മുക്തി ഭവന്‍

  • Episode 33
  • 29-11-2022
  • 10 Min Read
മുക്തി ഭവന്‍

ശാന്തമായിട്ടൊരു നിമിഷം നിന്നിട്ട് ചുറ്റും നോക്കുക. ബഹുഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നു. എന്തിന്? മരണശേഷമുള്ള സുഖങ്ങളെല്ലാം ഉറപ്പാക്കാന്‍. ക്രിസ്ത്യാനിക്ക് സ്വര്‍ഗം മതി; ഹിന്ദുവിന് വേണ്ടത് മോക്ഷമാണ്. മുസ്ലീമുകള്‍ പ്രതീക്ഷിക്കുന്നതും എല്ലാ ഭൗതിക സുഖങ്ങളുമുള്ള സ്വര്‍ഗംതന്നെ. ആത്യന്തിക മുക്തി അല്ലെങ്കില്‍ കര്‍മ്മബദ്ധമായ എല്ലാ കെട്ടുപാടുകളില്‍നിന്നുമുള്ള മോചനമാണ് എല്ലാവരുടെയും സ്വപ്‌നം.

കാശിക്കു പോവുകയെന്ന് പറയുന്ന ഒരു പ്രയോഗമുണ്ടല്ലോ? അതിന്റെയര്‍ഥം, എല്ലാവര്‍ക്കുംതന്നെ അറിയാം – ഞാനിനി വരാനിടയില്ല!  കാശി അങ്ങനെയാണ്; ഗംഗയില്‍ കുളിക്കുന്നതിനുമപ്പുറമാണ് കാശി നല്‍കുന്ന മോചനം. വരണാസിയിലൊരു വീടുണ്ട്, മരിക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്കു വേണ്ടി മാത്രം. മുക്തി ഭവന്‍ എന്ന് വിളിക്കുന്ന ഈ വീട്, ഹോട്ടലാണോ, ഹോസ്റ്റലാണോ എന്നൊന്നുമറിയില്ല. ഒരു സമയം 12 പേര്‍ക്കേ ഇവിടെ അഡ്മിഷനുള്ളൂ – അതാ കട്ടെ, പ്രത്യേക അനുവാദമില്ലെങ്കില്‍, 15 ദിവസങ്ങളിലേക്ക് മാത്രം.  15 ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍, ആരാണെങ്കിലും, മുറി ഒഴിഞ്ഞു കൊടുക്കണം. ഇവിടെ ആത്മഹത്യയും പ്രോത്സാഹിപ്പിക്കുന്നില്ല, ദയാവധവും നടക്കുന്നില്ല. ആയിരക്കണക്കിനാളുകള്‍ ഓരോ വര്‍ഷവും ഇവിടെ വരുന്നുണ്ട്,  അനേകം മരണങ്ങളും നടക്കുന്നുണ്ട്.

ഇവിടെ ഒരു കൊച്ചു ക്ഷേത്രവുമുണ്ട്, പൂജാരിയുമുണ്ട്, അതിഥികള്‍ക്ക് താമസിക്കാനും സൗകര്യങ്ങളുണ്ട്. 1958 മുതല്‍ ഇത് പ്രവര്‍ത്തിക്കുന്നു.
തുടക്കംമുതല്‍ മുക്തി ഭവന്റെ സൂക്ഷിപ്പുകാരനായിരുന്ന, പന്ത്രണ്ടായിരത്തിനുമേല്‍ മരണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള, ഭൈരവനാഥ് ശുക്ലായുമായുള്ള ഒരഭിമുഖത്തിന്റെ കഥയാണ് ദീപക് എന്ന ഒരു യുവഗവേഷകന്‍ പറയുന്നത്. ശുക്ലാജിക്ക് എടുത്തു പറയാന്‍ 12 കഥകളുണ്ടായിരുന്നത്രേ. അതിലൊരെണ്ണം വേറിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. റാം സാഗര്‍ മിശ്ര എന്നൊരു സംസ്‌കൃത പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹം കുടുംബത്തിലെ മൂത്ത മകനും, ഏറ്റവും ഇളയവനുമായി അടുത്തബന്ധം സൂക്ഷിച്ചയാളുമായിരുന്നു. എന്നോ ഒരു നാളുണ്ടായ ഒരു വാക്കുതര്‍ക്കം കാലാന്തരത്തില്‍ കുടുംബവീട് വീതം വെക്കുന്നതിലാണ് കലാശിച്ചത്. ഒരു ദിവസം ഈ മിശ്ര തന്റെ മുറുക്കാന്‍ ചെല്ലവുമായി ഈ അതിഥി മന്ദിരത്തില്‍ വരുകയും തനിക്കുവേണ്ടി റിസര്‍വ് ചെയ്തിരുന്ന മൂന്നാം നമ്പര്‍ മുറി ആവശ്യപ്പെടുകയും ചെയ്തു. പതിനാറാം ദിവസം അദ്ദേഹത്തിന്റെ ദേഹവിയോഗം  സംഭവിക്കേണ്ടതുണ്ടെന്നും ശുക്ലാ അറിയിച്ചു.

