ഇതില്‍ മഹാനാര്?

  • Episode 87
  • 29-11-2022
  • 08 Min Read
ഇതില്‍ മഹാനാര്?

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും സൈന്യവും കൊറിന്തില്‍ക്കൂടി കടന്നുപോയ്‌ക്കോണ്ടിരുന്നപ്പോള്‍, ഇവിടെയടുത്താണ് പ്രസിദ്ധനായ തത്വചിന്തകന്‍ ഡയോജനിസ് താമസിക്കുന്നതെന്ന് ചക്രവര്‍ത്തിയറിഞ്ഞു. എങ്കിലയാളെ കണ്ടേക്കാമെന്നു കരുതി, ഡയോജനിസ് കാണാനിടയുള്ള നദീതീരത്തേയ്ക്കു ചക്രവര്‍ത്തി ചെന്നു. ഉണ്ട്, പതിവുപോലെ വിവസ്ത്രനായിക്കിടന്ന്, അദ്ദേഹം ഇളംവെയില്‍ കായുന്നുണ്ട് – തൊട്ടടുത്തൊരു പട്ടിയുമുണ്ട്. ചക്രവര്‍ത്തി അടുത്തു ചെന്നിട്ടും, ഡയോജനിസ് തിരിഞ്ഞു നോക്കിയതേയില്ല. ആരോ സൂര്യപ്രകാശം മറച്ചിരിക്കുന്നുവെന്നു മനസ്സിലായതേ മാറിനില്‍ക്കാന്‍ ഡയോജനിസ് പറഞ്ഞു.
”തനിക്കറിയുവോ ഞാനാരാണെന്ന്?” അലക്‌സാണ്ടര്‍ കോപം കൊണ്ടലറി. ഇത് കേട്ടതേ ഡയോജനിസ് പൊട്ടിച്ചിരിച്ചുകൊണ്ട് അടുത്തിരുന്ന നായയെനോക്കി പറഞ്ഞു.
”നീ കേട്ടോ നായെ… അയാളാരാണെന്ന് അയാള്‍ക്കറിയില്ലെന്ന്!”
രണ്ട് പേരുടെയും പേരിനു മുമ്പില്‍ ‘മഹാനായ’ എന്ന വിശേഷണമുണ്ട്. ഇതിലാരാ ശരിക്കും മഹാനെന്ന് നിങ്ങള്‍ക്കു തോന്നുന്നത്? എന്റെ മുഴുവന്‍ വോട്ടും ഡയോജനിസ്സിനായിരിക്കും. കാരണം, ഭയമെന്നതയാളെ തൊട്ടു തീണ്ടിയിട്ടേയില്ല; മാത്രവുമല്ല, ഇതിലേറെ ലാളിത്യത്തില്‍ ആര്‍ക്കും ജീവിക്കാനുമാവില്ല. അത്തരക്കാര്‍ സാധാരണ ജീവിക്കുന്നത് മറ്റുള്ളവരുടെ ഹൃദയത്തിലാണെന്ന വ്യത്യാസവുമുണ്ട്.
ആരുടേതാണ് ജീവിതം? ഓഷോ പറയുന്നത്, ജീവിക്കാനറിയാവുന്നവരുടേതാണെന്നാണ്. അദ്ദേഹം ഇന്ത്യയില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു കഥ പറഞ്ഞു. ഒരു വീട്ടില്‍ ഒരു രുദ്രവീണയുണ്ടായിരുന്നു. പക്ഷേ, ഇത് വായിക്കാന്‍ അറിയാവുന്നവരാരും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തലമുറകള്‍ കഴിഞ്ഞതിനനുസരിച്ച് രുദ്രവീണയും വീടുകള്‍ മാറിക്കൊണ്ടിരുന്നു – വീടുകളാവട്ടെ ചെറുതായിക്കൊണ്ടുമിരുന്നു. അവസാനമതെത്തിയ വീട്ടില്‍ രുദ്രവീണയ്ക്കു വേണ്ട ഇടമില്ലാതെയുമായി. ആ നാട്ടിലാര്‍ക്കും അത് വായിക്കാനുമറിയില്ലായിരുന്നു, വാങ്ങിക്കാനും താല്പര്യമില്ലായിരുന്നു. അവസാനം, പൊതുവഴിയരുകില്‍ അവരതുപേക്ഷിച്ചു.രുദ്രവീണയും വഴിയില്‍ത്തള്ളി തിരിച്ചു വീട്ടിലെത്തേണ്ട താമസം, മനോഹരമായ ഒരു ഗസല്‍ അവര്‍ കേട്ടു. നോക്കിയപ്പോള്‍ ഒരു പിച്ചക്കാരനെപ്പോലെയിരിക്കുന്ന ഒരാള്‍ തങ്ങളുടെ രുദ്രവീണ വായിക്കുന്നു. പതിയെപ്പതിയെ അയാള്‍ക്ക് ചുറ്റും ആളുകളും കൂടി. ഇതുപോലെ മനോഹരമായി സംഗീതമുതിര്‍ക്കാന്‍  ശേഷിയുള്ള ഈ വീണ കളയണ്ടായെന്നവര്‍ തീരുമാനിച്ചു. അത് തിരിച്ചു വാങ്ങാന്‍ ചെന്ന അവരോട് ഇത് വായിച്ചുകൊണ്ടിരുന്നവന്‍ പറഞ്ഞു,
”ഒരു കാര്യം ഓര്‍മ്മിക്കുക. ഒരു സംഗീതോപകരണം എന്ന് പറഞ്ഞാല്‍ അത് വായിക്കാനറിയാവുന്നവരുടേതാണ്. വേറൊരു അവകാശവാദവും ഇക്കാര്യത്തില്‍ നിലനില്‍ക്കില്ല – നിങ്ങളിതിനെ അധിക്ഷേപിച്ചുകഴിഞ്ഞു.” ഇതുകേട്ടവരെല്ലാം അയാള്‍ പറഞ്ഞതു ശരിവെച്ചു.

