദേശ് സ്‌റ്റേറ്റ് കേഡറില്‍ 35 വര്‍ഷം ജോലി ചെയ്ത അദ്ദേഹം കബീര്‍ ഫൗണ്ടേഷന്റെ സ്ഥാപകനുമായിരുന്നു. ഈ കബീര്‍ എന്ന പ്രസിദ്ധനായ ജ്ഞാനിയെപ്പറ്റി നമുക്കത്രയ്‌ക്കൊന്നും അറിയില്ല. ബനാറസ്സിലെ ഒരു മുസ്ലീം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്നും, പിന്നീട് ഒരു ഹൈന്ദവ സന്യാസിയായിരുന്ന രാമാനന്ദന്റെ ശിഷ്യനായിരുന്നുവെന്നുമെ ഈ മഹാനെപ്പറ്റി നമുക്കറിയൂ. മതപരമായ വേര്‍തിരിവുകളുടെ വേദന അനുഭവിക്കുന്ന ഭാരതത്തിന് ബ്രാഹ്മണനെന്നും സൂഫി സിദ്ധനെന്നും ഒരുപോലെ കരുതപ്പെടുന്ന കബീറിന്റെ പേരിലുള്ള ഈ സ്ഥാപനത്തിന് ധാരാളം ചെയ്യാനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ആദ്യം മുതലേ വളരെ കരുതലോടെ വിശുദ്ധ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നദ്ദേഹം. റൂര്‍ക്കി IITയില്‍ എന്‍ട്രന്‍സ് മുതല്‍ ഫൈനല്‍ ഇയര്‍വരെ റ്റോപ്പറായിരുന്നദ്ദേഹം (1969  ‘70). വളരെ സന്തോഷവാനായിരുന്ന അദ്ദേഹത്തിന്റെ വളരെ മിടുക്കരായ രണ്ട് ആണ്‍മക്കളും വളരെ അപൂര്‍വമായതും ചികിത്സയില്ലാത്തതുമായ ഒരു രോഗം പിടിപെട്ടു മരിച്ചു. 2018 ല്‍ ശ്രീ രാകേഷ് മിറ്റല്‍ IAS ഉം മരിച്ചു. ഈ വേദനകള്‍ക്കും ദു:ഖങ്ങള്‍ക്കുമിടയില്‍ സന്തോഷവാനായിരിക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം പരിശീലനം തുടങ്ങിയിരുന്നെന്നുവേണം കരുതാന്‍.

അദ്ദേഹം ബോംബെ ഹൈയിലെ ഓയില്‍ ഡ്രില്ലിങ് സൈറ്റില്‍ പോയ കഥ ഒരിക്കല്‍ പറയുകയുണ്ടായി. തീരത്തുനിന്ന് 200 കിലോമീറ്ററോളം അകലെയാണ് ഇത്. അതിന്റെ പ്ലാറ്റ്‌ഫോമിന്റെ തൂണുകള്‍ വളരെ ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. വിദഗ്ദരായ മുങ്ങലുകാര്‍ ഇവിടെ ഉണ്ടായേ തീരൂ. ആഴക്കടലിന്റെ അടിയിലേക്ക് മുങ്ങുന്നതിനനുസരിച്ച് സമുദ്രത്തിലെ കൂടിയ മര്‍ദത്തെയും നേരിടേണ്ടി വരും. സാധാരണ ശരീരത്തിന് അത് താങ്ങാനാവില്ല. അതിനവരവിടെ ചെയ്യുന്നത്, മുങ്ങല്‍കാര്‍ക്ക് ദീര്‍ഘകാലത്തെ കടുത്ത പരിശീലനം നല്‍കുകയെന്നതാണ്. അദ്ദേഹം ഇതില്‍ നിന്ന് നമ്മോട് പഠിക്കാനാവശ്യപ്പെട്ടത്, ലോകം ഒരു വലിയ കടലാണെന്നും, കൂടുതല്‍ അതുമായി ഇടപഴകുന്നതിനനുസരിച്ച് അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ ‘സ്വന്തം ഹൈ’യിലും ഉണ്ടായേക്കാമെന്നും, അതിനെ നേരിടാന്‍ മതിയായ പരിശീലനം എടുത്തിരുന്നാല്‍, ജീവിതം മനോഹരമാക്കാമെന്നുമായിരുന്നു. തീവ്ര പരിശീലനംകൊണ്ടേ യാഥാര്‍ഥ്യങ്ങളുടെ നൊമ്പരങ്ങളെ നമുക്ക് മറികടക്കാനാവൂ, എന്നാണദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത്. പക്ഷേ, ഈ പരിശീലനത്തിന്റെ പേരില്‍ ഏതെങ്കിലും തടിമില്ലിലെ വാളിന്റെ കീഴെ കഴുത്തു വെച്ച് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞില്ല!

നമുക്ക് മുമ്പില്‍ വരുന്ന പ്രതിബന്ധങ്ങള്‍ നമ്മെ ശക്തിപ്പെടുത്താന്‍ ഈശ്വരന്‍ മനസ്സറിഞ്ഞു തരുന്നവയായിരിക്കണം എന്നുതന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഉറപ്പ്! അതുകൊണ്ടായിരിക്കണം, പ്രാര്‍ഥനയെന്നു പറഞ്ഞാല്‍ ഉള്ളില്‍ നിന്ന്, നാം പോലും അറിയാതെ പ്രവഹിക്കുന്ന നന്ദിയുടെ ശീലുകളാണെന്ന്, ഉണര്‍വിലെത്തിയവര്‍ പഠിപ്പിക്കുന്നതും.

Select your favourite platform