ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഒരു യാത്രയിലായിരുന്നു. വഴിക്കു കണ്ടക്ടര്‍ വരുന്നു, ടിക്കറ്റ് ചോദിക്കുന്നു. അദ്ദേഹം പോക്കറ്റുകളും ബാഗും പരതിയിട്ടും ടിക്കറ്റില്ല! വെപ്രാളം കണ്ട കണ്ടക്ടര്‍ പറഞ്ഞു, താങ്കളെ എനിക്കറിയാം, ടിക്കറ്റില്ലാതെ യാത്ര ചെയ്യില്ലെന്നും അറിയാം; സാരമില്ല. ഐന്‍സ്റ്റെയ്ന്‍ പക്ഷേ, പരതല്‍ തുടര്‍ന്നു. ടിക്കറ്റ് വേണ്ടായെന്നു കണ്ടക്ടര്‍ വീണ്ടും പറഞ്ഞിട്ടും ഐന്‍സ്റ്റയ്ന്‍ അന്വേഷണം നിര്‍ത്തിയില്ല. അദ്ദേഹത്തിനാകട്ടെ, ആ ടിക്കറ്റില്‍ നോക്കി വേണമായിരുന്നു എങ്ങോട്ടാണ് പോകേണ്ടതെന്നോര്മ്മിക്കാന്! ഇതൊരു ഭ്രാന്തന് ജീവിതമാണ്. അദ്ദേഹം ആയിരുന്നത്, വര്ത്തമാനത്തിലല്ല ഭാവിയിലെങ്ങോ ആയിരുന്നിരിക്കണം. അതെന്തു ജീവിതം? വരാനിരിക്കുന്നത് വന്നിട്ടില്ല, അതെങ്ങനെയായിരിക്കുമെന്നും അറിഞ്ഞുകൂടാ. എങ്കിലും, പലരും അവിടെ കഴിയുന്നു. വേറെ ചിലരാകട്ടെ, ഭൂതകാലത്തായിരിക്കും ജീവിക്കുക. പഴയ ഓരോ ദുഃഖവും അല്ലെങ്കില്‍ സന്തോഷവും ഓര്‍ത്ത് ജീവിക്കും. അങ്ങനെ ജീവിച്ചതുകൊണ്ടും ഒരു പ്രയോജനവുമില്ല. കാരണം അതൊക്കെ എന്നേ കഴിഞ്ഞുപോയിരിക്കുന്നു.
ഒരുപാട്, പ്രഭാഷകരും താത്വികരും ഉപദേശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ആയിരിക്കുന്ന നിമിഷത്തില്‍ ജീവിക്കുകയെന്ന്. ഇതിനെപ്പറ്റി ദലൈലാമാ പറയുന്നത്, ഓരോ മില്ലി സെക്കന്റിനും മുമ്പും പിമ്പുമായി ഭൂതവും ഭാവിയുമുണ്ടെന്നാണ്. അതായത്, ഒരു മില്ലി സെക്കന്റെടുത്താല് അതിന്റെ പാതി ഭൂതവും പാതി ഭാവിയുമായിരിക്കില്ലേയെന്നദ്ദേഹം ചോദിക്കുന്നു. പ്രശ്നം അതല്ല, ‘വര്‍ത്തമാനം’ എന്നൊന്നില്ലാതെയിരിക്കുമ്പോള് ഭൂതവും ഭാവിയും എവിടെ? ഞാന്‍ ആയിരിക്കുന്ന നിമിഷത്തിലാണെന്നു പറഞ്ഞു തീരുമ്പോഴേക്കും, അല്ലെങ്കില്‍ അതിനു മുമ്പുതന്നെ ആ നിമിഷം ഭൂതകാലത്തിലായിക്കഴിയുമല്ലോ! അദ്ദേഹം പറഞ്ഞു ചുരുക്കുന്നത്, നാം ആയിരിക്കുന്നത് ഒന്നുകില്‍ സമയാതീതമായ ഒരവസ്ഥയിലോ, അല്ലെങ്കില്‍ സമയരഹിതമായ ഒരവസ്ഥയിലോ ആയിരിക്കുമെന്നാണ്. എല്ലാം ആപേക്ഷികത്വബന്ധിതമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ദലൈലാമ ഇങ്ങനെ പറഞ്ഞു, സമയമെന്നു പറഞ്ഞാല്‍ ഒരു ആത്മീയ ആശയമാണെന്നും ജീവിക്കേണ്ടത് ഭാവിയും വര്‍ത്തമാനവും ഭൂതവുമില്ലാത്ത ചേതനയിലാണെന്നും. ഇവിടെ, ഒരു കാര്യത്തില്‍ നമ്മുടെ ശ്രദ്ധ വീഴേണ്ടതുണ്ട്. അവബോധത്തില്‍ (awareness) ആയിരിക്കുകയെന്നതാണ് ശരിയായ ജീവിതമെന്നതാണത്. ഇവിടെ, ശരീരം വാഹനവും ജീവന് ഡ്രൈവറുമാകുന്നു. വണ്ടിയുടെ സര്‍വ ചലനങ്ങളും ഡ്രൈവര്‍ അറിഞ്ഞു മാത്രമായിരിക്കുമ്പോള്‍ ഡ്രൈവര്‍, ആ ജോലിക്ക് യോഗ്യനാണെന്നു നമുക്ക് പറയാം. ഗൗതമബുദ്ധന് ഈ ആശയത്തെ ശിഷ്യരോട് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഒരു കൊതുക് അദ്ദേഹത്തിന്റെ തോളില്‍ വന്നിരുന്നു. JCB ഡ്രൈവര്‍ bucket ഉയര്‍ത്തുന്നതുപോലെ, അദ്ദേഹം ബോധപൂര്‍വം വലതു കൈ ഉയര്ത്തിവന്നപ്പോഴേക്കും കൊതുക് കൊതുകിന്റെ പാട്ടിന് പോയി!
