ഗൗതമബുദ്ധന്റെ ജീവിതത്തില്‍ വളരെ നാടകീയമായ ഒരു മുഹൂര്‍ത്തമുണ്ട് – ബോധോദയം നേടിയ അദ്ദേഹം പോലും അതെന്താണെന്ന് ചോദിക്കേണ്ടിവന്ന ഒരു സന്ദര്‍ഭം. ഗൗതമബുദ്ധന്‍ കൊട്ടാരം വിട്ടതെപ്പോഴാണെന്നറിയാമല്ലോ? അദ്ദേഹത്തിനൊരു കുഞ്ഞു പിറന്ന ദിവസം തന്നെ പാതിരായ്ക്ക്! അനാഥയാക്കപ്പെട്ട യശോധര പക്ഷേ, പുനര്‍വിവാഹം ചെയ്യാന്‍ സമ്മതിച്ചില്ല.
കുറെ വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസമിതാ, ഗൗതമ ബുദ്ധന്‍ യശോധരയുടെ മുമ്പില്‍! തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവായി ബുദ്ധനെ കാണാന്‍ യശോധരയ്ക്കു കഴിഞ്ഞില്ല.
”എല്ലാവരും താങ്കളെ ബുദ്ധായെന്നു വിളിക്കുന്നുവല്ലോ?” യശോധര ചോദിച്ചു.
”ഉവ്വ്! എനിക്കറിയാം.” ബുദ്ധന്‍ മറുപടി പറഞ്ഞു. യശോധര ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.
”എനിക്ക് തോന്നുന്നത്, നമ്മള്‍ രണ്ട് പേരും ചിലതൊക്കെ പഠിച്ചുവെന്നാണ്. അങ്ങയുടെ പാഠങ്ങള്‍ ലോകത്തെ ആത്മീയമായി കൂടുതല്‍ ധന്യമാക്കും. പക്ഷെ, ഞാന്‍ പഠിച്ചത് ആരും തന്നെ അറിയാനിടയില്ല.” അതെന്താണെന്നാണ് ബോധോദയം കിട്ടിയ ബുദ്ധനറിയാതെ പോയത്. അദ്ദേഹം ചോദിച്ചു,
”അതെന്താണ്?”
”ധീരയായ ഒരു വനിതയ്ക്ക് പൂര്‍ണ്ണത പ്രാപിക്കാന്‍, പരസഹായം ആവശ്യമില്ല! സ്ത്രീ അവളില്‍ തന്നെ പൂര്‍ണ്ണയാണ്.” ഇതു പറഞ്ഞപ്പോള്‍ യശോധരയുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ ഒന്നൊന്നായി അടര്‍ന്നുവീണുകൊണ്ടിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാലടിയിലായിരുന്ന സമയത്താണ്, അവിടെ വീട്ടു വിദ്യാഭ്യാസം നടത്തുന്ന കുട്ടികളെപ്പറ്റി ഞാന്‍ കേട്ടത്. അത്തരക്കാരുടെ കാര്യം ഓര്‍ക്കുമ്പോഴൊക്കെ യശോധരയുടെ കാര്യവും ഓര്‍ക്കും. ഒപ്പം, ആരാണിവിടെ പൂര്‍ണ്ണരല്ലാതെയുള്ളതെന്നും ചിന്തിക്കും. ഞാനാ കുട്ടികളുടെ വീട്ടില്‍ പോയി. ഏതാണ്ട് നാല്‍പ്പതുകളിലുള്ള ഒരു യുവാവിനെയും പന്ത്രണ്ട് പതിമ്മൂന്നു വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും ഞാനവിടെ കണ്ടു.
അമ്മയും ഒരു മകളും അപ്പോളവിടെ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും രണ്ട് സമുദായങ്ങളില്‍പ്പെട്ടവരായിരുന്നുവെന്നറിഞ്ഞു ഒരു മതവും അവര്‍ പിന്തുടരുന്നുമുണ്ടായിരുന്നില്ല. ഔദ്യോഗിക രേഖകളില്‍ അവര്‍ക്ക് മതമില്ലായെന്നാണ് രേഖപ്പെടുത്തുന്നത്.
