ശിഷ്യനെത്തേടി

  • Episode 37
  • 29-11-2022
  • 10 Min Read
ശിഷ്യനെത്തേടി

ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ ഓരോകഥയും ഒരു ജീവിതകാലം മുഴുവനിരുന്നു ചിന്തിക്കാന്‍ മാത്രം ഉണ്ടാവും. ജലം  ഉയര്‍ന്ന പ്രതലത്തില്‍നിന്ന് താഴ്ന്ന പ്രതലത്തിലേക്ക് ഒഴുകും. ജ്ഞാനവും അങ്ങനെതന്നെ;  അതിനുമുണ്ട് ഒഴുകാന്‍ ചില പ്രകൃതിദത്തക്രമങ്ങള്‍. ജലം കെട്ടിക്കിടന്നാല്‍ എങ്ങിനെ ചീത്തയാകുമോ അതുപോലെതന്നെയാണ് ജ്ഞാനവും. അതു വില്‍ക്കാന്‍ വെച്ചാലും ചീത്തയാവും. അത് രാവണനും അറിയാമായിരുന്നു; അതുകൊണ്ടാണല്ലോ, തന്റെ മരണത്തിനു കാരണക്കാരനായിരുന്നിട്ടും ശ്രീരാമനോട് രാവണന്‍ ബഹുമാനത്തോടെ സംസാരിച്ചതും അവസാന മുഹൂര്‍ത്തത്തിലാണെങ്കിലും, അമൂല്യമായിക്കരുതിയ അറിവു പകര്‍ന്നുകൊടുത്തതും.

അറിവ് എങ്ങനെ കൈമാറപ്പെടണമെന്ന്  ദ്രോണര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ, നിഷാദബാലനായ ഏകലവ്യനോട് പോലും ‘നോ’ എന്ന് ദ്രോണര്‍ പറയാതിരുന്നത്. ഏകലവ്യന്‍ ശരിക്കും നിഷാദവംശജനല്ലെന്നും കാട്ടാളനായ ഹിരണ്യധനുവിന്റെ മകനല്ലെന്നും, സൂരസേനന്റെ പുത്രനായ ദേവശ്രവസ്സിനുണ്ടായ ശത്രുഘ്‌നന്‍ എന്ന കുട്ടിയാണെന്നും, വനത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇവനെ നിഷാദന്മാര്‍ എടുത്തു വളര്‍ത്തുകയായിരുന്നെന്നും (ഹരിവംശ പര്‍വം) ദ്രോണര്‍ക്ക് അറിയാമായിരുന്നിരിക്കണം. ദ്രോണര്‍ അവനോട് കാര്യമായി ഒന്നും ചോദിക്കുന്നില്ലല്ലൊ! നീ ആരാണെന്നല്ലല്ലോ, നീ  എന്തിനാ വന്നതെന്നല്ലേ ദ്രോണര്‍ ചോദിക്കുന്നത്?

ഏകലവ്യന്‍ മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തിയപ്പോള്‍ വിഭ്രാന്തിയിലായത് ദ്രോണരാണ്. ദ്രോണര്‍ പക്ഷേ, ഏകലവ്യനെ തള്ളിക്കളഞ്ഞില്ല, രാജഗുരുവായ ദ്രോണര്‍ക്ക്, ഹീനജാതിയെന്ന് കരുതപ്പെടുന്നവനായ തന്നെ ശിഷ്യനായി സ്വീകരിക്കാന്‍ കഴിയുമോയെന്ന് ഏകലവ്യനും സമംശയമുണ്ടായിരുന്നിരിക്കണം. സ്വയം അഭ്യാസം ചെയ്ത് വിദ്യ നേടിക്കൊള്ളാന്‍ ദ്രോണര്‍ ഏകലവ്യന് അനുവാദം കൊടുത്തു. അക്ഷരാര്‍ഥത്തില്‍ ഏകലവ്യന്‍ ദ്രോണരുടെ ശിഷ്യന്‍ തന്നെയായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്. ഗുരുസാമീപ്യമില്ലായെന്ന ഒരു തോന്നല്‍ ഏകലവ്യനുണ്ടായിരുന്നുവെന്ന് കഥ പറയുന്നില്ല. ഗുരുപ്രതിമയ്ക്ക് മുമ്പിലെ പരിശീലനത്തിനിടെ അദൃശ്യ നിയന്ത്രണത്താലോ പ്രേരണയാലോ എന്നപോലെ പിഴവുകളെല്ലാം തിരുത്തപ്പെട്ടുകൊണ്ടിരുന്നുവെന്നും കഥ പറയുന്നുണ്ടല്ലോ.

