ഒരു ജ്ഞാനോപദേശത്തിന്റെ കഥ!

  • Episode 34
  • 29-11-2022
  • 08 Min Read
ഒരു ജ്ഞാനോപദേശത്തിന്റെ കഥ!

വളരെ ശരിയാണ്, ആയിരം വാക്കുകളുടെ ശക്തി കാണണം ഒരു ചിത്രത്തിന്. ആ ശക്തി വീണ്ടും പതിന്മടങ്ങു കൂടും, അതൊരു ജീവനുള്ള ചിത്രമാണെങ്കില്‍. അടുത്തയിടെ ഒരു ചിത്രം കാണാനിടയായി – ഇന്തോനേഷ്യന്‍ വനത്തിനുള്ളില്‍ വെച്ച് അനില്‍ പ്രഭാകര്‍ എന്നയാള്‍ എടുത്ത ഒരു ചിത്രമായിരുന്നത്. ചെളിക്കുഴിയില്‍ വീണ ഒരു ഭൗമശാസ്ത്രജ്ഞനെ ഒരു ഒറാങ്ഉട്ടാന്‍ കുരങ്ങു രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് രംഗം. മനുഷ്യന്‍ മനുഷ്യനെ അപായപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യത്വം പ്രകടിപ്പിക്കുന്നതു മൃഗം എന്നൊരു അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. എന്നെങ്കിലും ഒരു വിശകലനത്തിന് തയ്യാറാവുമെങ്കില്‍ വെളുക്കുവോളം ചിന്തിക്കാനുള്ള ഒരു വിഷയമാണ്, മനുഷ്യനും മനുഷ്യത്വവും തമ്മിലുള്ള ബന്ധം. കോവിഡ് ലോകമാകെ ആഞ്ഞു വീശിയപ്പോള്‍ ഒരു കുറിപ്പില്‍ ഞാനെഴുതിയിരുന്നു – പ്രപഞ്ചത്തിന്റെ ശത്രുവായ മനുഷ്യന്റെ സമൂല നാശമാണ് ദൈവങ്ങള്‍ മുന്നില്‍ കാണുന്നതെന്ന്. സത്യമാണ്; അവനേക്കാള്‍ വലിയൊരു ശത്രുവിനെ ഈ പ്രപഞ്ചത്തില്‍ ദൈവങ്ങള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കില്ല.

മറ്റു മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്ന മൃഗങ്ങളെ കണ്ടിട്ടില്ലേ? പക്ഷേ ശ്രദ്ധിക്കുക, അവരതു ചെയ്യുന്നത്  വിശക്കുമ്പോള്‍ മാത്രമാണ്. കൊടിയ വിഷമുള്ള പാമ്പുകളാണെങ്കിലും പരീക്ഷിക്കാന്‍ വേണ്ടി ഒരിക്കലും അതിന്റെ വിഷം ഉപയോഗിക്കാറില്ല. ഒരു വൃക്ഷം ആയിരിക്കുന്നത് മറ്റുള്ളവര്‍ക്ക്‌വേണ്ടി മാത്രമാണ്. അതിന്റെ കൊമ്പുകളില്‍ ആര്‍ക്കു വേണമെങ്കിലും കൂട് കൂട്ടാം. അതിന്റെ പഴങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഭക്ഷിക്കാം. അതിന്റെ തണലില്‍ ആര്‍ക്കു വേണമെങ്കിലും വിശ്രമിക്കാം. ഇത്തിരി വെള്ളത്തിന്റെ പറ്റു തേടി എത്ര ആഴത്തിലേക്ക് വേരുകള്‍ പായിക്കേണ്ടിവന്നാലും അതിനു പരിഭവമില്ല. അതിന്റെ മുമ്പില്‍ ശത്രുവോ മിത്രമോ ഇല്ല. വരുന്നവര്‍ക്കെല്ലാം അത് തണലും നല്‍കും അഭയവും നല്‍കും. അവിടെ യെത്തുന്നവന് കൊടിയ ചൂടിനേയും ഭയക്കേണ്ട, കനത്ത മിന്നലിനെയും ഭയക്കേണ്ട. ഒരു പക്ഷേ, കായ്കള്‍ക്കുവേണ്ടി അതിനെ കല്ലെറിയുന്ന കുട്ടികളാവാം മരങ്ങളുടെ സ്‌നേഹിതര്‍, അല്ലെങ്കില്‍ തായ്ത്തടിയില്‍ പൊത്തുണ്ടാക്കുന്ന മരംകൊത്തികള്‍, അല്ലെങ്കില്‍ ശിഖരങ്ങള്‍ വെട്ടിയൊരുക്കുന്ന തോട്ടക്കാരന്‍. ഒരു പരാതിയുമില്ലാതെ, കവിഭാവനയിലെന്നപോലെ, സദാ നീലാകാശവും ശിരസ്സിലേറ്റി സജ്ജനസമരായ മരങ്ങള്‍ ജീവിക്കുന്നു.