സമയത്തിന്റെ ശരിയായ നിര്‍വചനം, രണ്ട് അനുഭവങ്ങളുടെ മധ്യേയുള്ള ഇടം എന്നാണല്ലോ. ഒരു കാര്യം മനസ്സിലായിക്കാണണം, സമയമെന്നൊന്ന് സത്യത്തില്‍ ഇല്ലായെന്ന്. അനുഭവങ്ങളുടെയിടയിലുള്ള അവബോധചേതനയില്, ആയിരിക്കലിനെ കൊണ്ടുവരണമത്രേ! ഒരിടത്ത്, സ്വര്‍ഗവും നരകവുമെല്ലാം സമയാതീതമായ നിത്യതയിലാണെന്നു പഠിപ്പിക്കുന്ന മതങ്ങള്‍, അടുത്തിടത്ത് സമയവും സ്ഥലവും യാഥാര്ഥ്യമല്ലെന്നു പറയുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയിനും, ശാസ്ത്രവും!!ഇതിനെ മായയെന്നു വിധിക്കാമോ? ഭാരതീയ വേദാന്തം പ്രപഞ്ചത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴൊക്കെ മായയെന്ന സങ്കല്പവുമുണ്ട്. ഇവിടെ ദൃശ്യമായ മുഴുവന്‍ ഗോചരവസ്തുക്കളും യഥാര്‍ഥമാണെന്ന തോന്നല്‍ ഉള്ളില്‍ ഉളവാക്കുന്ന ഒരവസ്ഥയായാണ് മായയെ നിര്‍വചിച്ചിരിക്കുന്നത്. ഇതിനെ സത് എന്നോ അസത് എന്നോ പറയാനും കഴിയില്ലത്രേ! ബ്രഹ്മത്തില്‍നിന്നു പോലും ഇതിനെ വേര്‍പെടുത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്.
കുരുക്ഷേത്രയുദ്ധത്തില്‍ ഒരു തേരാളിയായിരുന്ന് വേണ്ട സമയത്ത് മായയും ഭഗവാന് സൃഷ്ടിച്ചിരുന്നില്ലേ? യുദ്ധത്തിന്റെ പതിമ്മൂന്നാം ദിവസത്തേക്ക് അര്ജുനന് ഒരു ശപഥം ചെയ്തിരുന്നു, അഭിമന്യുവിനെ വധിച്ച ജയദ്രതനെ ഇന്ന് സന്ധ്യക്ക് മുമ്പ് ഞാന്‍ വധിക്കും, അല്ലെങ്കില്‍ സ്വയം തീയില്‍ ചാടി ഞാന്‍ മരിക്കും. ദ്രോണര് ജയദ്രഥനെ സംരക്ഷിച്ചത്, നൂറായിരം കുതിരകള്‍ക്കും അറുപതിനായിരം തേരുകള്‍ക്കും, പതിന്നാലായിരം ആനകള്‍ക്കും, ഇരുപത്തോരായിരം കാലാളുകള്‍ക്കും മൂന്നു വിളിപ്പാട് ദൂരെയായി ഒളിപ്പിച്ചുകൊണ്ടായിരുന്നു. പക്ഷേ, കൃഷ്ണന്റെ അഭ്യര്‍ഥനപ്രകാരം യോഗമായ അസ്തമയത്തിന്റെ പ്രതീതിയുണ്ടാക്കി. യുദ്ധം നിന്നു! നിരായുധനായിനിന്ന ജയദ്രതന് നോക്കുമ്പോള്‍ ഇതാ സൂര്യന് തെളിഞ്ഞുവരുന്നു. അപ്പോഴേക്കും അര്ജ്ജുനന് അടുത്തെ ത്തിക്കഴിഞ്ഞിരുന്നു.അഹത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന മനുഷ്യന് ജീവിതമാകുന്ന മോഹവലയത്തിലൂടെ കടക്കുക എത്ര ദുഷ്കരമാണെന്ന് ചിന്തിച്ചുപോകുന്നു. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ – ഈശ്വരനെപ്പോലും!