ഒന്ന് ശ്രമിച്ചു നോക്കിയാലോ?

  • Episode 25
  • 29-11-2022
  • 10 Min Read
ഒന്ന് ശ്രമിച്ചു നോക്കിയാലോ?

ഒരാള്‍, എന്നും ദൈവത്തോട് പ്രാര്‍ഥിക്കുമായിരുന്നു, ലോട്ടറിയടിക്കാന്‍. ഒരിക്കലെങ്കിലും ഒന്നാം സമ്മാനം കിട്ടിയാല്‍ ചെയ്യാനായി നിരവധി കാര്യങ്ങളും അയാള്‍ മനസ്സില്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടായിരുന്നു. സഹികെട്ടപ്പോള്‍, ദൈവം മാലാഖായെക്കൊണ്ട് അയാളോട് പറയിപ്പിച്ചത്രേ – ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാന്‍.

ഒരു ടര്‍ക്കിയും കാളയുമായി നടത്തിയ ഒരു ചര്‍ച്ചയുടെ കഥയുണ്ട്. ഇരുവരും സ്‌നേഹിതരായിരുന്നു. ചിറകുണ്ടെങ്കിലും മരത്തിനു മുകളില്‍ പറന്നെത്താനുള്ള ശക്തി തനിക്കില്ലെന്ന് ടര്‍ക്കി പരാതിപ്പെട്ടു. തന്റെ ചാണകത്തില്‍ ഒരുപാട് പോഷകങ്ങളുണ്ടെന്നും, അത് ഭക്ഷിച്ചാല്‍ മതിയാവുമെന്നും കാള പറഞ്ഞു. അതൊന്നു പരീക്ഷിച്ചു നോക്കാന്‍ ടര്‍ക്കി തീരുമാനിച്ചു. ആദ്യത്തെ ദിവസം താഴത്തെ കമ്പില്‍ വരെ പറന്നെത്താന്‍ ടര്‍ക്കിക്കു കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരത്തിന്റെ മുകളിലെത്താന്‍ ടര്‍ക്കിക്കു കഴിഞ്ഞു. ഈ രണ്ട് കഥകളും, എല്ലാ പരിശ്രമങ്ങള്‍ക്കും പിന്നില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങളെപ്പറ്റിക്കൂടി പരാമര്‍ശിക്കുന്നു: ആദ്യം, ലക്ഷ്യത്തിലെത്താന്‍ അവശ്യം വേണ്ട സാമഗ്രികള്‍ ഒപ്പമുണ്ടായിരിക്കണം, രണ്ടാമത്, വേണ്ടത്ര ആത്മവിശ്വാസവും വേണം. ടര്‍ക്കിക്കഥയില്‍ ചാണകത്തിന് എന്തെങ്കിലും പങ്കുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല.

ജീവിതത്തില്‍ വിജയിച്ചവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട് – റിസ്‌കെടുക്കാനുള്ള മനസ്സും കൂടിയുണ്ടായാലേ വിജയത്തിലെത്താനാവൂയെന്ന്. ‘റിസ്‌ക്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അപകടസാധ്യതയുള്ളതെന്നല്ല, ആരും ശ്രമിച്ചു നോക്കാത്ത വഴികളെന്നാണ്. അതിലെ തകര്‍ച്ചയുടെ സാധ്യതകളെ അതിജീവിക്കാനുളള ശക്തിയാണ് വേണ്ടത്. ആപ്പിളും, ആമസോണുമൊക്കെ അധികമാരും നടന്നു ശീലിക്കാത്ത വഴികളിലൂടെയാണ് നടന്നത്. അവര്‍ക്കു മുമ്പില്‍ മാതൃകകള്‍ ഉണ്ടായിരുന്നതേയില്ല! സാധാരണ ഒരു ചെറുപ്പക്കാരന്‍ അനേകര്‍ നടന്നു വിജയിച്ച വഴികളിലൂടെപ്പോലും നടക്കാന്‍ തയാറാവുന്നില്ലായെന്നോര്‍ക്കണം.

