ഇതിഹാസങ്ങളിലെല്ലാം തന്നെ പകയുടെയും യുദ്ധത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ നിരവധി കഥകള്‍ കാണാം – അതില്‍ മതഭേദമൊന്നുമില്ല! ഓരോന്നിലും ജയിച്ചതാരാണെന്നു ചോദിച്ചാല്‍ സംഗതി കുഴയും. മഹാഭാരതയുദ്ധം കഴിഞ്ഞപ്പോള്‍ അവശേഷിച്ച ആളുകളുടെ എണ്ണം പാണ്ഡവപക്ഷത്ത് എട്ടും കൗരവപക്ഷത്ത് നാലുമായിരുന്നു. നമ്മുടെ ചുറ്റും സംഭവിച്ചിട്ടുള്ള വ്യവഹാരങ്ങളുടെ അന്ത്യങ്ങളെ വിലയിരുത്തിയാലും മതി, കാര്യം മനസ്സിലാക്കാന്‍. കുരുക്ഷേത്ര യുദ്ധത്തോട് ചേര്‍ന്ന്, എന്നെ ചിന്തിപ്പിക്കുന്ന ഒരു സന്ദര്‍ഭം, ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരോട് യാത്ര ചോദിച്ചു മടങ്ങുന്ന ദ്രൗപദിയുമായി ബന്ധപ്പെട്ടതാണ്. മടങ്ങുന്ന വഴി, ദുര്യോധനനെയും കൂട്ടരെയും അവര്‍ കണ്ടു. തന്റെ അഴിഞ്ഞുകിടക്കുന്ന മുടി ഒരു കൈയാല്‍ കോതിയൊതുക്കിക്കൊണ്ട് (പഴയ ശപഥക്കാര്യം ദുര്യോധനനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്), ദുര്യോധനനോട് ദ്രൗപദിയൊരു ചോദ്യം,
”സുഖമാണോ ദുര്യോധനാ?”ഇത്തരം മുനവെച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാനിഷ്ടപ്പെടാത്തവരാരും കാണില്ല. എങ്കിലും, അപ്പോള്‍ കിട്ടുന്ന സുഖം സ്ഥിരമല്ലെന്നത് കാണാതിരിക്കാനാവില്ല. പ്രതികാരം ചെയ്യണമെന്നു തന്നെയാണ്, എന്റെയും ഇപ്പോഴത്തെ അഭിപ്രായം. ഞാനുദ്ദേശിക്കുന്നത്, പോസിറ്റീവ് പ്രതികാരമെന്ന ആശയമാണെന്ന വ്യത്യാസമേയുള്ളൂ അതിനൊരല്പം ക്ഷമ കൂടുതല്‍ വേണ്ടിവന്നേക്കാം. ലോകത്തു വിജയിച്ചുവെന്ന് നാം കരുതുന്ന ആരെ വേണമെങ്കിലും നോക്കിക്കൊള്ളൂ, എളിമപ്പെടുത്തലുകളെ എത്ര മനഃസാന്നിദ്ധ്യത്തോടെയാണ് അവരൊക്കെ നേരിട്ടതെന്നു കാണാം. ഗാന്ധിജിയെ ഒരു പതറാത്ത പോരാളിയായി മാറ്റിയത്, അദ്ദേഹത്തിനു കിട്ടിയ അപമാനങ്ങളായിരുന്നിരിക്കണം. രാജാറാം മോഹന്‍ റോയ്, തന്റെ ജ്യേഷ്ഠഭാര്യയെ ജ്യേഷ്ഠന്റെ ജഡത്തോടൊപ്പം ചിതയില്‍ ദഹിപ്പിച്ചവരോട് പ്രതികാരം ചെയ്തത്, സതി സമ്പ്രദായം നിര്‍ത്തുന്നിടംവരെ പൊരുതിക്കൊണ്ടാണ്.ഇനി നെഗറ്റീവ് പ്രതികാരമാണെങ്കില്‍, S N ഗോയങ്കാജി (വിപാസന ധ്യാനത്തിന്റെ പരിശീലകന്) പറഞ്ഞതു ശരിയെങ്കില്‍, ആദ്യത്തെ ഇര നാം തന്നെയായിരിക്കും. ജീവിതത്തില്‍ എന്തെല്ലാം ചെയ്തിട്ടും വിജയിക്കുന്നില്ലായെന്ന് കരുതുന്നവര്‍ക്കും മാറാരോഗങ്ങള്‍കൊണ്ട് തളര്‍ന്നവര്‍ക്കും, ക്ഷമയും അനുരഞ്ജനവും മികച്ച ഒരു മാര്‍ഗമാണ്. ജയിലുകളില്‍ കഴിയുന്നവരില്‍ ബഹുഭൂരിപക്ഷവും, പ്രതികാരം ചെയ്ത് അടിതെറ്റിയവര്‍. ജീവിക്കാന്‍, അവര്‍ക്കെല്ലാം ഓരോ ജന്മംകൂടി വേണം.
