ഇന്നലെത്തന്നെ ചെയ്യുക

  • Episode 26
  • 29-11-2022
  • 10 Min Read
ഇന്നലെത്തന്നെ ചെയ്യുക

നമ്മുടെ ഇടയില്‍ ധാരാളം ബിസിനസ്സുകാരുണ്ട്. ബഹുഭൂരിപക്ഷത്തിനും പരാജയത്തിന്റെയും ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയുമൊക്കെ കഥകളാണ് പറയാനുള്ളത്. ഈ സംഭവം വായിക്കുക. മുപ്പതു വര്‍ഷത്തിനു ശേഷമായിരുന്നു, പഴയ ആ സ്‌നേഹിതനെ സ്വതന്ത്രമായി ഒന്നു കാണാന്‍ കഴിഞ്ഞത്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് ജോലി രാജിവെച്ച്, സ്വന്തമായ ഒരു ബിസിനസിലേക്കു കടന്ന അദ്ദേഹത്തെ കാണുമ്പോഴെല്ലാം വിചിത്രമായ പല അനുഭവങ്ങളും അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടാകുമായിരുന്നു.

അന്നദ്ദേഹത്തോടൊപ്പം രണ്ട് മണിക്കൂര്‍ എനിക്ക് ചെലവഴിക്കാന്‍ സാധിച്ചു. അദ്ദേഹം പങ്കുവെച്ച മലേഷ്യന്‍ അനുഭവങ്ങള്‍ വളരെ രസകരമായിരുന്നു. അവിടുത്തെ ഒരു പ്രമുഖ പ്രസില്‍ കുറെ ബ്രോഷറുകള്‍ അടിക്കാനായി പോയ കാര്യം പറഞ്ഞു. ഏഷ്യയിലെ തന്നെ മികച്ച ഒരു പ്രസ്സായിരുന്നത്. അതിന്റെ മുറ്റത്തുതന്നെ സാധാരണ ഒരു തൊഴിലാളിയെപ്പോലെ അതിന്റെ ഉടമയും ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോള്‍ എന്റെ സ്‌നേഹിതനെ ഉടമ പ്രസ്സിലേക്കു കൂട്ടിക്കൊണ്ടുപോയി, പ്രസ്സിന്റെ ഓരോ വിഭാഗവും കാണിച്ചു കൊടുത്തു. ഇങ്ങനെ വിശദമായി കാണിച്ചതിന് രണ്ടുദ്ദേശ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് അതിന്റെ ഉടമ പറഞ്ഞു, മികച്ച ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്കുണ്ടെന്നും, രണ്ടാമതായി വളരെ ബഹുമാനത്തോടെയാണ് ഓരോ ജോലിയും അവര്‍ ചെയ്യുന്നതെന്നും ഇടപാടുകാരനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നവ. അവരുടെ മെഷീനുകള്‍ ഏറെ സവിശേഷതകളുള്ളതുമായിരുന്നു – മിക്കവയും എ. സി. ഹാളുകളിലുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

മലേഷ്യയിലെ വ്യവസായികളുടെ ജോലി രീതികളെപ്പറ്റിയും അദ്ദേഹം പറഞ്ഞു. അവരെല്ലാവരും തന്നെ ഒരു ദിവസം മുമ്പേ ജോലി ചെയ്യുകയെന്ന രീതിക്കാരാണത്രെ. അവരെത്ര സുന്ദരമായി സംസാരിച്ചാലും എത്രയെല്ലാം ബഹുമാനം കാണിച്ചാലും ഓര്‍ഡറനുസരിച്ചുള്ള ജോലി തുടങ്ങണമെങ്കില്‍, പറഞ്ഞു സമ്മതിച്ച തുക കൃത്യസമയത്ത് കിട്ടിയിരിക്കണമായിരുന്നു. എങ്കിലേ, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വര്‍ക്ക് ഓര്‍ഡര്‍ പോകുമായിരുന്നുള്ളു.

ഇടപാടുകാരനോടൊപ്പം വളരുകയെന്നതും അവരുടെ നയമായിരുന്നു. നിരവധി കമ്പനികള്‍ ദശലക്ഷക്കണക്കിനു പ്രിന്റിങ് ജോലികള്‍ അവരെക്കൊണ്ട് ചെയ്യിക്കുന്നുവെന്ന് ഉടമ പറഞ്ഞു. എന്തുകൊണ്ട് ഇവരൊന്നും മറ്റുള്ളവരില്‍നിന്ന് ക്വട്ടേഷന്‍ എടുക്കുന്നില്ലെന്നു ചോദിച്ചതിന്, അന്തര്‍ദ്ദേശീയ വ്യവസായ സ്ഥാപനങ്ങളില്‍ വളരെ കര്‍ശനമായ നിരവധി പരിശോധനകളുണ്ടെന്നും, അതെല്ലാം കടന്നേ ഒരുല്‍പ്പന്നം വില്‍ക്കപ്പെടുന്നുള്ളുവെന്നുമാണ് ഉടമ പറഞ്ഞത്. ആദ്യത്തെ പ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള ഒരു ബ്രോഷര്‍ കോപ്പി അദ്ദേഹത്തെ കാണിച്ചപ്പോള്‍, ഉടമയത് മണത്തു നോക്കുകയും ഒരു ചുളുങ്ങിയ മുഖം കാണിക്കുകയും ചെയ്തത് സ്‌നേഹിതന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. മഷിയുടെ ഗുണക്കുറവുകൊണ്ടാണ് ഈ ഗന്ധമെന്ന് അന്നദ്ദേഹം പറഞ്ഞിരുന്നു.
വ്യാപാരം കുറവാണെന്നു കരയുന്ന വ്യവസായികള്‍ ആത്മപരിശോധന നടത്തണമെന്ന് സ്‌നേഹിതന്‍ പറഞ്ഞു.
1 നല്ലൊരു പദ്ധതി നിങ്ങള്‍ക്കുണ്ടോ?
2 എല്ലാ കാര്യങ്ങളും ഒരു ദിവസം മുമ്പേ ചെയ്യുന്നുണ്ടോ?
3 കര്‍ശനമായ ഗുണനിലവാരം നിഷ്‌കര്‍ഷിക്കുന്നുണ്ടോ?
4 പണമിടപാടുകളില്‍ എത്ര കര്‍ശനമാണ് നിങ്ങളുടെ നിലപാടുകള്‍?

5 ഒരു പരാതി, ഇടപാടുകാരനനുകൂലമായി എത്ര വേഗത്തിലാണ് നിങ്ങള്‍ പരിഹരിക്കുന്നത്?

ഏതു ബിസിനസ്സിനും  ഒരുപാട് സാധ്യതകളുണ്ട്; അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നു.

Select your favourite platform