അഗസ്റ്റ റെനോവ (Augusta Renoyir) പ്രസിദ്ധനായ ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു. എഴുപത്തിയെട്ടാമത്തെ വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ കൈകാലുകളെല്ലാം വാതം മൂലം ഞൊണ്ടിയും കോടിയും മുടന്തിയുമൊക്കെയിരുന്നു. അതൊക്കെ ചലിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുമുണ്ടായിരുന്നു. അതികഠിനമായ വേദനയും അനുഭ വിക്കേണ്ടിവന്നു. എങ്കിലും, അദ്ദേഹം ചിത്രരചന തുടര്‍ന്നു. വിരലു കളുടെയിടക്ക് ബ്രഷിന്റെയിടയില് എപ്പോഴും ഒരു തുണിക്കഷണവും ഉണ്ടാകുമായിരുന്നു – ബ്രഷ് തെന്നി പോകാതിരിക്കാന്‍. ഒരിക്കല്‍ കൊച്ചു മകന് ചോദിക്കുക തന്നെ ചെയ്തു,
”എന്തിനാ… ഈ വേദനയും സഹിച്ച് ബ്രഷ് ഉന്തുന്നത്?” അദ്ദേഹം അതിനു പറഞ്ഞ മറുപടി,
”വേദന കടന്നുപോകും, സൗന്ദര്യം നിലനില്ക്കും.” എന്നാണ്.
എടുത്തു പറയത്തക്ക സൗന്ദര്യമുള്ള സര്‍വതിന്റെയും ചരിത്രം ഇതാണ് – അത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണെങ്കിലും, ചൈനയിലെ വന്മതിലായാലും. അവയുടെയൊക്കെ പിന്നില്‍ കഠിനമായ സഹനത്തിന്റെയും ക്ഷമയുടേയുമൊക്കെ കഥകള്‍ കാണും. രത്നം എത്ര വിലയേറിയതാണെന്നു നമുക്കറിയാം. പ്രകൃതിയുടെ അതിശക്തമായ ചൂടും മര്‍ദവുമെല്ലാം ഏറ്റാണ് അതുണ്ടാകുന്നത്. എത്രയോ ഉരയ്ക്കലുകളും തിരുമ്മലുകളും അതിനനുഭവിക്കേണ്ടി വരും.
റോമിലെ സിസ്റ്റെയിന്‍ ചാപ്പലിന്റെ സീലിംഗില്‍ വിശ്വപ്രസിദ്ധമായ ഒരു പെയിന്റിംഗുണ്ട്, മൈക്കിള്‍ ആഞ്ചലോ ചെയ്തതാണത്. മുകളില്‍ ഒരു തട്ടുണ്ടാക്കി, അതില്‍ ദിവസങ്ങളോളം മലര്‍ന്നുകിടന്നു തീര്‍ത്ത ഒരു പണിയായിരുന്നത്. എന്താ നിസ്സാരമായിരുന്നോ ആ യുദ്ധം? ശരീരത്തിന്റെ പുറം, പലയിടങ്ങളിലും പൊട്ടി വ്രണമായിരുന്നെന്ന് ചരിത്രം പറയുന്നു. അവരെയൊക്കെയോര്‍ത്ത് നെടുവീര്പ്പിടുന്നവര് അറിയുക, തുടര്‍ച്ചയായ ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയമായിരുന്നെല്ലാമെന്ന്.
എത്ര നിശ്ചയദാര്‍ഢ്യത്തോടെയാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം നടത്തിയതെന്ന് കാണുക (2021). സര്‍ദാര്‍ജി കഥകളിലൂടെ അവരെ മണ്ടന്മാരുടെ പ്രതിനിധികളായി ലോകം ചിത്രീകരിക്കാറുണ്ടെങ്കിലും, അവരെ കണ്ട് പഠിക്കാനും ഒത്തിരിയുണ്ട്. സര്ദാറുമാരാരും ഭിക്ഷയെടുത്ത് ജീവിക്കുന്നവരല്ല.