ജന്തു ലോകത്തേക്കു വന്നാല്‍, സന്മനസ്സോടെ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കാന്‍ എല്ലാവരും തയ്യാറായെന്നിരിക്കില്ല. സിംഹത്തിന് ഭക്ഷിക്കാന്‍ ജന്തുക്കളെ കൊല്ലേണ്ടതുണ്ടെന്നു മനസ്സിലാക്കി, ഒരു മാനും, ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ വായിലേക്ക് കയറാറില്ല. അവിടെ നിയമം വേറെയാണ്. സിംഹം ശക്തനാണെങ്കിലും കൂട്ട് കൂടിയേ വേട്ടയുള്ളു. ഇരപിടിക്കണമെങ്കില്‍ നന്നായി ഓടേണ്ടതുമുണ്ട്, രാജാവാണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പരിണാമത്തിന്റെ അങ്ങേത്തലയ്ക്കല്‍ വരുമ്പോഴാണ് ഇരട്ടബോധമുള്ള ജീവിയില്‍ എത്തുക. മനുഷ്യന്റെ കാര്യം വരുമ്പോള്‍ സജ്ജനമെന്നൊരു വിഭാഗം ചുരുങ്ങും. മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഹോമിക്കപ്പെടാന്‍ തയ്യാറുള്ളവനാണ് സജ്ജനത്തിന്റെ ലിസ്റ്റില്‍ വരുക.

ചില്ലി ഉറുമ്പുകളും തേനീച്ചകളുമൊക്കെ ആഹാരം ശേഖരിച്ചു വയ്ക്കുന്നത് കണ്ടിട്ടില്ലേ? മൃഗങ്ങളാണെങ്കിലും കൂട്ട് കൂടിയാല്‍ നാളത്തെപ്പറ്റിയുള്ള ചിന്തയുണ്ടായെന്നിരിക്കും. ഇതു തന്നെയാണ് മനുഷ്യന് പറ്റിയതും. ഇവിടെ കൂട്ടുകെട്ടുകളേയുള്ളു – മതമായിട്ടും, രാഷ്ട്രീയമായിട്ടും, സമൂഹമായിട്ടും, വര്‍ഗീയമായിട്ടും …. നാളത്തെപ്പറ്റി അമിതമായി ചിന്തിക്കുന്നവന്റെ മുമ്പില്‍ ഭൂമിക്കു സൗമ്യയായിരിക്കാന്‍ കഴിയില്ല. ജന്മനാ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള സിദ്ധികളെ ഉപയോഗിച്ച് ഭക്ഷിക്കാനും ജീവിക്കാനുമല്ല അവന്റെ ശ്രമം. ആയിരിക്കുന്ന നിമിഷമല്ലാതെ ഭാവിയോ ഭൂതമോ ഒന്നും യാഥാര്‍ഥ്യമല്ലെന്നും അവനറിയില്ല. അവന് മോഷ്ടിക്കണം – കിട്ടുന്നിടങ്ങളില്‍നിന്നെല്ലാം. ആയിരം തലമുറകള്‍ക്കുള്ളത് സമ്പാദിച്ചുവെച്ചാലും അവനു മതിവരില്ല. ഒന്നും കൊണ്ടുപോകാന്‍ കഴിവില്ലെന്നറിഞ്ഞാലും.

കുത്തിയൊലിച്ചൊഴുകുന്ന നദിയില്‍ നിന്ന് ഗാന്ധിജി എടുത്തത് ഒരു കപ്പു വെള്ളം. അതേ തനിക്കവകാശപ്പെട്ടതായുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യത്തില്‍ ആരാണ് ധനവാന്‍? മിച്ചമുള്ളവന്‍, അല്ലാതാര്? ആരാണ് മിച്ചമുള്ളവന്‍? അന്തിക്കഞ്ഞിക്കു മുട്ടുന്നവനും ധനവാനാകാം, ഉള്ളത് പങ്കുവെക്കാന്‍ അവന്‍ തയ്യാറാവുന്നുവെങ്കില്‍. സ്വാര്‍ഥബദ്ധമായ ജീവിതശൈലി മാറ്റി അപരരെയും കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു സമ്പാദനരീതിയാണ് എപ്പോഴും അഭികാമ്യമെന്ന് പറയാം.

Select your favourite platform