നമ്മുടെ വില!

  • Episode 96
  • 29-11-2022
  • 10 Min Read
നമ്മുടെ വില!

Mass Appeal എന്ന പ്രശസ്ത അമേരിക്കന്‍ ഹാസ്യ നാടകത്തില്‍ വൃദ്ധനായ ഒരു പുരോഹിതന്റെ വേഷത്തില്‍  Jack Lemmon എന്ന നടന്‍ പ്രസംഗപീഠത്തില്‍ കയറിനിന്ന് പറഞ്ഞു.
”ഞാനിന്നെന്റെ ജീവിതത്തിലെ ഏറ്റവും ചെറിയ പ്രസംഗം ചെയ്യാന്‍ പോകുന്നു. 30 സെക്കന്റുകളേ അത് കാണൂ. മൂന്നു വസ്തുതകളാണ് ഞാന്‍ പറയാന്‍ പോകുന്നത്. ആദ്യം, ലോകത്ത് ദശലക്ഷക്കണക്കിനാളുകള്‍ ദരിദ്രരാണ്. രണ്ടാമത്, ലോകത്തുള്ള ബഹുഭൂരിപക്ഷവും ഇക്കാര്യത്തില്‍ നാശമല്ലാതെ യാതൊന്നും ചെയ്യുന്നില്ല. മൂന്നാമത്, ലോകത്ത് ദശലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതിനേക്കാള്‍ നിങ്ങളെ അലോസരപ്പെടുത്തിയത്, പ്രസംഗത്തിനിടയില്‍ നാശം എന്ന പദം ഉപയോഗിച്ചതായിരിക്കും. ആമ്മേന്‍.”

മനുഷ്യന്‍ അങ്ങനെയാണ്, കാണേണ്ടതല്ല കാണുന്നത് ഉദ്ദേശിക്കുന്നതല്ല അവന്‍ മനസ്സിലാക്കുന്നതും. ഇതുകൊണ്ടൊന്നും പ്രകൃതി കുലുങ്ങുന്നില്ല. സുഖവും സന്തോഷവും സംതൃപ്തിയുമെല്ലാം ഒരേ പോലെ വീതിച്ചു നല്‍കിയിരിക്കുന്നു – 800 കോടി ജനങ്ങളുണ്ടെങ്കില്‍ 800 കോടി തരം പാത്രങ്ങളില്‍ 800 കോടി തരം വിഭവങ്ങള്‍! ഒരേ സാഹചര്യംതന്നെ സുഖമോ ദുഃഖമോ ആയി വ്യാഖ്യാനിക്കാനുള്ള ശേഷിയും അവരവര്‍ക്കു നല്‍കിയിരിക്കുന്നു. ഒരു ദരിദ്രന്‍ സ്വന്തം കൂരയുടെ ചായ്പ്പില്‍ വള്ളം പോലെ തുടിഞ്ഞ കയറുകട്ടിലില്‍ പട്ടിയെയും ചേര്‍ത്ത,് ചാക്കും പുതച്ചു തണുപ്പത്ത് കിടക്കുമ്പോള്‍ കിട്ടുന്ന സുഖം, ഒരു സഹസ്ര കോടീശ്വരന് ആരു കൊടുക്കാന്‍? അവന്‍ ജീവിക്കുന്നത്തന്നെ ഭയന്നല്ലേ? എങ്കിലും താനാണ് ഏറ്റവും സുഖിമാനെന്ന് അവനെക്കൊണ്ട് പ്രകൃതി ചിന്തിപ്പിക്കുന്നു.

ചാക്കുകട്ടിലില്‍ കിടക്കുന്നവന് ഇ-മെയിലും നോക്കണ്ട, മിസ്‌കോളുകളും ഉണ്ടാവില്ല, പിറ്റേന്നാര്‍ക്കും ക്ലിയര്‍ ചെയ്യേണ്ട ചെക്കുകളുമുണ്ടാവില്ല, കണ്‍ഫേം ചെയ്യാന്‍ ഐറ്റിനറികളുമുണ്ടാവില്ല, പേരില്‍ കേസുകളും കാണില്ല, സൂക്ഷിക്കാന്‍ അഭിമാനവും കാണണമെന്നില്ല, തൂത്തുവാരാന്‍ അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാവില്ല …… തോന്നുന്നിടത്തു കൈ നീട്ടിയാല്‍ മാത്രം മതി!! എങ്കിലും താനാണ് ഏറ്റവും ബുദ്ധിമുട്ടുന്നവനെന്ന് അയാളെക്കൊണ്ടും ചിന്തിപ്പിക്കുന്നു. താരതമ്യപ്പെടുത്താന്‍ പോകുന്നതുകൊണ്ടുണ്ടാകുന്ന കുഴപ്പം! യാഥാര്‍ഥ്യം മനസ്സിലാക്കി പ്രതികരിക്കുകയെന്നതല്ലേ ഏറ്റവും മെച്ചമായത്?

