ഒരാള്‍ സ്റ്റോറില്‍ നിന്ന് സാധനങ്ങളൊക്കെ വാങ്ങി പുറത്തേ യ്ക്കിറങ്ങുമ്പോള്‍ വിചിത്രമായ ഒരു രംഗം കണ്ടു – വഴിയരുകില്‍ ഒരാള്‍, ഏതാണ്ട് ഇരുപതടി അകലം കണ്ട് ഒരടി സമചതുരവും ഒരടി ആഴവുമുള്ള കുഴികള്‍ എടുത്തുപോകുന്നു, പിന്നാലെ ഒരുവന് അവ മൂടിയും പോകുന്നു. അങ്ങേയറ്റം വിഡ്ഢിത്തമാണിതെന്ന് സ്പഷ്ടം! അയാള്‍ ഒരു പണിക്കാരനെ കണ്ട് ചോദിച്ചു,
”എന്ത് പണിയാണിത്?” പണിക്കാരന് പറഞ്ഞു,
”ഞങ്ങള്‍ മൂന്നു പേരായിരുന്നു, ഇന്ന് വരേണ്ടത്. ഞാന്‍ കുഴിയെടുക്കുമ്പോള്‍ ഒരാള്‍ മരം നടുകയും വേറൊരുവന് കുഴി മൂടുകയും ചെയ്യണമായിരുന്നു. മരം നടേണ്ടവനാണ് ഇന്ന് വരാതിരുന്നത്.”
നമ്മുടെ പരസ്നേഹ പ്രവൃത്തികളും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനമെന്ന് നാം ചിന്തിക്കുന്നില്ല. സംഭാവന കൊടുക്കാന്‍ നാം തല്പരരാണ്; പക്ഷേ, ആരെയെങ്കിലും സ്വന്തം കാലില്‍ നില്ക്കാന് നാം സഹായിക്കുന്നില്ല.
സ്വര്‍ഗത്തിന്റെ കവാടത്തിലെത്തിയ ഒരു സന്യാസിയുടെ കഥയുണ്ട്. അയാള്‍ നിശ്ശബ്ദമായ വിശുദ്ധ ജീവിതം നയിച്ചിരുന്ന ആളായിരുന്നു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ ഭയന്ന് ഒരു പരോപകാര പ്രവൃത്തിയും അയാള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഡ്യുട്ടിയിലുണ്ടാ യിരുന്ന മാലാഖമാര്‍ രേഖകള്‍ വായിച്ചു. ഒരു മനുഷ്യനെപ്പോലും പിണക്കിയിട്ടില്ലെന്നും മാലാഖാമാര്‍ പറഞ്ഞു. ഗുണങ്ങള്‍ വായിക്കുന്നതിനു മുമ്പെ ദൈവം ശിക്ഷ വിധിച്ചു – ശുദ്ധീകരണസ്ഥലത്ത് 7 ദശലക്ഷം വര്‍ഷങ്ങള്‍ കിടക്കട്ടെ. പരോപകാരം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് കടുത്ത പാപമായാണ് ദൈവം കരുതുമായിരുന്നത്. അയാള്‍ ചെയ്ത നല്ല കാര്യങ്ങളും മാലാഖാമാര്‍ വായിച്ചു: രണ്ട് പുണ്യങ്ങളില്‍ ഒന്ന,് തനിക്കറിയാത്ത ദൈവത്തെപ്പറ്റി ആരോടും ഇയാള്‍ സംസാരിച്ചിട്ടില്ലെന്നതായിരുന്നു. രണ്ടാമത്തെ പുണ്യം, അയാള്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയാതിരുന്ന, ശുദ്ധ ജീവിതം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റിയും ഇയാള്‍ ആരോടും പ്രസംഗിച്ചിട്ടില്ലെന്നതായിരുന്നു. ദൈവം പറഞ്ഞു, ഈ പുണ്യങ്ങളും വളരെ വിലയേറിയതാണ്. ഇയാള്‍ ഭൂമിയില്‍ തിരിച്ചു വന്ന് ഏറ്റവും നല്ല പരോപകാര പ്രവൃത്തി കണ്ട് മടങ്ങിവരട്ടെ. സന്യാസിയുടെ ആത്മാവ് ഭൂമിയിലേക്ക് തിരിച്ചു. ആദ്യ ദിവസം ഏറെ അലഞ്ഞിട്ടും ഒന്നും കണ്ടില്ല. സന്ധ്യയായപ്പോള്‍ ദൂരെ മലഞ്ചെരുവില്‍ തീ ആളിക്കത്തുന്നത് കണ്ടു. സന്യാസി അവിടെയെത്തിയപ്പോള്‍ ഒരു കുടില്‍ അപ്പാടെ കത്തിയെരിയുന്നതാണ് കണ്ടത്. അരൂപിയായിരുന്നതുകൊണ്ട് സഹായിക്കാന്‍ സന്യാസിക്ക് പറ്റുമായിരുന്നില്ല. കുടിലിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് സന്യാസിക്ക് മനസ്സിലായി.
ഇടയില്‍ സന്യാസി ഒരു വിചിത്ര കാഴ്ച്ച കണ്ടു. ഒരു തത്ത, താഴെ അരുവിയില്‍ മുങ്ങിയിട്ട് പറന്നുവന്ന് ചിറകില്‍ പറ്റിയ വെള്ളം അഗ്നിയില്‍ കുടഞ്ഞുകളയുന്ന രംഗമായിരുന്നത്. ആ വീട്ടില്‍ തത്തയുടെ കൂടും കുഞ്ഞുങ്ങളുമുണ്ടായിരുന്നെന്നും, ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഈ തത്ത ശ്രമിക്കുകയായിരുന്നെന്നും സന്യാസിക്ക് മനസ്സിലായി. അഗ്നിയുടെ ചൂടില്‍ തത്ത തളരുന്നതും, ആ അഗ്നി യില്‍ തത്ത ചത്തു വീഴുന്നതും സന്യാസി കണ്ടു.
സന്യാസി സ്വര്‍ഗത്തില്‍ മടങ്ങിച്ചെന്ന് ദൈവത്തിന്റെ മുമ്പില്‍ തല കുനിച്ചു നിന്നതേയുള്ളൂ, സ്വന്തം ജീവിതത്തില്‍ ചെയ്യാതെ പോയ അനേകം പരോപകാരങ്ങളെപ്പറ്റി സന്യാസി ഓര്‍ത്തു. സന്യാസി പറഞ്ഞു,
”അങ്ങയുടെ വിധി ന്യായവും യുക്തവുമാകുന്നു.” ദൈവം മാലാഖാമാരോട് പറഞ്ഞു,
”ഇയാളെ സ്വര്‍ഗത്തിലേക്ക് തന്നെ കൊണ്ടുപൊയ്ക്കൊള്ളൂ… പരോപകാരം എന്താണെന്ന് മനസ്സിലായവര്ക്കുള്ളതാണ് സ്വര്‍ഗം.”