ഫുഡ് കോര്‍ട്ട് യൂണിവാഴ്‌സിറ്റി

  • Episode 24
  • 29-11-2022
  • 10 Min Read
ഫുഡ് കോര്‍ട്ട് യൂണിവാഴ്‌സിറ്റി

Chicken Soup for the Soul എന്ന പ്രസിദ്ധീകരണത്തില്‍ വന്നയൊരു സംഭവകഥയാണിത്. ‘ഫുഡ് കോര്‍ട്ട് യൂണിവാഴ്‌സിറ്റി’ എന്ന പേരിലുള്ള ഈ കഥ എഴുതിയത് Marion Brenish എന്നയാ ളായിരുന്നു. ബ്രെനിഷ്‌ന്റെ വാഷിങ്ടന്‍ DC യിലെ Union Station സന്ദര്‍ശന വേളയിലുണ്ടായ ഒരനുഭവമാണിത്. ഡിസംബറിലെ ആ ദിവസം ഊഷ്മാവ് പൂജ്യത്തിലും താഴെയായിരുന്നു. ആ ഹാളിലേക്കദ്ദേഹം കയറിയതിന്റെ ഏക കാരണം ശരീരം ഒന്ന് ചൂടാക്കുകയായിരുന്നു. ഒരു ചായ വാങ്ങി കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ആകെയൊന്നുഷാറായെന്നും മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ സാധിച്ചെന്നും അദ്ദേഹം എഴുതുന്നു.

രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഒന്നാമതായി, അക്ഷരാര്‍ഥത്തില്‍ വീടില്ലാത്തതെന്നു തോന്നിച്ച ഒരു വൃദ്ധന്‍ അടുത്തിരിക്കുന്നുവെന്നതും, രണ്ടാമതായി, ധാരാളം ആളുകള്‍ ഭക്ഷണം മേശമേല്‍ വീഴ്ത്തി പാഴാക്കുന്നുവെന്നതുമായിരുന്നു. ഹാളില്‍ നിറഞ്ഞുനിന്ന രുചിക്കൂട്ടുകളുടെ ഗന്ധം, അല്പം നേരത്തെ ആഹാരം കഴിച്ചാലോയെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം എഴുതി. അടുത്തിരുന്ന പാവപ്പെട്ട വയസ്സനും എല്ലാം ശ്രദ്ധിക്കുകയും, ആഹാരം കിട്ടിയിരുന്നെങ്കില്‍ കഴിച്ചുകളയാമെന്നു ചിന്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്നു സ്പഷ്ടം. അയാള്‍ കൈ നീട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമായിരുന്നെന്ന് കഥാകാരന്‍ പറയുന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. എത്രകാലമായി അയാള്‍ എന്തെങ്കിലും കഴിച്ചിട്ടെന്ന് പറയുകയും എളുപ്പമായിരുന്നില്ല. സ്വന്തം ഹൃദയവും തലയും തമ്മില്‍ നല്ലൊരു വഴക്കു നടന്നെന്നും ബ്രെനിഷ് എഴുതി. തല പറഞ്ഞു, ‘നീ നിന്റെ ജോലി നോക്കെന്ന്’; ഹൃദയം പറഞ്ഞു, ‘നീ ചെന്ന് എന്തെങ്കിലും വാങ്ങി ഇയാള്‍ക്ക് കൊടുക്കെന്നും’.
അങ്ങനെയിരിക്കുമ്പോള്‍, മാന്യമായി വസ്ത്രധാരണം നടത്തിയ ഒരാള്‍ ഈ വയസനോട് സംസാരിക്കുന്നതു കണ്ടു. അയാളാ വൃദ്ധനോട് പറഞ്ഞത്, ഈ ബൗളില്‍ അവര്‍ വാങ്ങിയത് അവര്‍ക്കാവശ്യമായി വന്നില്ലെന്നും ഇത് വെറുതെ കളയാന്‍ ഇടയാക്കാതെ സഹായിക്കുമെങ്കില്‍ നന്നായിരിക്കുമെന്നുമായിരുന്നു.