അതുപോലെ തന്നെ ജീവിത ലക്ഷ്യം നേടാന്‍ ഏകലവ്യനു കഴിഞ്ഞില്ലെന്നും ഞാന്‍ കരുതുന്നില്ല. ഒരു ശിഷ്യന്‍ സാഫല്യം അണയുന്ന നിമിഷമെന്ന് പറയുന്നത് ഗുരുവിന്റെ പ്രശംസ നേടുമ്പോഴാണല്ലോ. ഏകലവ്യനെ വനത്തില്‍ നേരിട്ട് കണ്ട ദ്രോണര്‍ക്കുപോലും, താനറിയാതെ വിദ്യ ചോര്‍ന്നുപോയ കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പഠിച്ച വിദ്യകള്‍ ഒന്നൊന്നായി ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടപ്പോള്‍ ദ്രോണര്‍ പറഞ്ഞത് ശ്രദ്ധിക്കുക,
”നീ ഏറ്റവും വലിയ വില്ലാളിതന്നെയാണ്. അറിയേണ്ടതെല്ലാം അറിഞ്ഞ വില്ലാളി.” ദ്രോണര്‍ക്ക് അറിയാമായിരുന്ന യാതൊന്നും ഏകലവ്യന്‍ ബാക്കി വെച്ചിരുന്നില്ല. ഏകലവ്യനെ അനുഗ്രഹിച്ചുകൊണ്ട് ദ്രോണര്‍ പറഞ്ഞതും  ശദ്ധിക്കുക,
”ലോകാവസാനംവരെ ഗുരുഭക്തിക്ക് ഉത്തമോദാഹരണമായി നിന്റെ പേര്‍ വിളങ്ങിനില്‍ക്കും കുട്ടീ. നഷ്ടമായ പെരുവിരലുകൊണ്ടു നേടാവുന്നതിലും, വലിയ വീരനാമവും വീരസ്വര്‍ഗവും തന്റെ ത്യാഗത്തിലൂടെ നിനക്ക് കിട്ടും. പെരുവിരലില്ലെങ്കിലും, നിനക്കാവശ്യമായ വിദ്യകളൊക്കെയും നിനക്ക് ചെയ്യാനുമാകും.” ഇവിടെ ഒരു സ്വരം കൂടിയുണ്ട്, അതായത് പെരുവിരലില്ലെങ്കിലും ഏകലവ്യന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന്. കഥ തുടരട്ടെ, ഏകലവ്യനു പെരുവിരലുണ്ടായിരുന്നെങ്കില്‍ കുരുക്ഷേത്ര യുദ്ധത്തിന്റെ ഗതിതന്നെ വഴിമാറുമായിരുന്നിരിക്കാം.

ഞാന്‍ പറയാനുദ്ദേശിച്ചത് ഒരൊറ്റക്കാര്യം. വിദ്യ, എങ്ങനെ നേടുമെന്ന കാര്യത്തില്‍ അങ്കലാപ്പിലാണ് ഇന്നത്തെ തലമുറ. ഗുരുക്കന്മാരില്ല; മിക്കവാറുമെല്ലാവരും ഗുരുത്തൊഴിലാളികള്‍! ഓഷോ പറയുന്നതുപോലെ ഭൂരിഭാഗവും യോഗ്യതയില്ലാത്ത കള്ളന്മാര്‍. അവര്‍ക്കു പെരുവിരലുകള്‍ മാത്രം മതി! പക്ഷേ, അറിവ് നേടാന്‍ എന്താണാവശ്യമെന്ന് കൃത്യമായും ഈ കഥ പറഞ്ഞു തരുന്നു. ‘അമ്മ തടഞ്ഞിട്ടും’, ദ്രോണരെ കാണാന്‍ പോയ ഏകലവ്യന്‍ പ്രതിബന്ധങ്ങളെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിക്കുന്നു. ശത്രുവിനെ അനുഗ്രഹിക്കേണ്ടിവന്ന ദ്രോണര്‍, അറിവിനെ ആര്‍ക്കും തടങ്കലില്‍ വെക്കാന്‍ കഴിയില്ലെന്നും കാണിക്കുന്നു. പ്രതിമയ്ക്ക് മുമ്പില്‍ പരിശീലനം തുടങ്ങിയ ഏകലവ്യന്‍ വാക്കുകള്‍ കൊണ്ട് ഗുരുവിന് പഠിപ്പിക്കാവുന്നതിലേറെ പഠിച്ചു. ഗുരു വെളിച്ചമാണ്, ആര്‍ക്കും വിലമതിക്കാന്‍ കഴിയാത്തത്ര തീവ്ര വെളിച്ചം. ആ വെളിച്ചമടിച്ചപ്പോഴാണല്ലോ അര്‍ജുനന്‍ കൃഷ്ണ സമക്ഷം ദേവസമനായത്. ആരെയും ദേവസമന്മാരായും അപരാജിതരായും മാറ്റാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ എക്കാലവും ഉണ്ടാവും. ഇല്ലാത്തത് ഇച്ഛാശക്തിയുള്ള ശിഷ്യന്മാരാണ്.

അറിവ് നേടണമെങ്കില്‍ അതാവശ്യമെന്നുള്ള ഒരു തോന്നലുണ്ടാകണം, അക്കാര്യത്തില്‍ കുറവുണ്ടെന്നുള്ള തിരിച്ചറിവും ഒപ്പമുണ്ടാകണം, അറിവിനു വില നിശ്ചയിക്കാന്‍ നാം ശ്രമിക്കുകയുമരുത്, അതില്‍ സായൂജ്യമണയാനുള്ള ഒരു മനസ്സും ഉണ്ടാവണം. അപ്പോള്‍ ഗുരു ശിഷ്യനെ തേടിവരുന്നത് നമുക്കു കാണാനാവും.

Select your favourite platform