കാലത്തിനു പിന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ‘സത്ഗമയാ’ നോണ്‍ സ്‌റ്റോപ്പ് എക്‌സ്പ്രസ്സില്‍ ഒരു സീറ്റ് ഒപ്പിക്കണം. വേദവനത്തില്‍ പോകണം, ബ്രഹ്ദാരണ്യക ഉപനിഷത്ത് എഴുതിയ മഹര്‍ഷിയെ കണ്ടുപിടിക്കണം കണ്ടേ തീരൂ! അത്ര നിസ്സാരമല്ല കാര്യം! സോമബലി നടക്കുമ്പോള്‍ ചൊല്ലാനുള്ള പാവമന മന്ത്രങ്ങളാണ്, ‘അസതോമാ സത്ഗമയാ, തമസോമാ ജ്യോതിര്‍ഗമയാ, മൃത്യോമാ അമൃതം ഗമയ … ’, ഇവയെന്നല്ലേ നമുക്കറിയൂ? ഇത് പറഞ്ഞിട്ട് ഏതോ മഹര്‍ഷി കൂളായി സ്ഥലം കാലിയാക്കിയിരിക്കുന്നു. ഏതോ ഒരു പരമ പ്രകാശത്തോടാണിത് പറഞ്ഞതെന്നു കേട്ടിട്ടുണ്ട് – നമുക്കറിയില്ല! ഈ സത്യമെന്നത് എങ്ങനിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇരുളും വെളിച്ചവും അറിയാം. പക്ഷേ, മൃത്യുവും അമൃത്യുവും എന്താണെന്നും ശരിക്കങ്ങു മനസ്സിലാകുന്നില്ല. ഇനിയുമുണ്ട് സംശയങ്ങള്‍; എല്ലാം ചോദിക്കണം.
പ്രപഞ്ചത്തിനെന്നല്ല, പ്രപഞ്ചത്തിലുള്ള സര്‍വതിനും ബുദ്ധിയുണ്ടെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരെയും ഋഷിമാര്‍ പറ്റിച്ചിട്ടുണ്ടാകുമോ? ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍, സൗരയൂഥത്തിനും ബുദ്ധിയുണ്ട്; ആ ബുദ്ധിക്കവരിട്ട പേരാണല്ലോ ബോധം (consciousness) എന്നത്. സൗരയൂഥത്തിന് ഒരേ താളത്തില്‍ ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കണമെങ്കില്‍, അതിലുള്ള സര്‍വതിനും ബുദ്ധി (ബോധം) ഉണ്ടായിരിക്കണമെന്നും, ഈ സൗരയൂഥബോധം സര്‍വഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്ന ശൂന്യതയിലായിരിക്കാനേ സാധ്യതയുള്ളുവെന്നുമാണ് അവരുടെ നിഗമനം. ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു കുഴപ്പമുള്ളത്, സദാ ചൊറിഞ്ഞുകൊണ്ടേയിരിക്കുമെന്നതാണ്. തുരന്നുതുരന്ന്, ഒരു വസ്തു വിഭജിച്ചാല്‍ എവിടം വരെ പോകുമെന്ന് അവര്‍ കണ്ടുപിടിച്ചു. കണ്ടുകിട്ടിയതോ, സൗരയൂഥം പോലെതന്നെ ഒരെണ്ണം കേന്ദ്രത്തിലൊരു ന്യൂക്‌ളിയസ്സും അതിനു ചുറ്റും കറങ്ങിക്കോണ്ടേയിരിക്കുന്ന കുറേ കണികകളും.