ഒത്തിരി നന്ദിയെന്നു പറഞ്ഞ് അയാളത് വാങ്ങിക്കുകയും ചെയ്തു. കിട്ടിയ വിരുന്നിലൂടെ കണ്ണോടിച്ച് അതിന്റെ നിറവും മണവുമെല്ലാം ആ വയസന്‍ ആസ്വദിക്കുന്നത് നോക്കി ബ്രെനിഷ് ഇരുന്നു. പതിയെ അയാളതിന്റെ മൂടിയെടുത്തു മാറ്റി, ആകെയൊന്നുകൂടി എല്ലാം ആസ്വദിച്ചുറപ്പാക്കി അയാളത് കഴിക്കുവാന്‍ തുടങ്ങിയപ്പോളാണ് മറ്റൊരു സംഭവം നടന്നത്. അയാളുടെ നോട്ടം, പെട്ടെന്ന് അകത്തേക്ക് കയറിവന്ന മറ്റൊരുവനിലായി. ഹാളിലേക്ക് കയറിവന്ന ആ മനുഷ്യന് തൊപ്പിയുമില്ലായിരുന്നു, ഗ്ലൗസുകളും ഉണ്ടായിരുന്നില്ല, ഷൂസും ഉണ്ടായിരുന്നില്ല, വസ്ത്രത്തിനു കനവും ഉണ്ടായിരുന്നില്ല. ശ്വാസത്തിന് വേണ്ടി വിഷമിക്കുന്നുണ്ടെന്നതുപോലെയാണ് ആര്‍ക്കും തോന്നുമായിരുന്നത്. എല്ലാവരും അതു ശ്രദ്ധിച്ചെങ്കിലും അടുത്തിരുന്ന വൃദ്ധന്‍ മാത്രമാണ്, ഏതെങ്കിലും രീതിയില്‍ പ്രതികരിച്ചതെന്നു പറയാം. അയാള്‍ ചെന്ന് ഈ നവാഗതനെ കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളുടെ റ്റേബിളില്‍തന്നെ ഇരുത്തി, അയാളുടെ കൈകള്‍ തിരുമ്മി ചൂടാക്കിക്കൊണ്ടിരുന്നു. അയാള്‍ക്കുണ്ടായിരുന്ന ജാക്കറ്റെടുത്ത് പുതിയ ആള്‍ക്കയാള്‍ കൊടുക്കുകയും ചെയ്തു. പിന്നെ അവര്‍ പരിചയപ്പെട്ടു:
”എന്റെ പേര് ജായ്‌ക്കെന്നാണ് കേട്ടോ ജ്യേഷ്ഠാ, ഒരു മാലാഖായാണ് എനിക്കിന്ന് ഭക്ഷണം കൊണ്ടുവന്നു തന്നത്. ഞാന്‍ വയറു നിറയെ കഴിച്ചു; എന്നിട്ടും, മിച്ചം! ആഹാരം വെറുതെ കളയുകയെന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല താനും.”
”ഉവ്വ് സന്തോഷം; പക്ഷേ, ഈ സാന്‍ഡ്‌വിച്ചിന്റെ പകുതി കഴിക്കാനേ  എനിക്കുമാവൂ. ഈ പ്രായത്തില്‍ അതേ പറ്റൂ.”  ഇങ്ങനെയാണ് നവാഗതന്‍ പറഞ്ഞത്.

ഇത്രയുമായപ്പോഴേക്കും ബ്രെനിഷിന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുവെന്നു പറയാം. അയാള്‍ ഭക്ഷണ കൗണ്ടറിലേക്ക് നടന്നു. ഏറ്റവും വലിയ പാത്രത്തില്‍ കാപ്പിയും, അതുപോലെ വലിയൊരു പാത്രത്തില്‍ പേസ്ട്രിയുമായി അയാള്‍ തിരിച്ചു വന്നു. നനഞ്ഞ കണ്ണുകളോടെ അദ്ദേഹം അവരോടു പറഞ്ഞു,
”ജ്യേഷ്ഠന്മാരേ, ….. ” പക്ഷേ, കൂടുതലൊന്നും പറയാന്‍ ബ്രെനിഷിന് കഴിഞ്ഞില്ല. അദ്ദേഹം തുടര്‍ന്നെഴുതിയത്, കുടുംബത്തില്‍നിന്ന് അന്നേവരെ കേട്ടിട്ടുള്ള ഒരു പരസ്‌നേഹകഥയും ഈ യൂണിയന്‍ സ്‌റ്റേഷനിലെ ഹാളില്‍ വെച്ച് കണ്ടതിനോളം വരില്ലായെന്നാണ്.

Select your favourite platform