അറിവു നേടാനൊരുപായം!

  • Episode 12
  • 28-11-2022
  • 10 Min Read
അറിവു നേടാനൊരുപായം!

ഭാരതീയ ഇതിഹാസമായ രാമായണമനുസരിച്ച് ഏതു യുദ്ധവും അറിവിന്റെ കൈമാറ്റത്തോടെയേ അവസാനിക്കൂ. അറിവാഗ്രഹിക്കുന്നവന്‍ അതെങ്ങനെയാണു നേടേണ്ടതെന്ന് രാമായണം പറയുന്നു. രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയി; അതാവട്ടെ, സര്‍വ്വനാശം വിതച്ച ലങ്കന്‍യുദ്ധത്തിലും, അതിശക്തിമാനായിരുന്ന രാവണന്റെ മരണത്തിലും കലാശിച്ചു.

രാവണന്‍ മരിക്കുന്നതിനുമുമ്പ്, ശ്രീരാമന്‍ അനുജന്‍ ലക്ഷ്മണനോട് പറഞ്ഞു,
”രാവണന്‍ ഒരു നീചനായിരുന്നെങ്കിലും, അഗാധപണ്ഡിതനായിരുന്നു; നീ അയാളുടെ അടുത്തുചെന്ന്, മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും വിദ്യ പകര്‍ന്നുതരാനുണ്ടോയെന്നു ചോദിക്കുക.”
ലക്ഷ്മണന്‍ ഉടന്‍തന്നെ മരണനിമിഷം കാത്തിരുന്ന രാവണന്റെയടുക്കല്‍ ചെന്നു പറഞ്ഞു,
”രാക്ഷസരാജാവേ, നിന്റെ ജീവിതകാലം മുഴുവന്‍ നീ എടുത്തിട്ടുള്ളതേയുള്ളു, കൊടുത്തിട്ടില്ല. ഇപ്പോള്‍, മഹാനായ രാമന്‍, നിന്റെ അതിവിശാലമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാനുള്ള ഒരവസരം തന്നിരിക്കുന്നു. നിന്റെ അറിവുകള്‍ നിന്നോടൊപ്പം അവസാനിക്കാന്‍ ഇടവരാതിരിക്കട്ടെ. അതു പകര്‍ന്നുതന്ന് പുണ്യം നേടാനുള്ള അവസരം പാഴാക്കാതിരിക്കൂ.” ഇത് കേട്ട രാവണന്‍ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
വളരെ അരിശത്തോടെയാണ് ലക്ഷ്മണന്‍ ഇക്കാര്യം ശ്രീരാമനോട് പറഞ്ഞത്.
”അയാള്‍ എന്നത്തേയുംപോലെ നികൃഷ്ടന്‍തന്നെ. എന്തെങ്കിലും പങ്കുവെക്കുന്നതിനെപ്പറ്റി ചിന്തിക്കാത്ത ഒരു ധിക്കാരിയാണയാള്‍.”
ശ്രീരാമന്‍ സൗമ്യനായിട്ട് ലക്ഷ്മണനോടു ചോദിച്ചു,
”അറിവ് ചോദിച്ചപ്പോള്‍ നീ എവിടെയായിരുന്നു?”
”അയാള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കത്തക്ക രീതിയില്‍ അയാളുടെ ശിരസ്സിനു സമീപമാണു ഞാന്‍ നിന്നത്.” ലക്ഷ്മണന്‍ പറഞ്ഞു.
ഒരു ചെറുപുഞ്ചിരിയോടെ, രാമന്‍ അമ്പും വില്ലും നിലത്തു വെച്ചിട്ട് രാവണന്റെ സമീപത്തേക്കു നടന്നു. രാമന്‍ രാവണന്റെ കാലുകള്‍ക്കു സമീപം നിലത്തു മുട്ടുകുത്തി നിന്നിട്ട് കൈകള്‍ കൂപ്പി വിനയത്തോടെ പറഞ്ഞു,
”ലങ്കയുടെ വിധാതാവേ, അങ്ങെന്റെ ഭാര്യയെ അപഹരിക്കുകയെന്ന ക്രൂരത കാണിച്ചു, ഒരു യുദ്ധത്തിനതെന്നെ പ്രേരിപ്പിച്ചു, നിന്നെ ശിക്ഷിക്കേണ്ടിയും വന്നു. ഇപ്പോള്‍ നീയെന്റെ ശത്രുവല്ല മിത്രമാണ്; നിന്നെ ഞാനിപ്പോള്‍ കാണുന്നത്, ലോകം മുഴുവന്‍ നിന്നെ എങ്ങനെ ആദരിച്ചോ അപ്രകാരം തന്നെയാണ്  മഹാനായ വിശ്രവസ്സ് മുനിയുടെ ബുദ്ധിമാനായ മകനെന്നപോലെ. ഞാനങ്ങയുടെ മുമ്പില്‍ നമിക്കുന്നു, എന്തെങ്കിലും അറിവ് നശിക്കപ്പെടാതിരിക്കണമെന്നു താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു തരാന്‍ ഞാനഭ്യര്‍ത്ഥിക്കുന്നു.”

