അടുത്ത ദിവസം, കൈമുദ്രകള്‍ കൊണ്ട് രോഗസൗഖ്യം സാധിക്കുന്ന ഒരു സ്വയം ചികിത്സാസമ്പ്രദായത്തെപ്പറ്റിയുള്ള ഒരു സൂം ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചു. കൈമുദ്രകള്‍ ഫലപ്രദമായി ഉപയോഗിച്ച് വളരെ പഴക്കം ചെന്ന രോഗങ്ങള്‍പോലും സുഖമാക്കാന്‍ കഴിയും എന്ന് അധ്യാപകന് സൂചിപ്പിച്ചു. മുദ്രകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൈവിരലുകള്‍ പലരീതിയില്‍ പരസ്പരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആകൃതികളെയാണ്.
ഇത് പലരും ശ്രദ്ധിക്കാത്ത ഒരു ഒരു ചികിത്സാമേഖലയാണ്. ദൈവം മനുഷ്യന് ഇതുപോലെ നിരവധി സ്വയം ചികിത്സാമാര്‍ഗങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അവയൊക്കെ ഉപയോഗിക്കുന്നതില്‍ പലപ്പോഴും നാം വിമുഖരാണ്. ഒരു കാരണം, മതങ്ങള്‍ക്കും പ്രഭാഷകര്‍ക്കും നമ്മുടെ ഇടയിലുള്ള സ്വാധീനമാണ്. അവര്‍ക്ക് മനസ്സിലാകാത്തതെല്ലാം തെറ്റാണെന്നവര്‍ കരുതുന്നു, നാം അത് വിശ്വസിക്കുകയും ചെയ്യുന്നു.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍, ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഒരു സഹോദരി എഴുതിയ വാട്സാപ്പ് മെസ്സേജ് വായിക്കാന്‍ ഇടയായി. അവര്‍ എഴുതിയിരിക്കുന്നു, എന്റെ ഒരു സ്നേഹിത ജന്മനാ വികലാംഗയാണ്, അവര്‍ക്ക് രണ്ട് പെരുവിരലുകളും ഇല്ല! പെരുവിരലുകളില്ലാതെ കൈ മുദ്രയെവിടെ? ആ സ്ത്രീ തുടര്‍ന്നെഴുതി, നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്!! വാസ്തവത്തില്‍, ഇത് വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. എത്ര സത്യം!
നിങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടിയിട്ടുണ്ടെങ്കില്‍ ഓര്‍മ്മിക്കുക, 28 കോടിയോളം ഭാരതീയര്‍ക്ക് അത് കിട്ടിയിട്ടില്ല. നാലുനേരവും ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ കാണുക, ഇന്ത്യയിലുള്ള പത്തു കോടിയിലേറെ ജനങ്ങള്‍ക്ക് ഒരു നേരംപോലും ആഹാരം കിട്ടുമെന്നുറപ്പില്ല. തലയ്ക്കു മുകളില്‍ മേല്‍ക്കൂരയെന്നു പറയാന്‍ യാതൊന്നുമില്ലാത്ത 4.5 ലക്ഷം കുടുംബങ്ങളില്‍ ഒന്ന് നിങ്ങളുടേതല്ലെങ്കിലും നിങ്ങളെത്ര ഭാഗ്യവാന്മാര്! നിങ്ങള്‍ ഭാഗ്യവാന്മാര് എന്ന് പറയുന്നതിന് ഇനിയും കാരണങ്ങളുണ്ട്. നാമത് മനസ്സിലാക്കിയിട്ടില്ലെങ്കില്‍, എന്തു പറഞ്ഞിട്ടും കാര്യമില്ല.