എല്ലും തൊലിയും

  • Episode 69
  • 29-11-2022
  • 08 Min Read
എല്ലും തൊലിയും

ഞാന്‍ വളരുകയാണെന്നാണ് മനുഷ്യന്‍ പറയുന്നത്. ദൈവം തമ്പുരാന്‍ ഇറങ്ങിവന്ന്, ഇതാണോടാ നിന്റെ വളര്‍ച്ചയെന്ന് ചോദിച്ചാല്‍ നാം കുടുങ്ങും. ഒരിക്കല്‍, ഒരു ഞായറാഴ്ച്ച വൈകിട്ട്, ടോക്കിയോ എയര്‍പോര്‍ട്ടില്‍, ഒരാള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനവും നോക്കിയിരിക്കുകയാണ്. അയാള്‍ വൈകിട്ട് ഫ്‌ളൈറ്റില്‍ കയറിയാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങുമ്പോള്‍ അതേ ഞായറാഴ്ച്ച വെളുക്കുകയേയുള്ളു. രണ്ട് ഞായറാഴ്ച്ചകള്‍ ഒരുമിച്ച് കിട്ടുന്ന സന്തോഷത്തിലിരിക്കുമ്പോള്‍, ഒരു കാപ്പി കുടിച്ചാല്‍ കൊള്ളാമെന്നാഗ്രഹം. ബ്ലൂ ബോട്ടില്‍ കമ്പനിയുടെ ഒരു വെന്റിങ് മെഷീന്‍ കണ്ടു. പക്ഷേ, ഒരു കുഴപ്പം, കൈയിലുള്ള യെന്‍ എല്ലാം മാറി ഡോളര്‍ ആക്കിയിരുന്നു. കൈയിലുള്ളത് ഒരു കാപ്പിക്കു തികയണമെങ്കില്‍, ചെറുത് രണ്ടെണ്ണം കൂടി വേണംതാനും. മെഷീനിന്റെ അടുത്തു ചെന്ന്, സൂക്ഷിപ്പുകാരിയോട് ചോദിച്ചു, രണ്ട് യെന്‍ കുറവുണ്ടെങ്കില്‍ വല്ല നീക്കുപോക്കുമുണ്ടോയെന്ന്- അളവിലിത്തിരി കുറഞ്ഞാലും കുഴപ്പമില്ലായിരുന്നു. അവര്‍ പറഞ്ഞത്, കൃത്യം അത്രയും പണമുണ്ടെങ്കിലേ മെഷിന്‍ വര്‍ക്ക് ചെയ്യൂവെന്നാണ്.

ഒരിക്കല്‍ അമേരിക്കയില്‍ നിന്ന് നയാഗ്ര കാണാന്‍ പോയ ഒരു യുവദമ്പതികളുടെ കഥ കേള്‍ക്കാനിടയായി. ഡിട്രോയിറ്റില്‍ നിന്ന് നയാഗ്രായിലേക്ക് പോകുന്ന വഴി എക്‌സ്പ്രസ്സ് ഹൈവേ രണ്ടായിത്തിരിയും ഒന്ന് കാനഡയിലേക്ക് – അവിടെ ഒരു ചെക്ക് പോസ്റ്റും ഇല്ല. സൂക്ഷിച്ചില്ലെങ്കില്‍, അമേരിക്കയിലെ നയാഗ്രാക്കുപകരം കാനഡയിലെ നയാഗ്രായിലെത്തും! മടങ്ങിപ്പോരണമെന്നു തോന്നിയാലും അടുത്തെങ്ങും എക്‌സിറ്റുമില്ല. അങ്ങോട്ട് ചെക്കിങ്ങില്ലെങ്കിലും ഇങ്ങോട്ട് സ്ട്രിക്റ്റായിരിക്കും. അങ്ങനെ വഴിമാറി കാനഡായിലെത്തിയ ഒരു യുവദമ്പതികളില്‍ ഭര്‍ത്താവിന് കാനഡായില്‍ നിന്നുള്ള എന്‍ട്രി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. ഭാര്യ ഏകയായി ചിക്കാഗോയിലേക്കും ഭര്‍ത്താവ് ഡല്‍ഹിക്കും പോകേണ്ടിവന്നു. അമേരിക്കയില്‍ യന്ത്രങ്ങളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഹൃദയവുമില്ല, മനുഷ്യത്വവുമില്ലെങ്കിലും യന്ത്രങ്ങള്‍ അറിഞ്ഞാരേയും ചതിക്കാറില്ലാത്തതുകൊണ്ടായിരിക്കണം എല്ലാവര്‍ക്കും അതിനെയാണ് വിശ്വാസം. യന്ത്രങ്ങളെ കൂട്ടുകൂട്ടിയിരിക്കുന്നുവെന്നു പറഞ്ഞാല്‍, മനുഷ്യന്‍ ഒരു യന്ത്രത്തിന്റെ നിലവാരത്തിലേക്ക് താണിരിക്കുന്നുവെന്നര്‍ഥം.