അടുത്ത കാലത്ത്, ഫിസിക്‌സിന്, ക്വാണ്ടം ഫിസിക്‌സ് എന്നൊരു ഉപനും കൂടി ഉണ്ടായല്ലോ. അവിടെവിടെങ്കിലും സത്ഗമയ സംബന്ധമായി വല്ല പരാമര്‍ശവും ഉണ്ടോയെന്നു നോക്കാം. ഇലക്ട്രോണ്‍ എന്നത് ഒരു പിണ്ഡം മാത്രമല്ല അതൊരു തരംഗഭാവവുമാണെന്നാണല്ലോ ‘wave-particle duality’’ തിയറി പറയുന്നത്. ഈ തോന്ന്യാസികള്‍ ഒരു കാര്യം കൂടി കണ്ടുപിടിച്ചിരുന്നു – ഒരാറ്റമിന്റെ ബുദ്ധിയെന്നത് സൗരയൂഥത്തിന്റേതിനേക്കാള്‍ ബഹുമടങ്ങു വലുതാണെന്ന്. തുടര്‍ന്നവര്‍ ഭൂമിയെ വിഭജിച്ച് വിഭജിച്ച് ആറ്റമില്‍ ചെന്നെത്തിയതുപോലെ ആറ്റമിനുള്ളില്‍ ന്യൂക്ലിയസിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളെയും വിഭജിക്കാമെന്നും, അങ്ങനെ നാം അറിഞ്ഞ സൂക്ഷ്‌മോര്‍ജത്തിന് അതിലും സൂക്ഷ്മമായ തലമുണ്ടെന്നും, അതിന്റെ ആറ്റത്തിലെത്തുമ്പോള്‍ ഇതിന്റെയും സഹസ്രമടങ്ങു ബുദ്ധിയായിരിക്കാം അവിടെയുള്ള ബോധത്തിനെന്നുമൊക്കെ ചിന്തിച്ചെന്നു പറയാം. അവസാനം, വിഭജിച്ചു വിഭജിച്ച്, പ്രപഞ്ചത്തിന്റെ ഒരു കുഞ്ഞു കോണിലിരുന്ന് ഞാന്‍ എന്താണ് ചിന്തിക്കുകയെന്നുപോലും കൃത്യമായി അറിയുന്ന ഒരു വിശദീകരിക്കാനാകാത്ത ആകമാന ബോധതലത്തിലെത്തിയേക്കാം എന്ന നിഗമനത്തിലും ശാസ്ത്രജ്ഞന്മാര്‍ യോജിച്ചു. അവരതിനെ വിളിച്ചത് അതിബോധതലം ((Super Consciousness) എന്നാണ്. ഈ അതിബോധത്തിന് പാവമനമന്ത്രങ്ങളില്‍ പറയുന്ന ‘സത്യ’വുമായി എന്തെങ്കിലും ബന്ധം കാണുമോ? എനിക്കൊരു ചെറിയ സംശയം ഇല്ലാതില്ല! ശാസ്ത്രത്തിന്റെ അവസാനം മതമായിരിക്കുമെന്നാരോ പറഞ്ഞു കേട്ടിട്ടുമുണ്ട്.
ഒരു പിയാനോയില്‍, സരിഗമപദനി എന്ന സ്വരങ്ങള്‍ അതിന്റെ അടുത്ത സപ്തകത്തിലേക്ക് കടക്കുമ്പോള്‍, ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടും. ഓരോ സ്വരവും അതിന്റെ ഗുണിതങ്ങളിലേക്ക് (harmonics) കടക്കും. ഇതങ്ങു പോയാല്‍, എവിടെച്ചെന്നു നില്‍ക്കും? ശ്രീ ശ്രീ യോഗാനന്ദ പരമഹംസര്‍ അദ്ദേഹത്തിന്റെ ‘”Autobiography of a Yogi” യില്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട് – എത്ര സപ്തകങ്ങള്‍ വരെയാകാം? സെക്കന്റില്‍ 20,000 സൈക്കിളുകള്‍ക്കു മുകളില്‍ പോയാല്‍ നമുക്ക് കേള്‍ക്കാനാവില്ല. എങ്കിലും, അതിനു മുകളിലും സരിഗമപധനിയുടെ ഗുണിതങ്ങള്‍ ഉണ്ടല്ലോ! അതിന്റെ ഏറ്റവും അങ്ങേത്തലയ്ക്കലാണ് സത്യം അല്ലെങ്കില്‍ ഈശ്വരന്‍ എന്നദ്ദേഹം പറഞ്ഞു. അതിന്റെ ഇങ്ങേത്തലയ്ക്കലും ഈശ്വരന്‍ തന്നെയാണെന്നും തുടര്‍ന്നദ്ദേഹം പറഞ്ഞു. പിന്നെ അല്പം സ്വരം താഴ്ത്തി പറഞ്ഞു, ഇങ്ങനെ കുറഞ്ഞതെന്നും കൂടിയതെന്നുമുള്ള രണ്ട് തലകള്‍ ഇല്ലെന്നും, ഇക്കാര്യങ്ങള്‍ മനുഷ്യന് അഗ്രാഹ്യമായിരിക്കുമെന്നും.
ഇനി ബ്രഹ്ദാരണ്യക ഉപനിഷത്ത് എഴുതിയ മഹര്‍ഷിയെ കണ്ടെത്തിയാലും, പരമഹംസര്‍ പറഞ്ഞതുപോലെ ‘ചകപുക’ യെന്നൊക്കെയാണ് അദ്ദേഹവും പറയാന്‍ പോകുന്നതെങ്കില്‍, സദ്ഗമയാ എക്‌സ്പ്രസ്സില്‍ പോയതിന്റെ ചെലവ് ‘കാ’ യും നഷ്ടം!