ഉമിക്കൂമ്പാരം

  • Episode 54
  • 29-11-2022
  • 08 Min Read
ഉമിക്കൂമ്പാരം

ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് യേശു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യമുറിയില്‍ യേശുവിന്റെ ഒരു ചിത്രം പൂജിക്കപ്പെട്ടുമിരുന്നു. രണ്ടുപേരും തമ്മില്‍ ഒരു വലിയ സാമ്യം ഞാന്‍ കാണുന്നത് ഉപമകളുടെ കാര്യത്തിലാണ്. വളരെ ഗഹനമായ കാര്യങ്ങള്‍ ലളിതമായ കഥകളിലൂടെയാണ് ഇരുവരും പറയുമായിരുന്നത്. ഒരിക്കല്‍ ബ്രഹ്മന്‍ എന്താണെന്ന് പഠിക്കാന്‍ തന്റെ കുട്ടികളെ ഗുരുവിന്റെയടുത്തുവിട്ട ഒരു അച്ഛന്റെ കഥ പരമഹംസര്‍ പറഞ്ഞു. തിരിച്ചുവന്ന മൂത്തവന്‍ വേദങ്ങളിലെ ഉദ്ധരണികളിലൂടെ ബ്രഹ്മനെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടാമത്തവനാകട്ടെ അച്ഛന്റെ ചോദ്യത്തിനു മുമ്പില്‍ കണ്ണും മിഴിച്ചുനിന്നതേയുള്ളൂ. അച്ഛനവനോട് പറഞ്ഞത്, നിനക്ക് ബ്രഹ്മനെപ്പറ്റി അല്പമെന്തോ മനസ്സിലായിട്ടുണ്ടെന്നാണ്.
ഒരിക്കല്‍ ഒരു രാജസദസ്സില്‍ ഒരു വേദപണ്ഡിതനുണ്ടായിരുന്നു. രാജാവ് പെട്ടെന്നു മരിച്ചു – കുമാരന്‍ രാജാവായി. കുമാരനെ ഭാഗവതം പഠിപ്പിക്കാന്‍ ഒരാള് വേണം. താന്‍ പഠിപ്പിക്കാമെന്ന് പണ്ഡിതന്‍; എങ്കില്‍ ഭാഗവതം ഒരാവര്‍ത്തി വായിച്ചിട്ടുവരാന്‍ രാജാവ്. രാജാവ് പറഞ്ഞതല്ലേയെന്നു കരുതി, പിറ്റേന്നുതന്നെ ഭാഗവതം ഒരാവര്‍ത്തി വായിച്ചിട്ട് പണ്ഡിതന്‍ മടങ്ങി. രാജാവു പണ്ഡിതനോട് വീണ്ടും അതുതന്നെ പറഞ്ഞു. വീണ്ടും ഭാഗവതം മുഴുവന്‍ വായിച്ചിട്ട് പണ്ഡിതന്‍ രാജസദസിലെത്തി. അപ്പോഴും, പണ്ഡിതനു ഭാഗവതം നന്നായി മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ലെന്നായി രാജാവ്.

ഇതിലെന്തോ കെണിയുണ്ടല്ലോ, എങ്കില്‍ ഇത് ശ്രദ്ധിച്ചിരുന്ന് ഒരാവര്‍ത്തികൂടി വായിച്ചേക്കാം എന്ന് കരുതി, പണ്ഡിതന്‍ ഭാഗവതവുമായി വനത്തിലേക്ക് നടന്നു. ആഴ്ചയൊന്നു കഴിഞ്ഞു, രണ്ട് കഴിഞ്ഞു പണ്ഡിതനെ കാണാനില്ല! രാജാവ് സേവകരെ വിട്ടന്വേഷിപ്പിച്ചപ്പോള്‍ മനസ്സിലായത് ഭാഗവതത്തിന്റെ ഒരധ്യായം പോലും അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞില്ലെന്നാണ്. ഉടന്‍ രാജാവ് അദ്ദേഹത്തെ വിളിപ്പിച്ച് ഗുരുസ്ഥാനത്തിരുത്തി ഭാഗവത പഠനം തുടങ്ങിയെന്നാണ് കഥ.

ഇന്ന്, മതതീവ്രവാദികളെക്കൊണ്ട് രാജ്യം നിറഞ്ഞിരിക്കുന്നു. ഈശ്വരനെപ്പറ്റി ദിവസങ്ങളോളം വേണമെങ്കിലും അവര്‍ സംസാരിക്കും. ഇവരാരും ഈശ്വരനെ അറിഞ്ഞിട്ടേയില്ലെന്ന് സ്പഷ്ടം! വി. ഫ്രാന്‍സിസ് അസ്സീസ്സി ഒരിക്കല്‍ പറഞ്ഞത്, വാക്കുകള്‍ അത്യാവശ്യമുണ്ടെങ്കിലെ ഉപയോഗിക്കാവൂയെന്നാണ്. അത്രമേല്‍ ലുബ്ദിക്കേണ്ടിടത്താണ് ഈ വാക്‌യുദ്ധം. നാം വഴക്കടിക്കുന്നത് നിസ്സാരം കാര്യങ്ങളെച്ചൊല്ലിയാണെന്നതാണ് അതിലും രസം. സ്വാമി വിവേകാനന്ദന്‍ തന്റെ ലോക പര്യടനമൊക്കെക്കഴിഞ്ഞു മടങ്ങിയെത്തി കോസിപ്പൂര്‍ എന്ന സ്ഥലത്ത് ഒരു സ്‌നേഹിതന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ്, പ്രദേശത്തെ പണ്ഡിറ്റുമാര്‍, അദ്ദേഹത്തിന്റെ തത്വശാസ്ത്രം കേള്‍ക്കാന്‍ വേണ്ടി ചുറ്റും കൂടി. അവരെല്ലാം സംസ്‌കൃതത്തില്‍ പണ്ഡിതരായിരുന്നു; വിവേകാനന്ദനാവട്ടെ, ഈ ഭാഷ ഉപയോഗിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞിരുന്നുതാനും. സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിനൊരു വ്യാകരണപ്പിശക്പറ്റി. പണ്ഡിതര്‍ ഇതില്‍ കയറിപ്പിടിച്ചു. വിവേകാനന്ദന്‍ തോല്‍വി സമ്മതിച്ച് സംവാദം തുടര്‍ന്നു.

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ തന്റെ ശിഷ്യരോട് വിവേകാനന്ദന്‍ പറഞ്ഞു, ഒരു വ്യാകരണപ്പിശകിന്റെ പേരില്‍ പാശ്ചാത്യരാരും തര്‍ക്കിക്കാന്‍ നില്‍ക്കുകയില്ല. പ്രധാനവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിയാതിരിക്കാനാണ്, തനിക്കാണ് തെറ്റുപറ്റിയതെന്ന് താന്‍ പറഞ്ഞത്. അദ്ദേഹം ഭാരതീയരെപ്പറ്റി തുടര്‍ന്ന് പറഞ്ഞത്, ഭാരതത്തില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ മുഴുവന്‍ ഉമിയെപ്പറ്റിയാണെന്നും, ഉള്ളിലുള്ള നെന്മണിയെപ്പറ്റി ആരും പരാമര്‍ശിക്കുന്നു പോലുമില്ലെന്നുമാണ്.

Select your favourite platform