എന്ത് ചെയ്യാം, നാം തിരക്കിലാണ്, ലോകമാകുന്ന ഈ ചന്തയില്‍ എന്തെല്ലാം വില്‍ക്കാനും വാങ്ങിക്കാനുമുണ്ട്. രാഷ്ട്രീയക്കാരന് നിയമവ്യവസ്ഥിതിയുണ്ട്,  വിശ്വാസിക്ക് മതമുണ്ട്, അധ്യാപകന് വിദ്യയുണ്ട്, വ്യവസായിക്ക് ഉത്പ്പന്നമുണ്ട്, കര്‍ഷകന് വിളകളുണ്ട്, കലാകാരന് കഴിവുകളുണ്ട്, വക്കീലിനു ചാതുര്യമുണ്ട്, തൊഴിലാളിക്ക് കായബലമുണ്ട്, ഉദ്യോഗസ്ഥന് അധികാരമുണ്ട് – എല്ലാം നന്നായി പായ്ക്ക് ചെയ്ത് കൂടുകളിലാക്കണം. അതൊക്കെ പോയി;  ഏതൊരു വ്യക്തിയും സ്വയം ഒരുല്‍പ്പന്നമായി പരിഗണിക്കുന്ന അവസ്ഥയാണ്!
ഒരു സ്ത്രീ ഒരിക്കല്‍ ഒരു പരസ്യം ചെയ്തു:
”ഞാന്‍ പറയുന്നത് വളരെ സത്യമാണ്. അതിസുന്ദരിയും വിവിധ മേഖലകളില്‍ പ്രഗത്ഭയുമായ എനിക്ക് 25 തികയുകയാണ്. വര്‍ഷം $1 മില്യണ്‍ ഡോളറിലധികം വരുമാനമുള്ളവരില്‍ നിന്നാണ് ആലോചനകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്.”
അതിന് ഒരു  ധനാഢ്യന്‍ കൊടുത്ത മറുപടി ശ്രദ്ധേയം. ആരോഗ്യത്തിലും സൗന്ദര്യത്തിലും ആരെങ്കിലും ഭ്രമിച്ചിരിക്കുന്നുവെങ്കില്‍ ഉപകാരപ്പെടും.
”പ്രിയ സുന്ദരിക്കുട്ടിക്ക്, …… ദയവായി ഒരു പ്രഫഷണല്‍ ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രതീക്ഷയെ ഞാനൊന്ന് വിലയിരുത്തട്ടെ. ഒരു വ്യാപാരിയുടെ കാഴ്ച്ചപ്പാടില്‍ നിങ്ങളെ കല്യാണം കഴിക്കുകയെന്നത് തീര്‍ത്തും മോശമായ ഒരു തീരുമാനമാണ്. ഇവിടെയുള്ള പ്രശ്‌നം, സൗന്ദര്യം ക്ഷയിക്കും എന്നതും ധനം കുറയില്ലെന്നതുമാണ്.
”സാമ്പത്തിക ശാസ്ത്രത്തിന്റെ നോട്ടത്തില്‍ നിങ്ങളൊരു ബാധ്യതയും ഞാനൊരു നേട്ടവുമായി മാറും. പത്തു വര്‍ഷങ്ങള്‍ക്കുശേഷം മൂല്യം വളരെ ഇടിയാന്‍ സാധ്യതയുണ്ട്.  എന്തിന്റെയെങ്കിലും  വ്യാപാരമൂല്യത്തില്‍ ഇടിവ് വന്നാല്‍ അത് കൈമാറ്റം ചെയ്യപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ഒക്കെയാണ് ചെയ്യുക. പിണങ്ങരുത്,  $1 മില്യന്‍ ഡോളറിലധികം വരുമാനമുള്ള ആരാണെങ്കിലും വെറും വിഡ്ഢിയാണെന്നു കരുതരുത്. അവര്‍ നിങ്ങളുമായി ഡേറ്റിംഗിന് വന്നേക്കാം പക്ഷേ, വിവാഹത്തിലാവാന്‍ താല്പര്യപ്പെടണമെന്നില്ല.
”വാള്‍സ്ട്രീറ്റില്‍ മാത്രമല്ല ആകമാന ലോകത്തും ഒരു വ്യാപാസ്ഥിതിയുണ്ട്. നിങ്ങള്‍ക്കുള്ളത്, ഓര്‍മ്മയില്‍ നില്‍ക്കുന്ന പരസ്‌നേഹം, സത്യസന്ധത, ദയ, എളിമ, ഉത്തരവാദിത്വബോധം, അധ്വാനശീലം തുടങ്ങിയ ഗുണസവിശേഷതകളായിരിക്കുകയാണ് നല്ലത്. അവയുടെ മൂല്യം കൂടുകയായിരിക്കും ചെയ്യുക. പണം, മന:ശക്തി, ബന്ധുബലം, വാക് സാമര്‍ഥ്യം, ബുദ്ധിശക്തി, അധികാരം, സൗന്ദര്യം, കായികശക്തി, പൊതുജന പിന്തുണ ….  ഇതൊക്കെയേ ഉള്ളൂവെങ്കില്‍ ആരും അത് ദീര്‍ഘകാലാവശ്യത്തിലേക്കായി വാങ്ങി സൂക്ഷിക്കില്ല!”

Select your favourite platform