അറിവാണ് ശക്തി

  • Episode 74
  • 29-11-2022
  • 10 Min Read
അറിവാണ് ശക്തി

കെമിസ്ട്രി ക്ലാസ്സില്‍, പ്രൊഫസ്സര്‍ ഒരു ബീക്കറില്‍ കുറെ ആസിഡെടുത്തു. അതിനുള്ളിലേക്ക് ഒരു വെള്ളി നാണയമിട്ടിട്ട് കുട്ടികളോടു  ചോദിച്ചു,
”ഈ വെള്ളി നാണയം ഇതില്‍ ലയിക്കുമോ?” ഉടന്‍, ഒരു കുട്ടി ഉത്തരം പറഞ്ഞു,
”ഇല്ല!”
”എന്തുകൊണ്ട്?” പ്രൊഫസര്‍ ചോദിച്ചു.
”ലയിച്ചു പോകുമായിരുന്നെങ്കില്‍ സാറത് ആസിഡിലേക്ക് ഇടുമായിരുന്നില്ല.” ഉടന്‍ വന്നു, ഉത്തരം.
ഇവിടെ ഏതൊക്കെ ആസിഡിലാണ് വെള്ളി അലിയുന്നതെന്നു പഠിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗം. ഈ നാണയം അതില്‍ അലിയുമായിരുന്നെങ്കില്‍ പ്രൊഫസര്‍ ഇത്ര ലാഘവത്തോടെ ബീക്കറില്‍ ഇടുമായിരുന്നില്ലെന്നറിയുന്നത് വിവേകം. ഇവ രണ്ടും ജീവിതത്തില്‍ ഒരുമിച്ചു വളരണം.
ലോകത്തിലെ ഏറ്റവും ധനാഢ്യരായിരുന്ന എട്ടുപേര്‍ 1923ല്‍ അമേരിക്കയിലെ Edge Water Beach  എന്ന 20 നിലകളുള്ള ആഡംബര Hotelല്‍ ഒത്തു ചേര്‍ന്ന കഥയുണ്ട്. അന്ന്, ഇവരുടെ ആകെ സ്വത്ത്, അമേരിക്കന്‍ ഗവണ്മെന്റിന്റെയത്ര വരുമായിരുന്നെന്നു പറയപ്പെടുന്നു.

25 വര്‍ഷത്തിനു ശേഷം എടുത്ത സ്ഥിതിവിവരക്കണക്കിങ്ങനെ:
ഏറ്റവും വലിയ ഗ്യാസ് കമ്പനിയുടെ പ്രസിഡന്റ് Howard Hubson മാനസിക രോഗിയായി, ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയുടെ പ്രസിഡന്റ് Charles M Schwab പാപ്പരായി മരിച്ചു, ഏറ്റവും വലിയ വ്യാപാര ശൃംഖലയുടെ പ്രസിഡന്റ് Arthur Cutten കടബാദ്ധ്യത മൂലം മരിച്ചു, അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രസിഡന്റ് Richard Whitney തടവിലാക്കപ്പെട്ടു, സമാധാനത്തോടെ മരിക്കാനായി അമേരിക്കന്‍ ക്യാബിനെറ്റ് മന്ത്രി Albert Fall നെ തടവില്‍ നിന്ന് മാപ്പു നല്‍കി മോചിപ്പിച്ചുവെന്നു പറയാം, വാള്‍സ്ട്രീറ്റ് അടക്കി വാണ Jesse Livermore ഉം ലോകത്തെ ഏറ്റവും വലിയ കുത്തക വ്യാപാരി Ivar Kruegger ഉം അന്തര്‍ദ്ദേശീയ സെറ്റില്‍മെന്റ് ബാങ്ക് പ്രസിഡണ്ട്  Leon Fraser ഉം ആത്മഹത്യ ചെയ്തു. സമ്പാദിക്കുന്നതോ വളരുന്നതോ വിദ്യാഭ്യാസവുമായി വലിയ ബന്ധമില്ലെന്നു കരുതിയ ധനാഢ്യരുടെ സ്ഥിതിവിവരക്കണക്കാണിത്.

ഈ സ്ഥിതിയല്ല, ജപ്പാനില്‍. അവിടെയും സഹസ്രകോടീശ്വരന്മാരുണ്ട്. പക്ഷേ, ആത്മഹത്യ ചെയ്തവരോ, ജയിലില്‍ കിടക്കേണ്ടിവന്നവരോ ഇല്ലെന്നുതന്നെ പറയാം. അവര്‍ വിദ്യാഭ്യാസത്തിനും മൂല്യങ്ങള്‍ക്കും കൊടുക്കുന്ന വില അത്രയേറെയാണ്. ഒരൊറ്റ യാത്രക്കാരിക്കു വേണ്ടിമാത്രം മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച ഒരു റയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു ജപ്പാനില്‍. അതാണ് ഹൊക്കൈഡോ ദ്വീപിലുള്ള  കാമി ഷിര്‍ട്ടാക്കി റയില്‍വെ സ്‌റ്റേഷന്‍. ആ സ്‌റ്റേഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചപ്പോഴാണ്, അവിടെയുള്ള ഒരു പെണ്‍കുട്ടിക്ക് ഹൈസ്‌കൂളില്‍ പോകാന്‍ ആ ട്രെയിന്‍ മാത്രമേയുള്ളൂവെന്നറിഞ്ഞത്. ആ ട്രെയിന്‍ സ്‌റ്റേഷന്‍ അവള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ചു – 2016 മാര്‍ച്ച് 25 വരെ. അത്രമേല്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം കൊടുക്കുന്നവര്‍. രാജ്യത്തിന്റെ വികസനവും അത്രമേല്‍ വേഗത്തിലാണെന്നതും ശ്രദ്ധിക്കുക.

വിദ്യാഭ്യാസം ഒരു ജോലിക്കുവേണ്ടിയെന്ന കാഴ്ച്ചപ്പാടാണിവിടെ. പലര്‍ക്കും, മതനിയമ വ്യാഖ്യാനങ്ങള്‍ എന്നതാണ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പ്രായോഗിക കാഴ്ച്ചപ്പാടു തന്നെ. അതിനായി അമിത സമയം ചെലവിടാന്‍ പല മേഖലകളിലും വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്നത് ഖേദകരംതന്നെ. ഒരാളെയെങ്കിലും മോചിപ്പിക്കാനും പ്രചോദിപ്പിക്കാനും വിദ്യാഭ്യാസത്തിന്റെ ശരിയായ ഉദ്ദേശ്യം ബോധ്യപ്പെടുത്താനും കഴിയുന്നുവെങ്കില്‍ അത്രയുമായെന്നോര്‍ക്കുക!

Select your favourite platform