അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…..

  • Episode 49
  • 29-11-2022
  • 08 Min Read
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…..

പുതിയ ക്ലാസ്സിലേക്ക് പോകുമ്പോള്‍ അല്ലെങ്കില്‍ പുതിയ ഡിവിഷനിലേക്കു കടക്കുമ്പോള്‍ കുട്ടികളോട് എന്താണ് പറയേണ്ടതെന്ന് പലരും ആലോചിക്കും. എന്റെ കുറഞ്ഞോരനുഭവത്തില്‍ നിന്നു പങ്കുവയ്ക്കുകയാണെങ്കില്‍ അവരോടൊന്നും പറയണ്ട.  കുട്ടികള്‍ക്ക്  inspiration, motivation, guidance എന്നീ മൂന്നു ഗുളികകള്‍ breakfast, lunch, dinner എന്നിവയോടൊപ്പം ദിവസവും  കൊടുത്തു കൊണ്ടേയിരിക്കുക. Inspiration ഉം motivation ഉം മലയാളത്തില്‍ പ്രചോദനംതന്നെ പക്ഷേ, അല്പം വ്യത്യാസമുണ്ട്. Inspiration മാനസികമായി കൊടുക്കുന്ന ഉത്തേജനമാണ്; അതേ സമയം, മോട്ടിവേഷന്‍ ഒരു ക്രിയയ്ക്കു നല്‍കുന്ന യുക്തിസഹമായ കാരണവും, guidance എന്നാല്‍ ഒരു സാഹചര്യത്തെ അതിജീവിക്കാന്‍ കൊടുക്കുന്ന അറിവ് അല്ലെങ്കില്‍ ഉപദേശവുമാണ്.

ഇവ മൂന്നും നന്നായി രക്തത്തില്‍ കലരാനിടയായാല്‍ ആരുടെയും ജീവിതം വിജയിക്കും. കുറേ വര്‍ഷം മുമ്പ്, എന്റെ വളരെയടുത്ത ഒരു സ്‌നേഹിതന്റെ മകന്‍ എന്നെ കാണാന്‍ വന്നു – ദൂരെയൊരു സ്വപ്നതുല്യമായ ജോലിക്കു വേണ്ട അഭിമുഖത്തിനു പോവുകയാണ്. ആ കുട്ടിയുടെ മുഖത്ത് അവന്‍ ശ്രദ്ധിക്കാത്ത ഒരരക്ഷിതാവസ്ഥ പ്രകടമായിരുന്നു. ഏതൊരുവനും, അല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ സൃഷ്ടിതമായ സര്‍വതും പ്രപഞ്ചത്തിന്റെ ഉള്ളംകൈയില്‍ പൊന്നു പോലെ സംരക്ഷിക്കപ്പെടുന്നുവെന്നും ഓരോരുത്തര്‍ക്കുമുള്ളത് അര്‍ഹിക്കുന്നതിനനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും ഞാനവനോട് പറഞ്ഞു. അര്‍ഹതപ്പെടാന്‍ മാത്രം മൂല്യബന്ധിതമായി വളരുകയെന്നതാണു പ്രധാനമെന്നത് അവനൊരു പുതിയ അറിവായിരുന്നിരിക്കണം. ദൈവമെന്ന ബോധതലത്തെ ഒന്ന് വിശകലനം ചെയ്തപ്പോള്‍, ഒരു കാന്തികരേഖ പിളര്‍ന്നാലും അതിനിടയിലുള്ളത് സൂക്ഷ്മമായ ഒരു ശൂന്യതയാണെന്നും, ആ ശൂന്യതയില്ലാത്ത ഒരു കോശം പോലും യാതൊന്നിനുമില്ലെന്നും, ദൈവമെന്ന ആത്യന്തിക ചേതനകൊണ്ട് നാമോരോരുത്തരും നിറഞ്ഞുനില്‍ക്കുന്നുവെന്നും, അതിനേക്കാള്‍ വലിയൊരു മഹാശക്തി ആരെയും സഹായിക്കാന്‍ ലഭ്യമല്ലെന്നും അന്ന് ഞാന്‍ സൂചിപ്പിച്ചു. ഈ ശൂന്യതയാണ് ദൈവമെന്ന് കാണാന്‍ അവനു ബുദ്ധിമുട്ടുണ്ടായില്ല. അതവനെ പ്രചോദിപ്പിച്ചുവെന്നു തോന്നി.