ഒരു കോഴിയും കുറെ കുഞ്ഞുങ്ങളും ചികഞ്ഞു നടക്കുന്നിടത്തേക്ക് ഒരു പരുന്ത് താഴ്ന്നു പറന്നു വരികയായിരുന്നു. തൊട്ടടുത്തുവന്നപ്പോള്‍, ആ കുഞ്ഞുങ്ങളിലൊന്ന് പരുന്തും കുഞ്ഞാണെന്ന് പരുന്തു കണ്ടു! പരുന്ത,് അതിന്റെയടുത്തേക്കു പറന്നിറങ്ങി. കോഴിക്കുഞ്ഞുങ്ങളെല്ലാം തള്ളയുടെ ചിറകിനു കീഴിലൊളിച്ചു. പരുന്തിന്റെ കുഞ്ഞാവട്ടെ, തലയുയര്‍ത്തി അവിടെ നിന്നതേയുള്ളൂ. തള്ളപ്പരുന്ത് അതിനോട് പറഞ്ഞു, ‘നീ കോഴിക്കുഞ്ഞല്ല, നിനക്കുയരത്തില്‍ പറക്കാനാവും’… ‘നിനക്ക് പറക്കാന്‍ കഴിയും’ …. ‘പറക്കാന്‍ കഴിയും’. അവസാനം, തള്ള കാണിച്ചതുപോലെ, അത് ചിറകു വിരിച്ചു പറക്കാന്‍ ശ്രമിച്ചു. ഒന്ന്, രണ്ട്, മൂന്ന് … നാലാമത്തെ ശ്രമത്തില്‍ കുഞ്ഞു പരുന്ത് മരത്തിനു മുകളില്‍ എത്തിയിരുന്നു. ഇന്ന് ബഹുഭൂരിപക്ഷത്തോടും, ‘നിനക്ക് പറക്കാന്‍ കഴിയും നീ മനുഷ്യനാണ്, നിനക്കൊരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും’ എന്നാരെങ്കിലും തുടരെ പറഞ്ഞുകൊണ്ടിരുന്നതുകൊണ്ടും വലിയ പ്രയോജനമില്ല. അതാണ് കാലഘട്ടത്തിന്റെ പ്രത്യേകത!

യൂറോപ്പിലെ ധനാഢ്യരായ റോജര്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരു സംഭവകഥയുണ്ട്. അവരുടെ കൊട്ടാരസമാനമായ വീടിനു മുമ്പില്‍ മനോഹരമായ ഒരു പൂന്തോട്ടവും പുല്‍ത്തകിടിയുമെല്ലാം ഉണ്ടായിരുന്നു. ആ വീട്ടിലേക്ക് വിവാഹം വഴി വന്ന ഒരു പ്രഭുകുമാരി ചോദിച്ചു, എന്താ ഇതിന്റെ നടുക്ക് ഒരു വലിയ പാറ ഉയര്‍ന്നു നില്‍ക്കുന്നതെന്ന്. ആ വീടിനെ അറിയാവുന്നവരെല്ലാം പറഞ്ഞു, അതൊരു വലിയ പാറയാണെന്നും അതിനെ ഇളക്കി മാറ്റാമോയെന്നു നിരവധിയാളുകള്‍ പലതവണ നോക്കിയിട്ടുള്ളതാണെന്നും. ഏതായാലും ഒരിക്കല്‍ക്കൂടി ശ്രമിച്ചുകളയാമെന്നവര്‍ തീരുമാനിച്ചു. ഒരു ദിവസം കുറെ ആളുകളെയും കൂട്ടി അവള്‍ പാറയ്ക്ക് ചുറ്റും കുഴിച്ചു. എന്തു പറയാന്‍? ഒരടിപോലും ആഴത്തിലായിരുന്നില്ല പാറയിരുന്നത്!

ഇതിനോട് കൂട്ടി വായിക്കേണ്ട ഒരു സന്ദേശവും കൂടിയുണ്ട്. ഇവിടെ ആയിരിക്കുന്ന 800 കോടിയാളുകളുടേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും അവരവര്‍ക്കു ചേരുന്ന വഴികള്‍ വെട്ടിത്തുറക്കു കയെന്ന ‘റിസ്‌ക്’ ഏറ്റെടുക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും. അതിനു കഴിവുള്ളവര്‍ സാധാരണ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇനിയൊരു ഫെയിസ്ബുക്കിനിവിടെ സ്ഥാനമുണ്ടോ? ഗൂഗിളിന്റെ ഓര്‍ക്കിഡെന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിനെപ്പറ്റിയറിയുന്നവര്‍ തീര്‍ത്തു കാണാതിരിക്കില്ല. ഗൂഗിള്‍ ചിന്തിച്ചതിലും കസ്റ്റമര്‍ ഫ്രണ്ട്‌ലിയായി സുക്കര്‍ബര്‍ഗ്. മുമ്പിലുള്ള സാധ്യതകളെ എങ്ങനെ കൂടുതല്‍ മനോജ്ഞമാക്കാമെന്ന് ചിന്തിക്കാന്‍ കഴിയുന്നെങ്കിലെ വിജയമെന്നത് ആര്‍ക്കും പ്രാപ്യമാവൂ.

Select your favourite platform