അശ്രദ്ധ, എന്ന് പറയുന്നത് ഒരു ആഗോള പ്രതിഭാസമാണെന്നു പറയാം. എഴുതാനും വായിക്കാനുമുള്ള പൊതു സാമര്‍ഥ്യം പരിശോധിച്ചാല്‍തന്നെ മനസ്സിലാകും, നന്നായി അത് ചെയ്യുന്നവര്‍ വളരെ കുറവാണെന്ന്. മലയാളത്തിലെ നാടകാചാര്യനായിരുന്ന ശ്രീ. N N പിള്ള ഒരിക്കല്‍ പറഞ്ഞത്, ‘അവന് എന്നോട് ഇത് ചെയ്തല്ലോ’ എന്നത് കുറഞ്ഞത് നാലര്ഥത്തിലെങ്കിലും പറയാനും വായിക്കാനും സാധിക്കുമെന്നാണ്. ഇതിലെ ഏതു വാക്കിനാണോ ബലം കൊടുക്കുന്നത്, അതിനനുസരിച്ച് അര്‍ഥവും മാറുന്നു. ഉദ്ദേശിച്ച ആശയത്തിനു ഭംഗം വരാതെ മറ്റൊരാള്‍ക്ക് കൈമാറുകയെന്നത് ഒരു കലയാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്, ഒരു സന്ദേശം എന്താണര്ഥമാക്കിയതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതും. ചിലപ്പോള്‍ വരികള്‍ക്കിടയിലൂടെ പോകേണ്ടിവരുമെന്നുള്ളതും ശ്രദ്ധിക്കുക.
ഒരപേക്ഷാ ഫാറം പൂരിപ്പിക്കുമ്പോഴുണ്ടാകുന്ന ചെറിയ പിശക് ഒരാളുടെ വിധിതന്നെ നിര്ണ്ണയിച്ചേക്കാമെന്നത് ആരും അവഗണിക്കരുത്. അടുത്ത കാലത്താണ്, IIT എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ ഒരാള്‍ക്ക് സുപ്രീം കോടതിവരെ പോകേണ്ടിവന്നത്. ഒരു കോമാ വരുത്തിയ വിനയുടെ കഥയും ഓര്‍ക്കുന്നു. ‘‘hang him, not let him free” ഇതായിരുന്നു വിധി. ക്ലാര്ക്കത് ‘hang him not, let him free” എന്നാക്കിയപ്പോള്‍ പ്രതി സ്വതന്ത്രനായി. അഭ്യസ്തവിദ്യരായ പലരും ഒരു അവധിക്കപേക്ഷ എഴുതാനോ, ഒരു പരാതി വേണ്ടവണ്ണം സമര്‍പ്പിക്കാനോ കഴിയാത്തവരാണ്. വളരെ ചുരുങ്ങിയ വാക്കുകളില്‍ വേണ്ട എല്ലാക്കാര്യങ്ങളും രേഖപ്പെടുത്തുകയും വേണ്ടാത്തതെല്ലാം ഒഴിവാക്കുകയും ചെയ്യുകയെന്നാല്‍ പരിശീലനം ആവശ്യമുള്ള കാര്യമാണ്. സാംസ്കാരിക സംഘടനകള്‍ക്കും, മത സംഘടനകള്‍ക്കുമെല്ലാം പൂര്‍ണ്ണതാ പരിശീലനം (finishing schoo) പ്രഭാത/സായാഹ്ന ക്ളാസ്സുകളായോ ഓണ്‍ലൈന്‍ ക്ളാസ്സുകളായോ നടത്തി ഇത്തരം പോരായ്മകളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ആകമാന സമൂഹത്തിനത് വലിയൊരു നേട്ടമായിരിക്കും.
