റിട്ടയര്‍ ചെയ്ത ഒരു സ്ത്രീയുടെ തലയില്‍ അവശേഷിച്ചത് മൂന്നു തലമുടികള്‍ മാത്രമായിരുന്നു. അതിനെ അവര്‍ പരിപാലിച്ചുപോന്നു. അല്‍പ്പകാലം കഴിഞ്ഞപ്പോള്‍ അതിലൊന്നുകൂടി പൊഴിഞ്ഞു. ഇനിയും രണ്ട് ബാക്കിയുണ്ടല്ലോയെന്നായി അവര്‍. അതിലെ ഒന്ന് പൊഴിഞ്ഞപ്പോള്‍ ഒരെണ്ണം ധാരാളം മതിയെന്നു പറഞ്ഞുകൊണ്ട് അതിനെ കോതിയും മിനുക്കിയും അവര്‍ ജീവിച്ചു. അതും പൊഴിഞ്ഞു പോയപ്പോള്‍, വലിയൊരു ചുമതല ഒഴിഞ്ഞതുപോലെയായി അവര്‍. ഇതുപോലെ, എന്ത് സംഭവിച്ചാലും അതാഘോഷമാക്കുന്ന ഒരു വിഭാഗം ആളുകളെ നാമെന്നും കാണാറുണ്ട്. എവിടെയുമുണ്ട് അത്തരക്കാര്‍! ഐന്സ്റ്റെയിന് പറയുന്നത്, എപ്പോഴും പരാതിപറഞ്ഞുകൊണ്ടിരിക്കുന്നവരുടെ അടുത്തുപോലും പോകരുതെന്നാണ്. എല്ലാ പരിഹാരങ്ങളിലും ഒരു പ്രശ്നമെങ്കിലും കാണുന്നവരാണത്രെ അത്തരക്കാര്‍.
സാധാരണ ഒരു ശരീരത്തില്‍ 37.5 ട്രില്യണ്‍ കോശങ്ങളുണ്ടെന്നറിയാമല്ലോ? ഇതിലേതെടുത്താലും ആകമാന ശരീരംതന്നെ പുനര്സൃഷ്ടിക്കാമെന്നു പറയുന്നിടത്ത് യുക്തിയുണ്ട്; ആകമാന കോശങ്ങളുടെ സ്വഭാവ സവിശേഷതകള്‍ തന്നെയായിരിക്കും എല്ലാ കോശങ്ങള്ക്കുമുള്ളത്. ടിഷ്യൂ കള്‍ച്ചറില്‍ ഒരു ചെടിയുടെ കോശമെടുത്ത് മീഡിയത്തില്‍ വളര്ത്തിയെടുക്കുകയാണല്ലോ ചെയ്യുന്നത്. എല്ലാ കോശങ്ങളും സന്തോഷവാന്മാരായിരുന്നാല്‍, അത് ആകമാനശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തും. ഇന്ന് Laughter therapy നഗരങ്ങളില്‍ ചുവടുറപ്പിച്ചുവരുന്നുണ്ട്. ആശുപത്രികളില്‍ കൊടുക്കുന്ന വളരെയേറെപ്പണം ലാഭിക്കാന്‍, ഈ ചിരി ചികിത്സയിലൂടെ സാധിക്കും!ഇക്കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്ന് കേക്ക് മുറിക്കുന്ന ഒരു ചിത്രം കാണാനിടയായി. എന്തായിരുന്നെന്നോ അവരുടെ വിശേഷാവസരം? ആ വീട്ടിലെ ഒരാളുടെ കാലിന്റെ പെരുവിരല്‍ പിറ്റേന്ന് മുറിച്ചുമാറ്റാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ആ പെരുവിരലിനോട് യാത്ര പറയുന്ന ആഘോഷമായിരുന്നു നടന്നത്. ഒരു മുത്തശ്ശി, 87 ല്‍ കോളേജില്‍ ചേര്‍ന്ന ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്. കുറഞ്ഞൊരു കാലംകൊണ്ട് കണ്ടവരെ മുഴുവന്‍ സ്നേഹിതരാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആദ്യത്തെ സെമസ്റ്റര്‍ കഴിഞ്ഞ ദിവസം നടന്ന സല്‍ക്കാരത്തില്‍ അവര്‍ ഒരുദ്ധരണി പറഞ്ഞു,
”പ്രായം ചെന്നതുകൊണ്ട് നാമാരും കളികള്‍ നിര്‍ത്തുന്നില്ല, പക്ഷേ കളികള്‍ നിര്‍ത്തിയാല്‍ നമുക്കു പ്രായം കൂടും….”
ഒരിക്കലൊരു കമ്പനി ചെയര്മാന് സമയത്തിന്റെയും സാഹചര്യത്തിന്റെയുമൊക്കെ വിലയെന്നു പറയുന്നത് വിമാനടിക്കറ്റ് പോലെയാണെന്നാണ് പറഞ്ഞത്. വിമാനക്കമ്പനിക്കാരുടെ ആഗ്രഹം എല്ലാ സീറ്റുകളിലും ആളുണ്ടായിരിക്കുകയെന്നതാണ്. ഓരോ സീറ്റിനും അവര്‍ വില നിശ്ചയിക്കുകയും ചെയ്യുന്നു. വിമാനം പറന്നുയരുന്നതുവരെ ആ സീറ്റുകള്‍ക്കെല്ലാം വിലയുണ്ടുതാനും. കിട്ടുന്ന ഓരോ നിമിഷവും പരമാവധി വിലയുള്ളതാക്കാന്‍ ശ്രമിക്കുക. ഒരു നിമിഷംപോലും സന്തോഷത്തോടെയല്ലാതെ ചെലവിടാന്‍ ഇടവരാതിരിക്കട്ടെ. ദുഃഖിക്കാന്‍ അവസരം തേടുന്നവര്‍ക്ക് അതിനു മാത്രമേ സമയവും കാണൂ!