പൗരന്മാര് സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്ന മികച്ച രാജ്യങ്ങളിലൊന്നും മതത്തിനു മേല്‍ക്കൈയില്ല. അതുകൊണ്ട്, മതസ്ഥരുടെയും മതരഹിതരുടെയും ചിന്തകളിലും പ്രാര്ഥനകളിലുമുണ്ടാകുന്ന നേര്‍ത്ത വ്യത്യാസങ്ങളെപ്പറ്റി കാര്യമായ ചര്ച്ചകളവിടെ നടക്കുന്നുമില്ല. ഇത്തരം രാജ്യങ്ങളിലൊക്കെ മൂല്യങ്ങള്‍ അറ്റുപോയിരിക്കുമെന്ന് കരുതുന്നതിലും സത്യമില്ല. മതം വേണോ വേണ്ടയോ? ബുദ്ധിസ്റ്റുകള്‍ പറയുന്നതുപോലെ, ആള്ക്കൊരെണ്ണം വെച്ചുണ്ടായിരുന്നാലും എനിക്കൊരു പരാതിയുമില്ല.
ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്, സ്വിറ്റ്സര്‍ലാന്‍ഡ് …. എന്തുകൊണ്ടാണിവിടങ്ങളിലുള്ളവര് കൂടുതല്‍ സന്തോഷവാന്മാരായിരിക്കുന്നത്? സാമ്പത്തികസ്ഥിതിയെപ്പറ്റിയും ജീവിത നിലവാരത്തെപ്പറ്റിയും പറയുന്നതിന് മുമ്പ് പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട് – വ്യക്തികള്‍ക്കുള്ള സാമൂഹിക പിന്തുണയും, കുറഞ്ഞനിയന്ത്രണങ്ങളും. അതിനനുസരിച്ച് പൗരന്മാരും, ഒരു ജീവിതക്രമം രൂപീകരിച്ചിരിക്കുന്നു.
ഫിന്‍ലാന്‍ഡിലെ ബന്ധങ്ങളെപ്പറ്റി നോക്കാം. 13% ആളുകളും സിംഗിള്‍ പേരന്റ് വിഭാഗത്തില്‍ പെടും. അതവിടെ ഒരു ‘വലിയ’ പോയിട്ട് ‘ചെറിയ’ വാര്‍ത്തപോലുമല്ല. ഇതിന്റെ അര്‍ഥം, അപര/അപരന് ഒളിച്ചു താമസിക്കുന്നുവെന്നല്ല!
ഏറ്റവും നല്ല പിതാക്കന്മാരുടെ നാടുകളില്‍ ഒന്ന് ഫിന്‍ലന്റ് ആണ്. കുട്ടികള്‍ക്കുവേണ്ടി പിതാക്കന്മാര് കൂടുതല്‍ സമയമവിടെ ചെലവിടുന്നു. അവിടുത്തെ ബന്ധങ്ങള്‍ പൊതുവെ വെറും ബന്ധപ്പെടലുകളുടെ പട്ടികയിലല്ല വരുന്നത്.
ബന്ധങ്ങളെപ്പറ്റി അല്പം ഒരു ചിന്തയുള്ളത് നല്ലതാണ്. നല്ല ബന്ധത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടനുസരിച്ച് നിങ്ങളുടെ ഒപ്പമായിരുന്ന് നിങ്ങളുടെ വിഷമതകളില്‍ നിങ്ങളെ പിന്തുണക്കുന്നവര്‍ നല്ല ബന്ധത്തിലുള്ളവരാണ്. നിങ്ങളുടെ നല്ല സമയങ്ങളില്‍ നിങ്ങളോടൊപ്പം ആഘോഷിക്കാനും അവര്‍ ഉണ്ടാവും. ഇവിടെ ആരും ഒറ്റക്കായിരി ക്കില്ലെന്നതില്, കൂടുതല്‍ മേന്മ ഗവേഷകര്‍ കാണുന്നുണ്ട്. ബന്ധങ്ങളെന്നു പറഞ്ഞാല്‍ നിരവധി തരങ്ങളിലുണ്ട്. അടിസ്ഥാനബന്ധങ്ങളില് കുടുംബബന്ധങ്ങളുണ്ട്, സ്നേഹബന്ധങ്ങളുണ്ട്, പരിചയ ബന്ധങ്ങളുണ്ട്. ഇത് കൂടാതെ, അധ്യാപക-വിദ്യാര്‍ത്ഥീ ബന്ധങ്ങളുണ്ട്, തൊഴില്‍ ബന്ധങ്ങളുണ്ട്, സാമുദായിക ബന്ധങ്ങളുണ്ട്, സാംസ്കാരിക ബന്ധങ്ങളുണ്ട് ….. ബന്ധം ഏതാണെങ്കിലും അതിനെ അതിന്റെ പവിത്രതയിലും ആഴത്തിലും കൊണ്ടുപോകാവുന്നതേയുള്ളു.
സെക്സും പ്രണയവുമൊന്നുമില്ലാത്ത തരം ബന്ധമുണ്ട് – പ്ളേറ്റോണിക് ബന്ധമെന്നുദ്ദേശിക്കുന്നത് അത്തരം ബന്ധത്തെയാണ്. ഇതിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്ന ഘടകങ്ങള്‍, പരസ്പരമുള്ള ഇഷ്ടം, ധാരണ, ബഹുമാനം, ശ്രദ്ധ, പിന്തുണ, വിശ്വസ്തത, സ്വീകാര്യത എന്നിവകളാണ്. എല്ലാ ബന്ധങ്ങളും ഹൃദയം കൊണ്ടുള്ളതാണെങ്കില്‍ സന്തോഷത്തിന്റെ സൂചികയില്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍, ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞേക്കാം.
Olavo Bilac എന്ന ബ്രസ്സീലിയന് കവിയോട്, ഒരു ചെറുവ്യാപാരിയായ സുഹൃത്ത് പറഞ്ഞു, ഞാനെന്റെ തോട്ടം വില്‍ക്കുന്നു ഒരു വിവരണം വേണം. ബൈലാക് എഴുതി,
”മനോഹരമായ ഭൂമി, പ്രഭാതത്തില്‍ പക്ഷികള്‍ മരച്ചില്ലകളിലിരുന്നു പാടും. വസ്തുവിന്റെ മധ്യത്തിലൂടെ ഒഴുകുന്ന പുഴയിലെ തിളങ്ങുന്ന ജലധാര കണ്ടാല്‍ ആരും പാടിപ്പോകും….”
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ബൈലാക്ക് ഈ സ്നേഹിതനോട് ചോദിച്ചു, ഭൂമി വിറ്റോ? അയാള്‍ പറഞ്ഞു, താങ്കളുടെ വിവരണം കേട്ടതിനു ശേഷം ഞാനാ തീരുമാനം മാറ്റി.
ബന്ധം മനുഷ്യരോടു മാത്രമല്ല ആകാവുന്നത്; ചുറ്റുപാടുകളുമായുമാവാം. ഒരുദിവസം ഒരു മരത്തെ കെട്ടിപ്പിടിച്ചുമ്മവെച്ചും നമുക്ക് പുതിയൊരു യാത്ര തുടങ്ങാം, സന്തോഷത്തിന്റെ ഉച്ചിയിലേക്ക്!