തിളങ്ങുന്ന ഡാഷ്

  • Episode 72
  • 29-11-2022
  • 08 Min Read
തിളങ്ങുന്ന ഡാഷ്

പ്രാര്‍ഥനയെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ട് മൂന്നു പേര്‍ വഴിയേ നടന്നു പോവുകയായിരുന്നു. വൈദികന്‍ പറഞ്ഞു, മുട്ടിന്മേല്‍ നില്‍ക്കുമ്പോഴാണ് ഏറ്റവും നന്നായി പ്രാര്‍ഥിക്കാന്‍ കഴിയുകയെന്ന്; പൂജാരിയായിരിക്കണം, അതിനെ നിഷേധിച്ചുകൊണ്ട് പറഞ്ഞു, കൈകള്‍ ഉയര്‍ത്തി നീട്ടിപ്പിടിച്ചുകൊണ്ട് നില്‍ക്കുകയാണ് ഏറ്റവും ഉചിതമെന്ന്. കൂട്ടത്തിലുണ്ടായിരുന്ന സന്യാസി പറഞ്ഞത്, ഇത് രണ്ടുമല്ല നിലത്തു കമിഴ്ന്നു കിടന്നുകൊണ്ട് പ്രാര്‍ഥിക്കുകയാണ് മെച്ചമെന്നാണ്. വഴിയരികിലെ പോസ്റ്റില്‍ തല കീഴായി കിടന്ന് ലൈന്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരുന്നയാള്‍ ഇത് കേട്ട് ഉച്ചത്തില്‍ പറഞ്ഞു,
”അല്ല കൂട്ടരേ, ഏറ്റവും നല്ല പ്രാര്‍ഥന, തല കീഴായ് കിടക്കുമ്പോഴാണ് ചെയ്യാന്‍ പറ്റുക.”
ഏറ്റവും കൂടുതല്‍ എഴുതാന്‍ പറ്റിയ ഒരു വിഷയമാണ് പ്രാര്‍ഥന. എങ്കിലും ചില ചിന്തകള്‍ക്കു മാത്രമായും സ്ഥാനമുണ്ടെന്ന് കരുതുന്നു.

ഇപ്പോഴത്തെ നിലയില്‍, ഒരു വശത്ത് ചോദിക്കുന്നവര്‍ക്ക് വളരെ പിശുക്കി കൊടുത്തുകൊണ്ടിരിക്കുന്ന ഈശ്വരനും (വേറെ പണിയൊന്നും പലപ്പോഴും നടക്കാറില്ല), മറുവശത്ത് എത്ര കിട്ടിയാലും തികയില്ലാതെ ഭയന്നിരിക്കുന്ന മനുഷ്യരും.
പ്രാര്‍ഥന കൊണ്ട് ഫലം വല്ലതുമുണ്ടോ? ന്യൂ ജേഴ്‌സിയിലെ ഏറ്റവും വലിയ ഹോസ്പിറ്റലായ CentraState Healthcare System നടത്തിയ പഠനത്തില്‍, ശാരീരികവും ഭൗതികവുമായ അനുകൂല മാറ്റങ്ങള്‍ പ്രാര്‍ഥന ഏതൊരു ശരീരത്തിലും സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, ഒരു കാര്യം നടന്നത് പ്രാര്‍ഥന കൊണ്ട് മാത്രമാണെന്ന് നമുക്ക് തെളിയിക്കാന്‍ കഴിയണമെന്നില്ല. പ്രാര്‍ഥിക്കുമ്പോള്‍ ലക്ഷ്യംവെച്ച കേന്ദ്രത്തിലേക്ക് പ്ലാസ്മായിലും സൂക്ഷ്മസ്ഥിതിയിലുള്ള ഒരു ഊര്‍ജപ്രവാഹം നടക്കുന്നുവെന്ന് കണ്ടെത്തിയവരുമുണ്ട്. മറ്റുള്ളവര്‍ക്ക്‌വേണ്ടി നടത്തുന്ന പ്രാര്‍ഥനകള്‍ വേഗം ഫലിക്കുമെന്നു വാദിക്കുന്നവരുമുണ്ട്.
ഒരിക്കലൊരു ചെറുപ്പക്കാരന്‍ മരുഭൂമി തന്നെ കടന്ന് ഒരു സന്യാസിയുടെ ആശ്രമത്തില്‍ പോയി. അന്നുച്ചയ്ക്ക് സന്യാസി സംസാരിച്ചത് ധ്യാനത്തിന്റെയും നിശ്ശബ്ദതയുടെയും സദാ പ്രാര്‍ഥനയിലായിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെപ്പറ്റിയായിരുന്നു. വൈകിട്ട്, അടുത്ത ഗ്രാമത്തിലേക്ക് ഒരു വഴിവെട്ടാന്‍ സഹായിക്കണമെന്ന് ഈ ചെറുപ്പക്കാരനോട് സന്യാസി അഭ്യര്‍ഥിച്ചു. ചെറുപ്പക്കാരന്‍ ചോദിച്ചു, പ്രാര്‍ഥിക്കുകയല്ലേ, അധ്വാനിക്കുകയല്ലല്ലോ വേണ്ടതെന്ന്. സന്യാസി മറുപടി പറഞ്ഞത്, പ്രാര്‍ഥിക്കുന്നത് നല്ലതു തന്നെ; പക്ഷേ, അയല്‍ക്കാരനുമായി നല്ലൊരു ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞാല്‍, പ്രാര്‍ഥന കുറേക്കൂടി മികച്ചതായിരിക്കുമെന്നാണ്. ഏറ്റവും മികച്ച പ്രാര്‍ഥന അതു തന്നെ. അതിനൊരു കാരണം, പ്രപഞ്ചത്തില്‍ വേറൊന്ന് എന്നു കരുതപ്പെടുന്ന സകലതും ഈശ്വരന്റെ ഭാഗംതന്നെ ആയിരിക്കുന്നതുകൊണ്ട് അവയൊക്കെയുമായി ഏറ്റവും കൂടുതല്‍ ബന്ധമുണ്ടാക്കുന്നവനായിരിക്കുമല്ലോ, ഏറ്റവും നല്ല പ്രാര്‍ഥനക്കാരന്‍.

എല്ലാ ശവകുടീരങ്ങളിലും എഴുതിയിരിക്കും ജനിച്ച തിയതിയും മരിച്ച തിയതിയും. ഇതിന്റെ ഇടയ്‌ക്കൊരു ‘ഡാഷ്’ കാണും. എന്തുമാത്രം ബന്ധങ്ങള്‍ ഒരുവന്‍ ജീവിതത്തില്‍ സൃഷ്ടിച്ചുവോ, അത്രയും തിളക്കവും കാണും ആ ഡാഷിന്!

Select your favourite platform