ദൈവബോധം

  • Episode 66
  • 29-11-2022
  • 06 Min Read
ദൈവബോധം

രബീന്ദ്രനാഥ ടാഗോറിന് 1913 ല്‍ ഗീതാഞ്ജലിക്ക് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍, ഇന്ത്യാ മുഴുവന്‍ ആഹഌദിച്ചു. എല്ലാ സാഹിത്യകാരന്മാരും സന്തോഷിച്ചുവെങ്കിലും, അദ്ദേഹത്തെ ആദരിക്കാന്‍ ഏറ്റവും വൈകിയ കൂട്ടായ്മ കല്‍ക്കട്ടാക്കാരുടേതായിരുന്നു. ഇത് ടാഗോറിനും അറിയാമായിരുന്നു. നോബല്‍ സമ്മാനം കിട്ടുമ്പോള്‍ അദ്ദേഹം ബോല്‍പ്പൂരിലുള്ള ശാന്തിനികേതനത്തിലേയ്ക്ക് താമസം മാറിയിരുന്നു. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് കല്‍ക്കട്ടാക്കാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചത്. ബഹുമതിയോടുള്ള ബഹുമതിയാണിതെന്ന് ടാഗോര്‍ മനസ്സിലാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഒരൊത്തുതീര്‍പ്പാണല്ലോ വേണ്ടത്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഒരു കഥ പറഞ്ഞു. രണ്ട് മലയാടുകള്‍ ഒരിടുങ്ങിയ മലമ്പാതയില്‍ കണ്ടുമുട്ടി, ഒരാടിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിപോലും ആ ചാലിനുണ്ടായിരുന്നില്ല.  രണ്ടാടുകള്‍ക്കും പിന്നോട്ട് പോകാനും എളുപ്പമായിരുന്നില്ല. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് തൂക്കായ മലയുമായിരുന്നു. പരസ്പരം കണ്ടാല്‍ ഏറ്റുമുട്ടുന്ന ആ മുട്ടനാടുകളില്‍ ഒന്ന് വഴിയില്‍ കിടന്നു; അടുത്തത് അതിന്റെ മുകളിലൂടെ കയറിയിറങ്ങി യാത്ര തുടരുകയും ചെയ്തു. ഇതിനെ മൃഗബോധമെന്നു വിളിക്കാം. ജന്തുക്കളുടെ ഈ സഹജബുദ്ധി വാസനാപ്രേരിതമാണ്.

ഒരു സ്ത്രീ എട്ടാമതും ഗര്‍ഭിണിയായി. ഉള്ള മക്കളില്‍ മൂന്നുപേര്‍ ബധിരരായിരുന്നു, രണ്ടെണ്ണം അന്ധരായിരുന്നു, ഒരാള്‍ മാനസിക പ്രശ്‌നങ്ങളുള്ളയാളുമായിരുന്നു. ഈ സ്ത്രീയാകട്ടെ സിഫിലിസ് രോഗിയുമായിരുന്നു. ഗര്‍ഭച്ഛിദ്രം സാധാരണയൊരാള്‍ നിര്‍ദ്ദേശിച്ചേക്കാം. ആ വഴി പോയിരുന്നെങ്കില്‍ നമുക്ക് ബിഥോവന്‍ എന്ന മഹാപ്രതിഭയെ നഷ്ടപ്പെടുമായിരുന്നു. ഇവിടെ ഗര്‍ഭച്ഛിദ്രം നിര്‍ദ്ദേശിച്ചത് സാമൂഹികബോധം. നാം ഈ മൃഗബോധത്തിന്റെയും, സാമൂഹിക ബോധത്തിന്റെയും, മനുഷ്യന്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന സാമാന്യ ബോധത്തിന്റെയും ഇടയ്ക്ക് വിഷമിക്കുന്നു. പല കാര്യങ്ങളിലും നാം ഒത്തുതീര്‍പ്പ് നോക്കുന്നു, ടാഗോര്‍ ചെയ്തതു പോലെ. സാമാന്യ ബുദ്ധിയെന്നു പറഞ്ഞാലും മുന്‍ അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നതാണത്. ഇതിലേതു ബോധമാണ് നമുക്കുചിതം? എന്റെ അഭിപ്രായത്തില്‍ ദൈവബോധമെന്നു ഞാന്‍ പറയും. ഇത് നാലാമതൊരു ഗണത്തിലാണ് വരുന്നതെങ്കിലും ഒരിക്കലും പരാജയപ്പെടുന്ന ഒന്നല്ല.

ഒരിക്കലൊരു തീര്‍ഥാടകനായ സന്യാസി ഗ്രാമത്തിലെത്തി, അവിടുത്തെ ക്ഷേത്രത്തില്‍ ഒരാഴ്ച്ച വിശ്രമിച്ചശേഷം യാത്ര തുടര്‍ന്നു. കുറേനാള്‍ കഴിഞ്ഞു മടങ്ങിവരുന്ന വഴി വീണ്ടും അവിടെയെത്തി. ഇപ്രാവശ്യം ഗ്രാമവാസികളെല്ലാംകൂടി അദ്ദേഹത്തെ വളഞ്ഞു. മുമ്പ് വന്നപ്പോള്‍ ഒരു യുവതിയെ ഗര്‍ഭിണിയാക്കിയിരുന്നെന്നും, കുട്ടിയുടെ പിതൃത്വം ഏല്‍ക്കണമെന്നുമായി അവര്‍. അവര്‍ നീട്ടിയ കുട്ടിയെ അദ്ദേഹം രണ്ട് കൈകളും നീട്ടി സ്വീകരിച്ചു, പുഞ്ചിരിച്ചുകൊണ്ട്. കുട്ടിയെ കൊടുത്തിട്ട് അവര്‍ മടങ്ങി.

പക്ഷേ, യുവതിയായിരുന്ന അമ്മയ്ക്ക് അതൊരു ആഘാതമായിരുന്നു. അവള്‍ അവസാനം യഥാര്‍ഥ പിതാവായ തന്റെ കാമുകന്റെ പേരും വെളിപ്പെടുത്തി, ക്ഷമയും പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ മാപ്പപേക്ഷയുമായി സന്യാസിയുടെ പക്കലെത്തി. സന്യാസി ആ കുട്ടിയെ അവര്‍ക്കു തിരിച്ചും കൊടുത്തു – പണ്ടുണ്ടായിരുന്ന അതേ മന്ദഹാസമായിരുന്നു, അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടില്‍! ആയിരിക്കുന്ന നിമിഷത്തിന്റെ അവബോധത്തില്‍ വിരിയുന്ന ദൈവബോധം എപ്പോഴും ആശ്രയിക്കാവുന്ന ഒന്നാണെന്ന് ആ സന്യാസി പറയുന്നു.

Select your favourite platform