ശ്രീരാമനും, പ്രിയതമ സീതയും, അനുജന് ലക്ഷ്മണനും ഒപ്പമായിരിക്കുന്ന ഒരവസരം. ലക്ഷ്മണന്, പത്തുവര്‍ഷമായുള്ള അവരുടെ കാനനവാസത്തെപ്പറ്റിയും, ഇതിനോടകം കണ്ടു മറന്ന അനേകമനേകം പേരുപോലും ഓര്മ്മിച്ചിരിക്കാത്ത താപസരെപ്പറ്റിയും പരാമര്‍ശിച്ചു. അവരുടെ സാന്നിധ്യം ലോകത്തിനുപകാരപ്രദമാണെന്ന് ശ്രീരാമന് പറഞ്ഞു. പേരില്‍ ഒരു കാര്യവുമില്ലെന്നും സൂചിപ്പിച്ചു. പെട്ടെന്നു വന്നു, സീതാദേവിയുടെ ചോദ്യം:
”അവരങ്ങനെ അവിടെയായിരിക്കുന്നതുകൊണ്ട് മറ്റുള്ളവര്ക്കെന്തു പ്രയോജനം?” സ്വതസിദ്ധമായ, സൗമ്യമായ ഭാഷയില്‍ ശ്രീരാമന് മറുപടിയായിപ്പറഞ്ഞു,
”എങ്ങനെ, നാം വെറുതെയിരിക്കുമ്പോഴും സൂര്യന്റെ ചൂട് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നുവോ, അതുപോലെ സത്തുക്കളുടെ അരുകില്‍ ആയിരിക്കുമ്പോള്‍ അവരുടെ ആത്മജ്ഞാനത്തിന്റെയും ശക്തിയുടെയും ഉള്ളറിവുകളുടെയും സൂക്ഷ്മപ്രകാശം നമ്മുടെ സൂക്ഷ്മശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അവരൊന്നും പറഞ്ഞില്ലെങ്കിലും നമുക്കേറെ കിട്ടുന്നു. അവരുടെ വിജ്ഞാനത്തിന്റെ നിറവ് പരമാവധി എത്തിപ്പെടണമെങ്കില്‍ നാം നമ്മുടെ മനസ്സിന്റെയും ബുദ്ധിയുടെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിട്ട് അവരുടെ ചരണങ്ങളെ പ്രാപിക്കേണ്ടതുണ്ട്. ഒരു ഭിക്ഷക്കാരന്റെ എളിമയോടെ അവരെ സമീപിച്ച് മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോള്‍ അവരുടെ പ്രായശ്ചിത്തത്തിലൂടെ അവര്‍ നേടിയെടുത്ത വരങ്ങള്‍ നമുക്കും ലഭ്യമാവുന്നു. ലക്ഷ്മണ്, സാത്വികരായ ഇത്തരം സത്തുക്കളെ കാണാനുളള അവസരം ഭാഗ്യശാലികള്‍ക്കേ കിട്ടൂ.”
വിപാസന ധ്യാനത്തിന്റെ ആചാര്യന് ഗുരു ഗോയങ്കജി ഒരു കഥ പറഞ്ഞു. മൂന്നു പേര്, ഒരേ രോഗത്തിനു ഡോക്ടറെ കാണാന്‍ പോയി. ഡോക്ടര്‍ മൂന്നു പേര്‍ക്കും ഒരേ മരുന്ന് കുറിച്ച് കൊടുത്തു, മൂന്നു നേരം കഴിക്കാനും പറഞ്ഞു. ഒരുത്തന് ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയാന്‍ ഗവേഷണം തുടങ്ങി. അടുത്തവന് ആ കുറിപ്പടി മൂന്നായി കീറി മൂന്നു നേരമായി കഴിച്ചു. ഒരുവനാകട്ടെ, അതുംകൊണ്ട് മെഡിക്കല്‍ ഷോപ്പിലേക്കും പോയി!
എല്ലാം ഇവിടുണ്ട്, പക്ഷേ…..! കളപ്പുരകള്‍ പതിരില്ലാത്ത മണികളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന സങ്കല്പത്തില് വാതിലടച്ചു കൊളുത്തിടുന്ന ഭോഷരെയോര്ക്കുമ്പോള് കണ്ണുകള്‍ നനയുന്നു!