പൂജ്യത്തിന്റെ വില

  • Episode 11
  • 28-11-2022
  • 08 Min Read
പൂജ്യത്തിന്റെ വില

പലരും ചോദിക്കുന്ന ഒരു കാര്യമാണ്, ഈ ലോകത്തിലിത്രയും ദുഷ്ടരെന്തിനെന്ന്. എല്ലാവരെയും നന്നാക്കാന്‍ എത്രയോ ആളുകള്‍ ശ്രമിച്ചിരിക്കുന്നു, ഒരു ഫലവും കിട്ടിയിട്ടില്ല. ശ്രീരാമകൃഷ്ണ പരമഹംസര്‍, എന്തു പറയാനാണെങ്കിലും ഉപമകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടിയായി പറഞ്ഞത്, ഈ ലോകത്തില്‍ നടക്കുന്നത് മുഴുവന്‍ ഒരു നാടകമാണെന്നും, എല്ലാവരും അതിലെ അഭിനേതാക്കളാണെന്നുമാണ്. സത്യം പറയാമല്ലോ, എനിക്കൊന്നും മനസ്സിലായില്ല. വില്ലന്മാരില്ലാതെയും നാടകമാകാമല്ലോ? ഇശ്വരനെന്താ ഇത്ര നിര്‍ബന്ധം? ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞത്, എല്ലാത്തരം നടീനടന്മാരും ഉണ്ടെങ്കിലേ ഈ നാടകം ആസ്വാദ്യകരമാവൂയെന്നും, നിങ്ങളിലൊരാള്‍ പങ്കെടുക്കാതിരുന്നാല്‍ നാടകത്തിന്റെ രസച്ചരട് പൊട്ടുമെന്നുമാണ്. ശരിയായിരിക്കാം!

ആന്തണി ഡി മെല്ലോയുടെ (Anthony de mello) The Prayer of the Frog എന്ന കഥാ സമാഹാരത്തില്‍, എന്നും പള്ളിയില്‍ പോകുമായിരുന്ന ഒരു സ്ത്രീയുടെ കഥ പറയുന്നുണ്ട്. രാവിലെ പള്ളിയിലേക്കു പോകുമ്പോള്‍, വഴിയരുകിലോ ചുറ്റുമോ നടക്കുന്ന ഒരു കാര്യവും അവര്‍ ശ്രദ്ധിക്കുമായിരുന്നില്ല. ഒരു ദിവസംപോലും രാവിലത്തെ പള്ളിയില്‍ പോക്ക്, അവര്‍ മുടക്കുമായിരുന്നുമില്ല. ഒരു ദിവസം പള്ളിയിലെത്തിയപ്പോള്‍, പള്ളി അടഞ്ഞു കിടക്കുന്നു.  തള്ളി നോക്കി, തുറന്നില്ല. അപ്പോഴാണ് അല്പം മുകളിലായി ഒരു കുറിപ്പ് തൂക്കിയിട്ടിരുന്നത് ശ്രദ്ധിച്ചത്. അതിലെഴുതിയിരുന്നു, ”ദാ ഞാനിവിടെ പുറത്തു ചുറ്റിനടപ്പുണ്ട്.” ആന്തണി ഡി മെല്ലോയും പറഞ്ഞത്, ഇത് തന്നെയല്ലേ? പല ഉള്ളുകളിലും നടന്നുകൊണ്ടിരുന്നതെല്ലാം നാടകമായിരുന്നെന്ന്.