പെരിയാറിന്റെ തീരത്ത്, ലളിതമായ വീടും തൊടിയുമൊക്കെ അവര്‍ തന്നെ സ്വരുക്കൂട്ടിയിട്ടുണ്ടായിരുന്നു. ഞാനൊരു സ്‌കൂളിലും പോയിട്ടില്ലെന്ന് ആ കുട്ടി അഭിമാനത്തോടെയാണ് പറഞ്ഞത്. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഗുരുകുലവിദ്യാഭ്യാസം തന്നെയായിരുന്നത്. ഞാന്‍ കണ്ട ചെറുപ്പക്കാരന്‍, IT മേഖലയില്‍ ഒരു ‘തല’ യായിരുന്നെന്നറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും ഒരു പോസ്റ്റ്ഗ്രാജ്വേറ്റ് ആണ്. രണ്ട് പേരും പ്രകൃതിയോടോപ്പമായിരിക്കാന്‍, ആകര്‍ഷകമായ ജോലികള്‍ ഉപേക്ഷിച്ചവരാണ്. അവരെ അഭിനന്ദിക്കാന്‍ തോന്നിയത്, ശരിയെന്നവര്‍ക്കു തോന്നിയത് ചെയ്യാന്‍ കാണിച്ച ധൈര്യത്തിനാണ്. സത്യം നല്‍കുന്ന സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിലും ആദ്യം വേണ്ടത് ധൈര്യവും സന്മനസ്സുമാണല്ലൊ! ഇത് രണ്ടുമില്ലാതെ ആരെങ്കിലും ഇവിടെ ജയിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാന്‍ വഴിയില്ല.
ആ കൊച്ചു വീടിന്റെ പിന്നിലെ വരാന്തയില്‍ പെരിയാറിലേക്കും നോക്കിയിരുന്നാല്‍, അതിവേഗം ധ്യാനത്തില്‍ അലിഞ്ഞില്ലാതാവാനും മതിയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു വീടിന്റെ ഊര്‍ജനില! ആരെയും പ്രചോദിപ്പിക്കുന്നതായിരുന്നു, ആ തൊടിയും നദിയും വീടുമെല്ലാം. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവരുടെ ലാളിത്യവും എളിമയുമാണ്. വളരെ അത്യാവശ്യം വാക്കുകളേ അവര്‍ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് ഞാനറിഞ്ഞു, ആ കുട്ടികള്‍ക്ക് നാല് ഭാഷകളറിയാമെന്ന്.
അവര്‍ പറഞ്ഞത്, വിവിധ സ്ഥലങ്ങളില്‍ ദീര്‍ഘകാലം അവര്‍ ആയിരുന്നിട്ടുണ്ടെന്നും, വിവിധ സംസ്‌കാരങ്ങളും, ഹിമാലയന്‍ ഗുഹകളുള്‍പ്പെടെ വിവിധ പ്രദേശങ്ങളുമെല്ലാം, അവര്‍ക്കു പരിചിതമാണെന്നുമാണ്. ഇവിടെയുള്ള ഏതൊരു ബിരുദധാരിയെയുംകാള്‍ ആ കുട്ടിക്ക് അറിവും വിനയവും അനുഭവങ്ങളും ഉണ്ടെന്നാണ് എനിക്കു തോന്നിയത്. സ്‌കൂളുകളിലും കോളേജുകളിലും വരെ ആ കുട്ടി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഞാനറിഞ്ഞു.
ഇവരുടെ കാര്യം ഓര്‍ക്കുമ്പോഴെല്ലാം, ബോധോദയം പ്രാപിച്ചവര്‍ക്കു പോലും നിശ്ചയമില്ലാത്ത ആ പ്രപഞ്ചസത്യം വീണ്ടും വീണ്ടും എനിക്കോര്‍മ്മ വരുന്നു: ‘ഇവിടെ ധൈര്യമുള്ള ആര്‍ക്കും പൂര്‍ണ്ണത പ്രാപിക്കാന്‍ പരസഹായം ആവശ്യമില്ല. ഓരോരുത്തരും അവരില്‍ തന്നെ പൂര്‍ണ്ണരാണ്’.