ഡല്‍ഹിയിലെ ഒരു കാര്‍ഡിയാക് സര്‍ജന്റെ കഥ ഞാനോര്‍ക്കുന്നു. റിട്ടയര്‍ ചെയ്തയന്നു തന്നെ, അദ്ദേഹം ഡല്‍ഹി വിട്ടു. വീട്ടില്‍ ചെന്നു കയറിയ ഉടനെ അദ്ദേഹം ആദ്യം  ചെയ്തത്,  സന്തത സഹചാരിയായിരുന്ന വയലിന്‍ തോളിലുറപ്പിച്ച്, ബോയെടുത്ത് തന്റെ ഇഷ്ടഗാനം പാടുകയായിരുന്നു. ”യാദോം കി ബാരാത്ത് നികലീ ഹേ ആജ് .. ദില്‍ കെ ദ്വാരെ…” (ഓര്‍മ്മകളുടെ പ്രദക്ഷിണം എന്റെ ഹൃദയ  വാതിലില്‍നിന്നും, ഇതാ ഇന്ന് പുറപ്പെട്ടു കഴിഞ്ഞു). മെഡിസിനു ചേര്‍ന്നപ്പോള്‍ തടഞ്ഞു നിര്‍ത്തിയിരുന്ന സിദ്ധി, പെരുമഴ പോലെ പെയ്തിറങ്ങിയപ്പോള്‍ ആ ഡോക്ടര്‍ക്കുണ്ടായ ആഹഌദം, ഇത് നേരിട്ടറിഞ്ഞ ഒരു സുഹൃത്തിന്റെ വാക്കുകളില്‍ കേട്ടപ്പോള്‍, നമ്മുടെയൊക്കെ വളര്‍ച്ചാസങ്കല്പം എത്ര വികലമാണെന്ന് ഓര്‍ത്തുപോയി.എം എഫ് ഹുസൈന്റെ കഥ കേട്ടിട്ടുണ്ട്. കൂടുതല്‍ വരുമാനമുള്ള മറ്റുപണികള്‍ ചെയ്യാമായിരുന്നിട്ടും, സിനിമാ പോസ്റ്ററുകള്‍ വരച്ചുകിട്ടുന്ന നാണയങ്ങളായിരുന്നു, ആദ്യകാലത്ത് അദ്ദേഹത്തിന്റെ സന്തോഷം. വ്യക്തിത്വ (personality) വികസനത്തിനുവേണ്ടി എന്തെല്ലാം നാം ചെയ്യുന്നു. സമുന്നതമായൊരു വ്യക്തിത്വം ഏതെല്ലാം മേഖലയില്‍ ചെന്നാല്‍ സാധ്യമാവുമെന്നും നാം നിര്‍വചിച്ചിരിക്കുന്നു. നാം മറന്നുപോയ ഒന്നുണ്ട്, വ്യക്തിസവിശേഷതാ (individuality)വികസനം. അതാവട്ടെ, ഓരോരുത്തരുടെയും ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സിദ്ധിവൈഭവത്തെ വികസിപ്പിക്കുന്ന പ്രക്രിയയാണ്. അതിനു പരിശ്രമിക്കുന്നവരാണ്, മികച്ച ഒരു പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി കടന്നു പോവുന്നത്! അവര്‍ മാത്രമല്ലേ ജീവിക്കുന്നുമുള്ളു?

സിദ്ധികളെ വിവിധ തരങ്ങളിലായി മന:ശാസ്ത്രജ്ഞന്മാര്‍ തിരിച്ചിട്ടുണ്ട്. ഏതെങ്കിലും അഞ്ചെട്ടെണ്ണത്തില്‍ ഏതൊരുവനും മികച്ചവനായിരിക്കുമെന്ന് അവര്‍ ഉറപ്പു പറയുന്നു. അതിനേക്കാള്‍ വലിയൊ രുറപ്പ് അവര്‍ നല്‍കുന്നത് ഒന്നോരണ്ടോ എണ്ണത്തില്‍ ഏതൊരുവനും അതുല്യ പ്രഗത്ഭനായി (genius)  മാറാനിടയുണ്ടെന്നാണ്. അതിന്റെ പിന്നില്‍ നിരന്തരമായ പരിശ്രമം ഉണ്ടാവണം എന്ന് മാത്രമേയുള്ളു.
എനിക്കൊരു സംശയം, ഉപയോഗിക്കാന്‍ അറിയാതെപോയ രുദ്രവീണകളാണോ നമ്മില്‍ പലരുമെന്ന്.

Select your favourite platform