പതിന്നാലാമത്തെ ദിവസം, നാല്‍പതു വര്‍ഷമായി അകന്നു കഴിയുന്ന തന്റെ സഹോദരനെ തനിക്കു കാണമെന്നും, പോകുന്നതിനു മുമ്പ്, ഇടയിലുണ്ടായ എല്ലാ സംഘര്‍ഷങ്ങളും തനിക്കു പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തു കിട്ടിയതിനനുസരിച്ച് പതിനാറാം ദിവസം ഈ സഹോദരന്‍ വന്നു. ഇവരുടെ വീടുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി എടുത്തുകളയാനാണ് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത്; വന്നുപോയ എല്ലാ പോരായ്മകള്‍ക്കും കൈകള്‍ കൂട്ടിച്ചേര്‍ത്തുപിടിച്ച് അദ്ദേഹം ക്ഷമയും യാചിച്ചു. രണ്ടുപേരും കെട്ടിപ്പിടിച്ച് വിങ്ങിക്കരഞ്ഞു. ഇടയില്‍ റാം സാഗര്‍ മിശ്ര സംസാരം നിര്‍ത്തി; അദ്ദേഹത്തിന്റെ മുഖം ശാന്തമായി, ആ ഒരു നിമിഷത്തിനുള്ളില്‍ അദ്ദേഹം മുക്തിയും നേടിയിരുന്നു.

ശുക്ലാജി പറഞ്ഞു,
”ദീപക്, അനേകായിരങ്ങള്‍ ഇങ്ങനെയാണ്, ഒരാവശ്യവുമില്ലാതെ എന്തുമാത്രം ചുമടുകളാണ് ശിരസ്സില്‍ നിന്നിറക്കാതെ കൊണ്ടുനടന്നു വിഷമിക്കുന്നത്! അതാവട്ടെ അവസാനത്തെ ആ ധന്യമുഹൂര്‍ത്തത്തിലാണത്രെ മിക്കവരും ഉപേക്ഷിക്കുന്നത്.” ജീവിതത്തിന്റെ വിജയമന്ത്രം, അദ്ദേഹം പറയുന്നത്, തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മകളുമായി ഉറങ്ങാന്‍ പോകാതിരിക്കലാണെന്നാണ്.

ഈ വീഡിയൊ അവസാനിപ്പിച്ചുകൊണ്ട് ദീപക് എന്ന ചെറുപ്പക്കാരന്‍ പറയുന്നത് ശ്രദ്ധിക്കുക; നല്ല വാര്‍ത്തയെന്നു പറഞ്ഞാല്‍ നിങ്ങള്‍ ആരോഗ്യത്തോടെ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതാണ്. മോശം വാര്‍ത്തയെന്താണെന്നു ചോദിച്ചാല്‍ അതെത്ര നാളെന്ന നിശ്ചയമില്ലെന്നതുമാണ്. മുക്തി ഭവന്റെ മാനേജര്‍ പറഞ്ഞത് എനിക്കു മനസ്സിലായതിങ്ങനെയാണ്. എല്ലാ അസ്വാരസ്യങ്ങളും ഒഴിവാക്കി എല്ലാ ചുമടുകളും താഴെയിറക്കുന്ന നിമിഷമാണ് മുക്തി! അവിടമാണേതൊരുവന്റെയും കാശിയും!!

Select your favourite platform