വളരെ അടുത്ത കാലത്ത് ഒരു കുട്ടിയുടെ പിതാവിന്റെ പേരെഴുതേണ്ടിടത്ത് ആവശ്യമില്ലാതെ മിസ്റ്റര്‍ എന്നുദ്ദേശിച്ച് Mr എന്നെഴുതിയത് വരുത്തിയ വിനയുടെ കഥ കേട്ടു. ഇത് പഞ്ചായത്ത് ഓഫീസില്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിയപ്പോള്‍ M R എന്നത് പേരിനു മുമ്പിലുള്ള ഇനിഷ്യല്‍ ആയി മാറി. അത് മാറ്റാന്‍ ആശുപത്രിയില്‍ നിന്നുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചപ്പോള്‍ ആ ആശുപത്രി തന്നെ നിര്‍ത്തിപ്പോയിരുന്നു. ഇത്തരം ചെറിയ പിശകുകള്‍ പാസ്പോര്‍ട്ടിലോ വിസായിലോ വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. എവിടെങ്കിലും ജോലി ചെയ്യുന്ന വരായാലും, ഉപഭോക്താവായാലും വളരെ ശ്രദ്ധ ആവശ്യമുള്ള മേഖലയാണ് ആശയവിനിമയം നടത്തുമ്പോഴും രേഖകള്‍ സൂക്ഷിക്കുമ്പോഴുമൊക്കെ നോക്കേണ്ടത്.
ഇത് ശരിയായി നടത്താന്‍ കഴിഞ്ഞാല്‍ ഉദ്ദേശിച്ചതുപോലെ തന്നെ കാര്യങ്ങള്‍ ശരിയാക്കാമെന്നുള്ളത് മറ്റൊരു കാര്യം. ഒരു പുകവലിക്കാരനുണ്ടായിരുന്നു. അയാള്‍ക്ക് പ്രാര്ഥിക്കുമ്പോഴും പുകവലിക്കണം – അതിനു പാസ്റ്ററുടെ സമ്മതം വേണം. പ്രാര്‍ഥിക്കുമ്പോള്‍ സിഗരറ്റ് വലിച്ചോട്ടെയെന്നു ചോദിച്ചാല്‍ പാസ്റ്റര്‍ അതിനു സമ്മതിക്കുകയില്ലെന്നത് വ്യക്തം. അതിനിയാള് ചെയ്തത് ‘പുകവലിക്കുമ്പോള്‍ പ്രാര്‍ഥിച്ചോട്ടെ?’ യെന്ന് പാസ്റ്ററോട് ചോദിക്കുകയായിരുന്നു. ഒട്ടു മിക്ക സാഹചര്യങ്ങളിലും കൃത്യമായ വാക്കുകളും വാചകങ്ങളും ഉപയോഗിച്ചാല്‍, ഉദ്ദേശിച്ചതുപോലെ കാര്യം നടത്താമെന്നത് ശരിതന്നെയാണ്.
ഒരു ലേഖനം തയ്യാറാക്കുമ്പോഴാണെങ്കിലും കവിത എഴുതുമ്പോഴാണെങ്കിലും പറയാനുദ്ദേശിച്ചതാണ് പറഞ്ഞതെന്നും, പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞുവെന്നും ഉറപ്പാക്കുക. അതുപോലെ, ഒരു സന്ദേശത്തിലൂടെ മറ്റൊരാള്‍ ഉദ്ദേശിച്ചതെന്താണെന്നു ഗ്രഹിക്കാന്‍ കഴിയുകയെന്നത്, ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും.
എല്ലാക്കാര്യങ്ങളിലും പ്രാധാന്യമനുസരിച്ച് ശ്രദ്ധ ചെലുത്താനും, ഒരു സമയം ഒന്നിലേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുമെല്ലാം പരിശീലനംകൊണ്ട് സാധിക്കും. പലതിനും ശാരീരിക ഇടപെടലേ വേണ്ടിയിരിക്കില്ല. ഒരിടത്ത് ശ്രദ്ധയുണ്ടെന്നതു കൊണ്ടുതന്നെ, അവിടുത്തെ ക്രമീകരണങ്ങളില്‍ വ്യത്യാസം വരും. വീടാണെങ്കിലും വീട്ടുകാരാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നുവെന്ന ചിന്തയുണ്ടായാല്‍ നമുക്കുപകാരപ്രദമായി നില്ക്കാന് അവയ്ക്കത് കാരണമാകും.
അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതാണ്, സ്വന്തം ആരോഗ്യവും വളര്‍ച്ചയുമെല്ലാം. പരിസ്ഥിതിയുടെ ഭാഗമായിരിക്കുന്നതുകൊണ്ട്, അതിനു കോട്ടംവരാതെയുള്ള ശ്രദ്ധയാണ് വേണ്ടിയിരിക്കുന്നത്.