ബഹുഭൂരിപക്ഷവും, ഈശ്വരന്‍ തരുന്ന സമൃദ്ധി കാണാത്തവരുടെ പട്ടികയില്‍ ഇടംപിടിക്കുന്നു. ഉള്ളതും കൂടി നഷ്ടപ്പെടുത്തുന്ന ഇല്ലാത്തവരുടെ പട്ടികയിലാണ് ഇവരുടെ സ്ഥാനം. അന്തരീക്ഷത്തിലുള്ള വായു ശ്വസിച്ചുതീര്‍ക്കാനോ ഭൂമിയിലുള്ള ജലം കുടിച്ചു തീര്‍ക്കാനോ മനുഷ്യനാവില്ല. ദൈവം കൊടുത്തിരിക്കുന്ന എന്താണ് പരിമിതമായിട്ടുളളത്? ഓരോരുത്തരുടെയും ശ്വാസകോശം അതിന്റെ ശേഷിയുടെ 15 % മാത്രമേ പലരും ഉപയോഗിക്കുന്നുള്ളൂ, ബുദ്ധിയുടെ 18% മാത്രമേ ഐന്‍സ്റ്റയിന്‍പോലും ഉപയോഗിച്ചിട്ടുള്ളു. ഈ പരിമിതചിന്ത കൊടുക്കുന്ന മതങ്ങള്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായിരിക്കാനെ ഇടയുള്ളൂ.

ഒരാളുടെ ഉള്ളിലുള്ള ചിന്തകളും  ഒരാള്‍ നേരിടുന്ന വികാരങ്ങളുടെ പ്രതിഫലനങ്ങളും ആര്‍ക്കും ഒളിച്ചു വെക്കാനാവില്ലെന്നും നമ്മുടെ കണ്ണുകളുടെ ചലനത്തിലൂടെയും മുഖത്തെ ഭാവത്തിലൂടെയും അംഗചലനങ്ങളിലൂടെയും നമ്മുടെ പ്രതികരണരീതിയിലൂടെയും വായിക്കാമെന്നുള്ളതും അവനൊരു പുതിയ അറിവായിരുന്നു. അങ്ങനെയൊരു സംഘര്‍ഷം ഇതുപോലെ ഗൗരവമുള്ള അഭിമുഖങ്ങളില്‍ ഉണ്ടാകാന്‍ ഇടയാകരുതെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.

അടുത്ത ദിവസം, ആ കുട്ടി പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ 99 പേര്‍ പങ്കെടുത്തുവെന്നാണവന്‍ പറഞ്ഞത്. പക്ഷേ, തിരഞ്ഞെടുത്തത് ഒരേയൊരാളെ മാത്രം – ഈ കുട്ടിയെ! അവന്റെ മുഖത്തുമാത്രമായിരുന്നിരിക്കണം ഈ ജോലിയില്ലെങ്കിലും എനിക്ക് മറ്റൊന്നുണ്ടാവുമെന്ന ആത്മവിശ്വാസം ത്രസിച്ചുനിന്നത്. ഈശ്വരന്‍ ഒപ്പമുണ്ടെന്നുറച്ചു വിശ്വസിക്കുകയും, തനിക്കുള്ളത് ഒരളവുപോലും കുറയാതെ അവന്‍ തന്നുകൊണ്ടിരിക്കുന്നുവെന്ന് അനുനിമിഷം വേര്‍തിരിച്ചറിഞ്ഞു ജീവിക്കുകയും ചെയ്യുന്ന ഒരുവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കു കഴിയും? ഈശ്വരന്‍ എവിടെങ്കിലും മുട്ടുകുത്തുന്നുവെങ്കില്‍ അത്തരക്കാരുടെ  മുമ്പിലായിരിക്കാനെ ഇടയുള്ളു!

Select your favourite platform