ഫലമില്ലാത്ത പ്രാര്‍ഥനകള്‍

  • Episode 92
  • 29-11-2022
  • 08 Min Read
ഫലമില്ലാത്ത പ്രാര്‍ഥനകള്‍

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന്റെ സമീപത്തുള്ള ഒരു ചാപ്പലുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.
ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ്, മിക്ക പൈലറ്റുമാരും അവിടെ വന്നു പ്രാര്‍ഥിക്കുമായിരുന്നു. ഒരു ദിവസം ചാപ്ലൈന്‍ അവരില്‍ കുറേപ്പേരെ വിളിച്ച്, നിങ്ങള്‍ എയ്‌റോ നോട്ടിക്കല്‍ സയന്‍സ് പഠിച്ചിട്ടുണ്ടോ, വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചാല്‍ എന്ത് സംഭവിക്കും….  എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ ചോദിച്ചു – എല്ലാത്തിനും അവര്‍ മറുപടിയും പറഞ്ഞു. അവസാനം ഒരു ചോദ്യം വന്നു,
”ഈ നിയമങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചതാരാണ്?”
”ദൈവം!” അവര്‍ മറുപടി പറഞ്ഞു. ചാപ്ലൈന്‍ ഒരു ചോദ്യം കൂടി എടുത്തിട്ടു.
”ദൈവം സ്ഥാപിച്ച നിയമങ്ങള്‍ ദൈവംതന്നെ ലംഘിക്കുമോ?”
ചാപ്ലൈന്‍ ചോദിച്ചതിന്റെ മുന അവര്‍ക്കു മനസ്സിലായി. ചാപ്ലൈന്‍ ചോദിച്ചു,
”ഓരോരുത്തരും അവരവരുടെ സ്വാധീനം ഉപയോഗിച്ച് പ്രപഞ്ചം നടത്തിത്തുടങ്ങിയാല്‍ എന്തായിരിക്കും, ലോകത്തിന്റെ സ്ഥിതി? ഏതു പ്രതികൂല സാഹചര്യത്തിലും വിമാനം നിലത്തിറക്കാന്‍ വേണ്ട ആത്മധൈര്യത്തിനു വേണ്ടിയാണെങ്കില്‍, നിങ്ങള്‍ പ്രാര്‍ഥിക്കുന്നതിനു ഫലം കണ്ടേക്കാം.” ചാപ്ലൈന്‍ പറഞ്ഞു.ഇവിടെയൊരു വലിയ ചിന്തയുണ്ട്! ഇവിടെ നടക്കുന്ന സര്‍വ ചലനങ്ങള്‍ക്കും അനുസൃതമായ മാറ്റങ്ങള്‍ പ്രപഞ്ചത്തിലാകെ സംഭവി ക്കുന്നുവെന്നതാണത്. ഇവിടെ ഒരു തിരി കത്തിച്ചുവെച്ചാല്‍, അതിന്റെ പ്രകാശം എവിടംവരെ ചെല്ലുമെന്ന് ഒരു ഭൗതിക ശാസ്ത്രജ്ഞനോട് ചോദിക്കുക. പ്രപഞ്ചം മുഴുവനുമെന്നേ അവന്‍ പറയൂ. ഓസ്‌ട്രോ – ഹങ്കേറിയന്‍ സാമ്രാജ്യത്തിന്റെ കിരീടാവകാശിയെയും ഭാര്യയെയും വെടിവെച്ചു കൊന്നിടത്തുനിന്നാണ് ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്നത്. ചെറുതെന്നു കരുതുന്ന ഓരോ സംഭവവും വലിയ വലിയ മാറ്റങ്ങളാണ് പ്രപഞ്ചത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതായത്, നാം ചെറുതെന്നു കരുതി വരുത്തുന്ന ഒരു മാറ്റവും, നാം അപ്പോള്‍ കണ്ട ഫലംകൊണ്ട് അവസാനിക്കുന്നില്ലായെന്ന്.
കാര്യകാരണ (Cause and effect) ശൃംഖലയുടെ ചങ്ങലയിലാണ് ഇവിടെ നടക്കുന്ന മുഴുവന്‍ സംഭവങ്ങളും. പ്രപഞ്ചത്തില്‍ ആയിരിക്കുന്നതും നടക്കുന്നതുമെല്ലാം കൃത്യമായ സമയത്തും സ്ഥലത്തുമാണെന്നുള്ളത് നിസ്തര്‍ക്കമായ സത്യം. അതിന്റെ ഭാഗമായുണ്ടാകുന്ന ചില അസ്വസ്ഥതകളായിരിക്കും ജീവിതത്തില്‍ അനുഭവപ്പെടുന്നതൊക്കെ – രോഗങ്ങളായാലും,  ദുരന്തങ്ങളായാലും. ഈശ്വരന്‍ തരുന്നതു പ്രതിബന്ധങ്ങളാണെന്നും അവയെ അതിജീവിച്ചാണ് ശക്തി ആര്‍ജിക്കേണ്ടതെന്നുമുള്ളത് ഒരു പ്രമാണം തന്നെ. കാറ്റു കാണാത്ത മാമരത്തിന്റെ വേരുകള്‍ പ്രതലത്തില്‍ത്തന്നെ ചുരുണ്ടുകൂടിയിരിക്കുകയല്ലേയുള്ളൂ? ഒരു കൊച്ചു കാറ്റുപോരേ അതിനെ തള്ളിയിടാന്‍?
രണ്ട് സന്യാസിമാര്‍ ഒലിവ് ചെടികള്‍ നട്ട കഥ ഇങ്ങനെ. ഒരു സന്യാസി പ്രാര്‍ത്ഥിച്ചു,
”ഈശ്വരാ, ഇതിനു മഴ വേണം;” ചോദിച്ചത്ര മഴ ഈശ്വരന്‍ കൊടുത്തു.
”ഈശ്വരാ… ഇതിനല്‍പ്പം വെയിലു വേണം,” വെയില്‍ കിട്ടി.
”ഇതിനല്‍പ്പം മഞ്ഞു വേണം,” മഞ്ഞും കിട്ടി.
ആ ചെടിയങ്ങനെ തിളങ്ങി നിന്നു. പക്ഷേ, ആ ചെടി വാടിപ്പോയി. ഒപ്പം, ഒലിവുചെടി നട്ട സന്യാസിയുടെയടുത്തേക്ക് ഈ സന്യാസി ചെന്നു. ആ ചെടിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അതിനു വേണ്ടതെന്തോ അതു കൊടുക്കാനായിരുന്നു, ആ സന്യാസി ദൈവത്തോട് പ്രാര്‍ഥിച്ചത്.
സംഗതിയൊക്കെ ശരിതന്നെ; കര്‍മ്മം ചെയ്യുകയാണ് ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും. മുമ്പേ ഫലം നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള ഈ യാത്ര ഒരു കാരണവശാലും യുക്തിക്ക് ഇണങ്ങണമെന്നുമില്ല.

Select your favourite platform