ലക്ഷ്മണനെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാവണന്‍ മെല്ലെ കണ്ണുകള്‍ തുറന്നു, രാമനെ അഭിവാദ്യം ചെയ്യാനായി കൈയുയര്‍ത്തിക്കൊണ്ടു പറഞ്ഞു,
”നിന്റെ ശത്രുവായിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിന്റെ ഗുരുവായിരിക്കാന്‍ എനിക്കു ലഭിച്ചിരുന്നെങ്കില്‍! അധികം പങ്കുവയ്ക്കാനുള്ള സമയം എനിക്കില്ല, എങ്കിലും പറയാം  ഞാനെന്റെ ജീവിതത്തില്‍ നിന്നു പഠിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യം. നമുക്ക് അനഭിമതമായ കാര്യങ്ങള്‍ നമ്മെ വല്ലാതെ സ്വാധീനിക്കുന്നു  നാമതിന്റെ പിന്നാലെ അന്ധമായി പായുന്നു. പക്ഷേ, നമ്മുടെ വളര്‍ച്ചയ്ക്കു നന്നായിരിക്കുന്ന കാര്യങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു; നാമതിനെ ശക്തമായ ന്യായീകരണങ്ങളോടെ പ്രായോഗികമായി പ്രതിരോധിച്ചു നശിപ്പിക്കുന്നു. അതുകൊണ്ടാണ്, സീതയെ അപഹരിക്കാന്‍ ഞാന്‍ തിടുക്കം കാട്ടിയതും, നിന്നെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചതും. രാമാ, ഇതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അറിവ്. എന്റെ അവസാനത്തെ ഈ വാക്കുകള്‍ ഞാന്‍ നിനക്കു തരുന്നു.”

ജീവിതത്തില്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട രണ്ടു വലിയ തത്വങ്ങളോടൊപ്പം ഈ കഥ വേറെ രണ്ടു കാര്യങ്ങള്‍കൂടി പറയുന്നു:
1) അറിവു നേടാനുള്ള ഒരവസരവും വെറുതെ കളയരുത്.
2) എനിക്കറിയാം, എന്ന ധാരണ ആരുടെയും വളര്‍ച്ചയ്ക്കു സഹായിക്കില്ല.

വളരാനും ഉയരാനും ആഗ്രഹിക്കുന്നവര്‍ ഇക്കഥ മറക്കാതിരി ക്കട്ടെ. പലപ്പോഴും അറിവ് നമുക്ക് കിട്ടുക, നീചരെന്നു നാം കരുതുന്നവരില്‍നിന്ന് ആയിക്കൂടെന്നില്ലെന്നും ഇക്കഥ ഓര്‍മ്മിപ്പിക്കുന്നു.

Select your favourite platform