മികച്ചത് വരാനിരിക്കുന്നു…

  • Episode 97
  • 29-11-2022
  • 08 Min Read
മികച്ചത് വരാനിരിക്കുന്നു…

ഒരു ഭാരതീയന്റെ ശരാശരി ആയുസ്സില്‍ നല്ല വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പുള്ള ഒരു സ്ഥിതി വിവരക്കണക്കു പ്രകാരം, ഇന്ത്യയിലത് 70 അടുത്തും, അമേരിക്കയിലത് 80 അടുത്തുമാണ്. അമേരിക്കയിലെയും ഇന്ത്യയിലെയും സംസ്‌കാരങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരു ശരാശരി അമേരിക്കന്‍ വയസ്സന്‍ 90 കഴിഞ്ഞാലും വണ്ടിയുമോടിച്ച് നടന്ന്, അയാളുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തും. സഹായിക്കാന്‍ ആരും കാണുകയുമില്ല, മക്കളാരെയും ഒരു കാരണവരും തേടുകയുമില്ല. ഇന്ത്യയില്‍, പ്രായമായാല്‍ മിക്കവര്‍ക്കും ‘ഉവ്വാവ്’കളായി – ശ്രദ്ധിക്കാന്‍ എല്ലാ മക്കളും അടുത്തു കാണണം താനും. ഇനി അഥവാ ബ്രഹ്മചര്യവും, ഗൃഹസ്ഥവും, വാനപ്രസ്ഥവും കഴിഞ്ഞുള്ള സന്യാസത്തില്‍ ആരെങ്കിലും കുടുങ്ങിയെങ്കില്‍ ജീവിതം ഒറ്റയ്ക്കായിരിക്കും; അവിടെ, ലക്ഷ്യവും മാര്‍ഗവും മാറിയിരിക്കും. ഭാരതീയ ‘ഉവ്വാവ്’ വൃദ്ധരില്‍, കൃഷിക്കാരും, ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും എഴുത്തുകാരുമൊക്കെ കാണും.

റിട്ടയര്‍ ചെയ്താല്‍ പിന്നെ വിശ്രമജീവിതമെന്നും, വിശ്രമമെന്നാല്‍ അധ്വാനരഹിതമായിരിക്കണം എന്നുമൊക്കെയുള്ള പിടിവാശി, തികച്ചും തെറ്റു തന്നെയാണ്. രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ ഉള്ളത്. ഒന്ന്, ഒരു ലക്ഷ്യവുമില്ലാതിരിക്കുന്നതുകൊണ്ട് ജീവിതം ദുരിത പൂര്‍ണ്ണമാകുന്നു; രണ്ട്, അവരുടെ അനുഭവവും അറിവും ഉപയോഗിക്കപ്പെടാതെയും പോകുന്നു. ആ വികലചിന്തയില്‍ നിന്ന് ധാരാളം ആളുകളെ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രധാനമന്ത്രിയായത് 81 ലാണ്, ക്ലാരാ ബര്‍ട്ടന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്സിന്റെ തലവിയായത് 83 ലാണ്. റോബര്‍ട്ട് ഫ്രോസ്റ്റിനെ അറിയില്ലേ, ‘The woods are lovely, dark and deep, but I have promises to keep, and miles to go before I sleep’ എന്ന പ്രസിദ്ധ കവിത എഴുതിയ ആള്‍? വലിയ കവിതകളെല്ലാം അദ്ദേഹം എഴുതിയത് 80കളിലാണ്. ഒലിവര്‍ വെന്റല്‍ ഹോം അമേരിക്കയില്‍ ചീഫ് ജസ്റ്റിസായി ജോലി നോക്കിയത് 90 വയസ്സുള്ളപ്പോഴായിരുന്നു. … ഈ ലിസ്റ്റ് ഒത്തിരി നീളും.  ഇവരൊക്കെ എന്ത്? 2018ല്‍ നാലാം ക്ലാസ് പരീക്ഷ എഴുതി പാസ്സായ 96 കാരിയായ  കാര്‍ത്ത്യായനിയമ്മ ആലപ്പുഴ സ്വദേശിനിയായിരുന്നു. ആനി ജോണ്‍സണ്‍ ഫ്‌ളിന്റ് പറഞ്ഞതുപോലെ, എല്ലാ ദിവസവും ആകാശം നീലയായിത്തന്നെ നിര്‍ത്താമെന്ന് ദൈവം പറഞ്ഞിട്ടില്ല. പക്ഷേ, എല്ലാ ദിവസങ്ങളിലും ഓരോരുത്തര്‍ക്കും വേണ്ട ശക്തി ദൈവം കൊടുക്കുന്നു.

ഒരിക്കലൊരു കപ്പല്‍ ശക്തമായ കാറ്റില്‍പ്പെട്ടു – മുങ്ങുമെന്നുറപ്പായെന്നു പറയാം. യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നു. കപ്പിത്താന്‍ എല്ലാവരെയും വിളിച്ചുകൂട്ടിയിട്ടൊരു കാര്യം പറഞ്ഞു,
”നമുക്കപകടത്തില്‍ പെടാതിരിക്കാന്‍ ഒത്തിരി മാര്‍ഗങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു തീരത്തുതന്നെ കിടക്കുകയെന്നത്.”  ഒന്ന് നിര്‍ത്തിയിട്ട് കപ്പിത്താന്‍ തുടര്‍ന്നു.
”പക്ഷേ, കപ്പലുണ്ടാക്കിയിരിക്കുന്നത് കടലില്‍ സഞ്ചരിക്കാനാണ്.”
എത്ര ശരി! അവസാന ശ്വാസംവരെ കര്‍മ്മനിരതരായിരിക്കാനാണ് ഒരോരുത്തരും ഇവിടെ ആയിരിക്കുന്നത്. വളര്‍ച്ച തീര്‍ന്ന മാമരങ്ങള്‍പോലും കര്‍മ്മനിരതമാണ്.  കാറ്റോ മഴയോ സൂര്യനോ ചന്ദ്രനോ …. ആരെങ്കിലും, എനിക്ക് വയസായതുകൊണ്ട് ഞാന്‍ വിശ്രമിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
എപ്പോള്‍ മരിക്കേണ്ടി വന്നാലും പൂര്‍ത്തിയാവാത്ത ഒരു ചിത്രം മുമ്പിലുണ്ടായിരിക്കണം – അതേ ഞാനും പറയുന്നുള്ളു. അമേരിക്കയിലെ എക്കാലത്തെയും മികച്ച ഗായകനായിരുന്ന  ഫ്രാങ്ക് സിനേട്രായുടെ ശവകുടീരത്തില്‍ എഴുതിയിരിക്കുന്നത്, ഏറ്റവും മികച്ചത് വരാനിരിക്കുന്നുവെന്നാണ്.

Select your favourite platform