പിന്നെന്തു കാട്ടിയാണ് നാം മക്കളെ നന്മയുടെയും പരസ്‌നേഹത്തിന്റെയും ശീലുകള്‍ പഠിപ്പിക്കുന്നത്? ഹെലന്‍ കെല്ലര്‍ പറഞ്ഞത്, “Life is an exciting business and most exciting when lived for others” എന്നാണ്. അപരനെ സ്‌നേഹിക്കാനും, ബഹുമാനിക്കാനും, സ്വീകരിക്കാനും നമുക്കു കഴിയുന്നില്ലെങ്കില്‍ നാമെന്ന സമൂഹജീവികളുടെ, സഹസ്രഷ്ടാക്കളെന്ന പദവിയില്‍നിന്ന് ആഴത്തിലേക്കുള്ള വീഴ്ച്ചയാണ് സംഭവിക്കുക. ആരും നിങ്ങളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ തത്വത്തില്‍ മരിച്ചവരായിരിക്കുന്നുവെന്നാണ് പ്രമാണം. യഥാര്‍ഥ സ്‌നേഹം, സ്വയം സ്‌നേഹത്തിലോ സ്വാര്‍ഥതയിലോ ഒതുങ്ങി നില്‍ക്കാതെ ഉള്ളില്‍നിന്നു നിറഞ്ഞൊഴുകി തനിക്കുള്ളവരിലേയ്ക്കും, തനിക്കു ചുറ്റുമുള്ളവരിലേക്കും ഉള്ളവകളിലേക്കും പരന്നൊഴുകി പ്രപഞ്ചത്തെ മുഴുവന്‍ നനയ്ക്കണം!

സ്ഥൂലമായതായാലും സൂക്ഷ്മമായതായാലും യാതൊന്നും പങ്കുവയ്ക്കാന്‍ പൊതുവെ ഇഷ്ടപ്പെടുന്നവരല്ല നാം. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ നമുക്ക് ലോകത്തേക്കൊണ്ടാണാവശ്യം, മറിച്ചല്ല. പക്ഷേ, അങ്ങനെയൊരു ചിന്തയല്ല നമുക്കുള്ളത്. സേവനം എന്നത് വളരെ പ്രാര്‍ഥനയോടെയും നിയോഗത്തോടെയും ചെയ്യണമെന്നാണ് സ്വാമി വിവേകാനന്ദന്‍ ആവശ്യപ്പെടുന്നത്. കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ടത് കൊടുക്കേണ്ടത്ര കൊടുക്കേണ്ടവന് കൊടുക്കുമ്പോഴാണ്, സത്യത്തില്‍ പ്രകൃതിയുടെ കണക്കില്‍ കൊടുക്കലാവുന്നത്.വാസ്തവം പറഞ്ഞാല്‍, ഇങ്ങനെ മെഷീനുകളെ മാത്രം കുറ്റം പറഞ്ഞാല്‍ ശരിയാകുമോ? മിക്ക മതങ്ങള്‍ക്കും ഹൃദയമോ കരളോ ഒന്നുമില്ലല്ലോ, മസ്തിഷ്‌കം മാത്രമല്ലേയുള്ളൂ? സമൂഹത്തിന്റെ നിയമസംഹിതകള്‍ക്കാണെങ്കില്‍ എല്ലും തൊലിയും മാത്രമേ കാണൂ മസ്തിഷ്‌കവും നിര്‍ബന്ധമല്ലല്ലോ? യന്ത്രത്തില്‍ക്കൂടി നോക്കുമ്പോഴുള്ള ഒരു കുഴപ്പം സര്‍വവും യന്ത്രമായി മാത്രമേ കാണൂവെന്നതാണ്. അപ്പോഴാണ് പ്രാര്‍ഥിച്ചാല്‍ മാത്രം ചലിക്കുന്ന,  ഈശ്വരനെയും നാം കാണുന്നത്.

ഹൃദയത്തെ രക്തചംക്രമണം നടപ്പാക്കാനുള്ള ഒരു ശരീരഭാഗം മാത്രമായി കാണാതെ, ഈ പ്രപഞ്ചവുമായി നമ്മെ സദാ ബന്ധിപ്പിച്ചിരിക്കുന്ന ഒരു സംവിധാനമായിക്കൂടെ കാണണം. ഹൃദയമില്ലാത്ത ഒരു ലോകത്ത് ആര്‍ക്കും നിലനില്‍ക്കാനാവില്ല.

Select your favourite platform