ജീവിതത്തിലുണ്ടാകുന്ന പ്രകോപനാനുഭവങ്ങള് പ്രതികാരം ചെയ്തു പരിശീലിക്കാനാണെന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. മാറേണ്ടത് നമ്മുടെ മനോഭാവമാണ്. നമുക്കിങ്ങനെ പറയാം: ”ദിവസം ഒരഞ്ചു കാര്യങ്ങളെങ്കിലും എനിക്കിഷ്ടമില്ലാത്തതായി സംഭവിക്കുന്നുണ്ട്. അതുവച്ച് നോക്കിയാല്‍, 10 വയസ്സു മുതല്‍ 30 വയസ്സുവരെ 40,000 ത്തോളം പ്രാവശ്യമെങ്കിലും പ്രതികാരം ചെയ്യാന്‍ എനിക്കു കാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോന്നും ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ അവയുടെയൊക്കെ പിന്നാലെ പോയിരുന്നെങ്കില്‍, മറ്റൊന്നിനും എനിക്ക് സമയമുണ്ടാകുമായിരുന്നില്ല. മാത്രവുമല്ല, ഇവയെല്ലാം ഉള്ളില്‍ കിടന്നഴുകി, ഒരു രോഗിയായിത്തന്നെ ഇതിനോടകം ഞാന്‍ മരിച്ചേനെ!”ആരുടെ ജീവിതത്തിലാണ് ഒരു ദുരനുഭവമെങ്കിലും അപരനില്‍ നിന്നുണ്ടാവാത്തത്? ഏതു സമൂഹത്തിലാണ് ഒരു കുളംകലക്കിയെങ്കിലും ഇല്ലാത്തത്? ഇവയോടും ഇവരോടുമൊക്കെ പ്രതികാരം ചെയ്ത്, സന്തോഷത്തോടും സംതൃപ്തിയോടും കൂടി മരിച്ച ആരെയെങ്കിലും ഓര്‍മ്മയുണ്ടോ? ഇല്ലെങ്കില്‍, ചുവടൊന്നു മാറ്റുകതന്നെ വേണം. എല്ലായിടങ്ങളിലും പോസിറ്റീവ് പ്രതികാരത്തിന് അവസരങ്ങളുണ്ട്. സാധാരണയായി മനുഷ്യരും സാഹചര്യങ്ങളും, സസ്യങ്ങളും, ജന്തുക്കളും, ചിന്തകളുമെല്ലാം പ്രതികാരം ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റില്‍ വരാം. എന്തിനോടാണെങ്കിലും, പോസിറ്റീവായി എങ്ങനെ പ്രതികരിക്കാമെന്ന് എപ്പോള്‍ ഒരാള്‍ ചിന്തിച്ചു തുടങ്ങുന്നോ അപ്പോള്‍ മുതല്‍ അവന്റെ ജീവിതവും മാറിത്തുടങ്ങിയിരിക്കും!
സൂക്ഷിച്ചു നോക്കിയാല്‍, നമ്മുടെയൊക്കെ ഒരോ ശ്വാസത്തിലും ഒരിക്കലും തീരാത്ത പകയുടെ ഗന്ധമുണ്ടെന്ന് കാണാം. ഒരിക്കലൊരാള്‍ വക്കീലോഫീസിലേക്ക് വിളിച്ച് വക്കീലുണ്ടോയെന്നന്വേഷിച്ചു. മറുപടി വന്നു:
”ക്ഷമിക്കണം, കഴിഞ്ഞയാഴ്ച്ച അദ്ദേഹം മരിച്ചുപോയി.”
പിറ്റേന്നും അടുത്ത ദിവസവും ഇതാവര്‍ത്തിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് ചോദിച്ചു, അദ്ദേഹം മരിച്ചുപോയെന്നു പല പ്രാവശ്യം പറഞ്ഞല്ലോയെന്ന്. അപ്പോള്‍ അപരന് പറഞ്ഞത്, അത് വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നുവെന്നാണ്.
പ്രതികാരമെന്നു പറഞ്ഞാല്‍ എലിവിഷം തിന്നിട്ട്, എലി ചാകാന്‍ കാത്തിരിക്കുന്നതുപോലെയാണെന്നാണു ചൊല്ല്!