ചിരിയോ ചിരി!

  • Episode 18
  • 29-11-2022
  • 10 Min Read
ചിരിയോ ചിരി!

എനിക്കു വേണ്ടി ചിന്തിക്കാന്‍ മറ്റാരെയെങ്കിലും ചുമതലയേല്‍പ്പിക്കുന്നതിലും എനിക്കിഷ്ടം, ശാസ്ത്രത്തിലും കാര്യകാരണ ബന്ധിത ജീവിതക്രമത്തിലുമൊക്കെയാണ്. അതിന്റെയര്‍ഥം, പ്രകൃതിയിലുള്ളതെല്ലാം മനുഷ്യനു മനസ്സിലാക്കാവുന്നതേയുള്ളുവെന്നല്ല; അതുപോലെ, ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നുമല്ല. ആയിരിക്കുന്ന നിമിഷത്തെപ്പറ്റി നല്ലയൊരവബോധമാണ് ആര്‍ക്കും വേണ്ടത്. ഉദാഹരണത്തിന്, സന്തോഷം അന്വേഷിച്ചു പരക്കം പായുന്ന അനേകരെ ഞാന്‍  കണ്ടിട്ടുണ്ട് – ചിലര്‍ ബാറുകളിലേക്കു പോകുന്നു, ചിലര്‍ ആരാധനാലയങ്ങളിലേക്കും പോകുന്നു. എവിടെനിന്നായാലും എന്നത്തേക്കുമായി അതാര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ വീണ്ടും അങ്ങോട്ടാരും പോകുമായിരുന്നില്ലല്ലോ? ഇപ്പറയുന്ന സാധനം, നമ്മോടുള്ള ഇഷ്ടംകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്നാരോ കൊടുത്തുവിടുന്നതാണെന്നു കരുതുന്നവരും ധാരാളം. സന്തോഷവും (happiness) സമാധാനവും (peace) രണ്ടാണ്.

ചന്ദ്രന്‍ കാരണം വേലിയേറ്റവും വേലിയിറക്കവും കടലില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ ജലാംശവും ഇളകുന്നു. അങ്ങനെ ബുദ്ധിഭ്രമം ആളുകളില്‍ ഉണ്ടാകാറുണ്ടല്ലോ. പരിശോധിച്ചാല്‍, സന്തോഷമെന്നതും ശരീരത്തിനുള്ളില്‍ നടക്കുന്ന ഒരു സാധാരണ പ്രക്രിയയാണെന്നു കാണാം. ശരീരത്തില്‍ സോഡിയം കുറഞ്ഞാലും കൂടിയാലും അപകടമാണ്. കുറഞ്ഞാല്‍ വ്യക്തിത്വം തന്നെ മാറിപ്പോകും – ആത്മവിശ്വാസവും പോകും, മടിയും കൂടും. ചിരിക്കാനാണെങ്കില്‍ അല്‍പ്പം നൈട്രസ് ഓക്‌സൈഡ് അല്ലെങ്കില്‍ ചിരിവാതകം സൂക്ഷിപ്പിലുണ്ടായാലും മതിയല്ലോ.
സന്തോഷത്തിന്റെ പിന്നിലും അല്പം ശാസ്ത്രമുണ്ട്.  ഏതാനും ഹോര്‍മോണുകളാണ് ശരീരത്തിലെ സന്തോഷം നിശ്ചയിക്കുന്നത് – പ്രധാനമായും നാല് ഹോര്‍മോണുകള്‍! എന്‍ഡാഫിന്‍, ഡോപമിന്‍, സെററ്റനന്‍, ഓക്‌സറ്റോസന്‍ എന്നിവയാണ് ഈ നാല് ഹോര്‍മോണുകള്‍. ഈ ഹോര്‍മോണുകള്‍ അല്ലെങ്കില്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ശരീരത്തില്‍ ഉത്പാദിക്കപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. അവയെ നമുക്ക് മനസ്സുകൊണ്ടുതന്നെ പ്രചോദിപ്പിച്ചു സന്തോഷത്തോടെ ആയിരിക്കാവുന്നതേയുള്ളു.