മോസ്‌കോ യൂണിവാഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദേശവിദ്യാര്‍ത്ഥി, അവിടെ കുട്ടികള്‍ക്ക്  ഇന്റേണല്‍ മാര്‍ക്ക് കൊടുക്കുന്ന വിചിത്രമായ രീതി ശ്രദ്ധിച്ചു. ഏതൊരു പരീക്ഷയ്ക്കും കിട്ടുന്ന പരമാവധി മാര്‍ക്ക് 5.  ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താലും കിട്ടും 2 മാര്‍ക്ക്. ആ കുട്ടി അവന്റെ അധ്യാപകനായിരുന്ന Prof. Dr. Theodor Medraev നെ ഇത് ചൂണ്ടിക്കാണിക്കുകയും ഇതനീതിയല്ലേയെന്ന് ചോദിക്കുകയും ചെയ്തു.
അദ്ദേഹം തിരിച്ചു ചോദിച്ചത്, ഒരു മനുഷ്യജീവിക്കെങ്ങനെ പൂജ്യം കൊടുക്കാന്‍ സാധിക്കുമെന്നാണ്. അദ്ദേഹം ചോദിച്ചു,
”രാവിലെ കൃത്യം 9 മണിക്കിവിടെ വന്ന്, മുഴുവന്‍ ലെക്ചറുകളും കേട്ടിരുന്ന ഒരുവന് എങ്ങനെ പൂജ്യം കൊടുക്കാന്‍ സാധിക്കും?
”ഈ തണുപ്പത്ത്, പൊതുവാഹനത്തില്‍ കയറിയാണെങ്കിലും കൃത്യ സമയത്ത് പരീക്ഷയ്ക്കു വരികയും ഉത്തരം എഴുതാന്‍ ശ്രമിക്കുകയും ചെയ്ത ഒരാള്‍ക്ക് എങ്ങനെ പൂജ്യം കൊടുക്കാന്‍ സാധിക്കും?  അവന്‍ എത്ര രാത്രികള്‍ പഠിക്കാനായി ചെലവഴിച്ചു കാണണം, എത്ര പണം ബുക്കിനും പേനയ്ക്കും കമ്പ്യൂട്ടറിനും വേണ്ടി ചെലവാക്കിക്കാണണം? ജീവിതത്തിലെ മറ്റു പല സാധ്യതകളും മാറ്റിവെച്ചാണല്ലോ അവനിവിടെ വന്നിരിക്കുന്നത്?” ഒന്ന് നിര്‍ത്തിയിട്ട,് അദ്ദേഹം തുടര്‍ന്നു,
”കേള്‍ക്കൂ മകനെ, ഒരുത്തരം കണ്ടുപിടിക്കാന്‍ പറ്റിയില്ലെന്നതുകൊണ്ട് നമ്മള്‍ ആര്‍ക്കും പൂജ്യം കൊടുക്കുന്നില്ല. അവനൊരു മനുഷ്യനാണെന്നും അവനു തലച്ചോറുണ്ടെന്നും അവന്‍ പരിശീലിച്ചിരുന്നെന്നുമുള്ള വസ്തുതകളെ നമുക്ക് ബഹുമാനിക്കാം. നാം അവന് മാര്‍ക്കു കൊടുക്കുന്നത് പരീക്ഷയിലെ ഉത്തരത്തെ മാത്രം അടിസ്ഥാനമാക്കിയല്ല. ഒരു മനുഷ്യനെന്ന നിലയിലവനെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുകയുമാണ്. അവനു കുറെ മാര്‍ക്കുകള്‍ക്ക് അവകാശമുണ്ട്.” പ്രൊഫസറുടെ ഉത്തരം കേട്ടപ്പോള്‍ ചോദിച്ചവന്‍ വല്ലാതെ വിയര്‍ത്തുപോയെന്നും എഴുതിയിരിക്കുന്നു.

പൂജ്യത്തോട് ഞാനുമത്ര യോജിക്കുന്നില്ല. പൂജ്യങ്ങള്‍ ഏതൊരുവനെയും ഒരു നിമിഷംകൊണ്ട് ശൂന്യനാക്കുന്നു. അത് ഏതൊരുവന്റെയും ആവേശത്തെ കെടുത്തിക്കളയുകയും, മുന്നോട്ട് പഠിക്കണ്ടായെന്നുള്ള തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്യും. എന്റെ അഭിപ്രായത്തില്‍, ഈ ജീവിത നാടകത്തില്‍ അവനും നന്നായി അഭിനയിക്കുന്നുവെന്നതുകൊണ്ട് ഒരു മാര്‍ക്കുകൂടി കൊടുത്താലും കുഴപ്പമില്ല.

Select your favourite platform