ജനാധിപത്യം ഏറ്റവും നല്ല രാഷ്ട്രഭരണ സംവിധാനമായിരിക്കാം; പക്ഷേ, അവിടെയും സ്വതന്ത്രമായി ‘നോ’യെന്ന് ഉന്നതാധികാരികളോട് പറയാനുള്ള സ്വാതന്ത്ര്യമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി ദിനങ്ങളില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഒരു വിശേഷാല്‍ യോഗം വിളിച്ചുകൂട്ടിയിരുന്നു. മുതിര്‍ന്ന സൈന്യാധിപരും അതില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ വേണ്ടത്ര പരിചയസമ്പന്നരല്ലാത്തതുകൊണ്ട്, ഒരു ബ്രിട്ടീഷുകാരന്‍ അല്പകാലം സര്‍വസൈന്യാധിപനായിരിക്കട്ടെയെന്ന ഒരാശയം നെഹ്രു മുന്നോട്ടു വെച്ചു. ആര്‍ക്കും അതിഷ്ടപ്പെട്ടില്ല; പക്ഷേ, ആരും പ്രതികരിച്ചുമില്ല.
അങ്ങനെയിരിക്കുമ്പോഴാണ്, ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ ഒരഭിപ്രായം പറയാനുണ്ടെന്നറിയിച്ചത്. പ്രധാനമന്ത്രിയോട് ക്ഷമാപണം പറഞ്ഞുകൊണ്ട് വളരെ സൗമ്യമായ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു, ഭരണകാര്യത്തിലും നമുക്ക് പരിചയമുള്ളവരില്ലല്ലോ, അപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കും ഒരു ബ്രിട്ടീഷ്‌കാരനെ പരിഗണിച്ചാലോയെന്ന്.
വല്ലാത്ത ഒരു ചോദ്യമായിപ്പോയി. നെഹ്രുവിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് ഒരു സാങ്കേതിക അനുമതി ലഭിക്കുകയെന്നത് മാത്രമായിരുന്നു. നെഹ്രുവിന് മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. ചപ്പടാ മറുപടികള്‍ അവിടെ ചെലവാകുമായിരുന്നില്ല. ആ സൈനികന്റെ ധീരതയോടെയുള്ള ഇടപെടലാണ് ഇന്ത്യക്ക്, തുടക്കത്തില്‍ തന്നെ, ഇന്ത്യാക്കാരനായ ഒരു സര്‍വസൈന്യാധിപന്‍ ഉണ്ടാവാന്‍ കാരണം.D K Palit എഴുതിയ ‘Major General A. A’ എന്ന ആത്മകഥാംശമുള്ള പുസ്തകത്തില്‍ ഇന്ത്യക്കൊരു സൈനികനയം ഇല്ലാതിരുന്നതിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. ഭാരതത്തിന്റെ തനതായ അഹിംസാ സിദ്ധാന്തത്തില്‍ എക്കാലവും പിടിച്ചു നില്‍ക്കാമെന്നാണ് നെഹ്രു കരുതിയത്. കാശ്മീര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, കുറഞ്ഞത് നെഹ്രുവിന്റെ കാലത്തെങ്കിലും, ഇന്ത്യക്ക് ഒരു പ്രത്യേക സൈനികനയം ഉണ്ടാകുമായിരുന്നില്ല.
1971 ല്‍ ബംഗ്‌ളാദേശ് പ്രശ്‌നം ഇന്ത്യക്കൊരു തലവേദനയായപ്പോള്‍, യുദ്ധം പ്രഖ്യാപിക്കാന്‍, അന്നത്തെ സൈന്യാധിപനായിരുന്ന Field Marshal Manekshaw യോട് അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തയ്യാറെടുപ്പിനു സമയം ആവശ്യപ്പെടുകയാണുണ്ടായത്; മാത്രവുമല്ല, അതിനു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും ആവശ്യപ്പെട്ടിരുന്നു. 1971 ഡിസംബര്‍ 6 നു യുദ്ധം തുടങ്ങുകയും, ഡിസംബര്‍ 16ന് പാക്കിസ്ഥാന്റെ സമ്പൂര്‍ണ്ണ കീഴടങ്ങലില്‍ ആ യുദ്ധം അവസാനിക്കുകയും ചെയ്തു.കൃത്യതയോടെയും ധീരതയോടെയും പ്രതികരിക്കാന്‍ കഴിയുന്നവരുടേതാണ് ഭാവി. പ്രതികൂലമായ സാഹചര്യമായിരുന്നിട്ടും, പറയേണ്ടത് പറഞ്ഞതുകൊണ്ടുണ്ടായ മാറ്റം എത്ര വലുതായിരുന്നെന്ന് ഈ രണ്ട് ചരിത്ര സംഭവങ്ങള്‍ നമ്മോട് പറയുന്നു.