എന്‍ഡാഫിനുകളെ ഉത്തേജിപ്പിക്കാന്‍ ശാരീരിക വ്യായാമങ്ങള്‍  മതിയാവും. ഇവ തലച്ചോറിലെ സ്വീകരണികളുമായി ഇടപഴകി വേദനയെപ്പറ്റിയുള്ള ഓരോരുത്തരുടെയും മനോഭാവത്തില്‍ വ്യത്യാസം വരുത്തുന്നു. ഈ രാസപ്രവര്‍ത്തനം മൂലം ശരീരത്തില്‍ പോസിറ്റീവ് അനുഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു – മോര്‍ഫിനും ഇതാണ് ചെയ്യുന്നത്. ചിരി ചികിത്സയില്‍ (laughter therapy) എന്‍ഡാഫിനുകള്‍ വലിയ തോതില്‍ പുറത്തുവരുന്നുണ്ട്. എല്ലാ ദിവസവും, കുറഞ്ഞതു മുപ്പതു മിനിറ്റെങ്കിലും ചിരിയവസരങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. തമാശകളും തമാശക്കാരും എന്നും ജീവിതത്തിലുണ്ടാവും. കൂടുതല്‍ സമയം ചിരിക്കാന്‍ കണ്ടെത്തുന്ന വരുടെ ആയുസ്സിന് നീളവും കൂടിയിരിക്കും.
ഡോപമിനും ഒരു ജൈവരാസ ഹോര്‍മോണാണ്. അതൊരു ഹോര്‍മോണായും ന്യൂറോട്രാന്‍സ്മിറ്ററായും പ്രവര്‍ത്തിക്കുന്നു. ശരീരത്തിലും മസ്തിഷ്‌കത്തിലും ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നു. ജീവിതത്തില്‍ നടപ്പാക്കപ്പെടുന്ന ചെറുതും വലുതുമായ എല്ലാ പദ്ധതികളും ഡോപമിന്‍ ഉല്പാദിക്കപ്പെടാന്‍ കാരണമാകും. നാം പ്രശംസിക്കപ്പെടുമ്പോഴും, നാം സന്തോഷവാന്മാരായിരിക്കുമ്പോഴു മൊക്കെ ഡോപമിന്‍ പുറപ്പെടുവിക്കപ്പെടും. കുട്ടികള്‍, ഭാര്യമാര്‍, തൊഴിലാളികള്‍ എന്നിവരൊക്കെ മിക്കവാറും അസന്തുഷ്ടരായിരിക്കുന്നതിന്റെ കാരണം ഇതാണ്. ജീവിതത്തിലെ എന്തു നേട്ടവും, അത് പരീക്ഷയിലുള്ളതായാലും, കിട്ടിയ ഒരു സമ്മാനവുമായി  ബന്ധപ്പെട്ട കാര്യമായാലും ഡോപമിന്‍ പുറപ്പെടുവിക്കലില്‍ അവസാനിക്കും.
സെററ്റനന്‍ ശരീരത്തിലുണ്ടാകുന്നത്, മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന സംതൃപ്തിയിലൂടെയാണ്. അത് മറ്റൊരു മനുഷ്യനായിരിക്കണമെന്നുമില്ല – ജന്തുക്കളോ സസ്യങ്ങളോ വസ്തുക്കളോ എന്തുമാവാം. മറ്റുള്ളവരെ സഹായിക്കുന്നത് ആരെയും സന്തോഷവാന്മാരാക്കുന്നത് അതുകൊണ്ടാണ്.

അവസാനത്തേതാണ് ഓക്‌സറ്റോസന്‍. രണ്ടാളുകള്‍ അടുത്തായിരിക്കുമ്പോള്‍ പുറപ്പെടുവിക്കപ്പെടുന്നതാണ് ഈ ഹോര്‍മോണുകള്‍  – കെട്ടിപ്പിടിക്കല്‍ ഒരുദാഹരണം. ഷേക്ക് ഹാന്‍ഡും, അതുപോലുള്ള എല്ലാ അടുപ്പം പ്രകടിപ്പിക്കലുകളും ഓക്‌സറ്റോസന്റെ പുറപ്പെടുവിക്കലിന് കാരണമാകും. ഈ നാല് ഘടകങ്ങളുടെ പ്രവര്‍ത്തനമാണ് നമ്മെ സന്തോഷവാന്മാരായി നിലനിര്‍ത്തുന്നത്.

Select your favourite platform