ബ്രഹ്മാണ്ഡത്തിന്റെ ഗതി അങ്ങനെയാണ്; അതിലുള്ള ഓരോ അംശത്തിനും അതിന്റേതായ സ്ഥാനമുണ്ട്. പക്ഷേ, മനുഷ്യന് ചിന്തിക്കുന്നത് അവനാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ്. പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം കഥകളില്ക്കൂടെയും സംഭവങ്ങളില്ക്കൂടെയുമൊക്കെ പറഞ്ഞുതരുന്ന മൂല്യാധിഷ്ഠിത സന്ദേശങ്ങള്‍ നാം കാര്യമായി ശ്രദ്ധിക്കാറേയില്ല. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ യേശു പിറന്നപ്പോള്‍ ആട്ടിടയന്മാരല്ലേ ഉണ്ടായിരുന്നുള്ളു? ഉണ്ണിയെ പൊതിയാനുള്ള തുണികള്‍ അവരായിരുന്നിരിക്കണം കൊടുത്തത്. ഒരു ജലദോഷംപോലും ഉണ്ണിയേശുവിനുണ്ടായതായി ആരും പറയുന്നില്ലല്ലോ.
ഭഗവാന് കൃഷ്ണന് അര്‍ജ്ജുനനോട് ഒരു കാര്യം പറയുന്നുണ്ട്. ചെയ്യുന്നതായി ഭാവിക്കുന്ന മനുഷ്യന് ഒന്നും ചെയ്യുന്നില്ലെന്നും, യാതൊന്നും ചെയ്യുന്നതായി ഭാവിക്കാത്ത ദൈവമാകട്ടെ, എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നുമാണത്. ദൈവങ്ങള്‍ക്കായാലും ഈ ലോകത്തു നിലനില്ക്കണമെങ്കില് നമുക്ക് നിസ്സാരമെന്നു തോന്നുന്ന പലതും ആവശ്യമുണ്ട്. ശ്രീ ശ്രീ രവിശങ്കര്‍ തന്റെ പ്രഭാഷണങ്ങള്‍ക്കിടയില്‍ പുരാണകഥകള്‍ തിരുകാറുണ്ട്. കാര്യം മനസ്സിലാക്കാന്‍ ചിലപ്പോള്‍ അതുപകാരപ്പെടുകയും ചെയ്യും. ഉപമകളും ഉദാഹരണങ്ങളുമൊക്കെ മനസ്സിലേക്ക് ആശയങ്ങളെ കടത്തിവിടാനുള്ള പാലങ്ങളാണല്ലോ.
അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്, നിങ്ങളെ ആരെങ്കിലും കഴുതയോടുപമിച്ചാല് സന്തോഷിക്കുകയാണ് വേണ്ടതെന്നാണ്. കാരണം ഒരു കഴുത വിചാരിച്ചിരുന്നെങ്കില്‍ ശ്രീകൃഷ്ണന്റെ ജനനം തന്നെ അവതാളത്തിലായേനെയെന്നാണ്. കഴുതകള്ക്കൊരു പ്രത്യേകതയുണ്ട് – എവിടെങ്കിലും ആര്‍ക്കെങ്കിലും പ്രസവവേദന തുടങ്ങിയാല്‍ അടുത്തെവിടെങ്കിലും കഴുതയുണ്ടെങ്കില്‍ അത് അലറിക്കരയും. കംസമഹാരാജാവിന്റെ കൊട്ടാരത്തില്‍ കഴുത കരയുന്നതു കേള്‍ക്കുമ്പോഴാണ് ദേവകിക്കൊരു കുഞ്ഞുണ്ടായതായി കംസനറിയുന്നത്. വസുദേവന്റെ ഏഴ് കുഞ്ഞുങ്ങളെയും കംസന് കൊല്ലുകയും ചെയ്തു.
അവസാനം, വസുദേവന് കൂപ്പുകൈകളോടെ കൊട്ടാരത്തിലെ കഴുതയുടെ അടുത്തുചെന്ന് അടുത്ത കുഞ്ഞു ജനിക്കുമ്പോള്‍ ശബ്ദിക്കരുതെന്ന് താഴ്മയോടെ അപേക്ഷിച്ചു. കഴുത അതനുസരിച്ച് ഭഗവാന് കൃഷ്ണന് ജനിച്ചപ്പോള്‍ അമറിയില്ല. കാവല്‍ക്കാരും നന്നായുറങ്ങി, വസുദേവന് കുഞ്ഞിനെയുംകൊണ്ട് ഗോകുലത്തിലേക്കു പോവുകയും ചെയ്തു. തിരിച്ചുവന്ന വസുദേവന് ആദ്യം ചെയ്തത്, ഈ കഴുതയെ വണങ്ങുകയായിരുന്നു. കംസന് പ്രസവത്തിന്റെ കാര്യം അറിയുന്നത്, എല്ലാം കഴിഞ്ഞപ്പോഴാണ്.
ഈ കഥ മൂന്ന് വലിയ കാര്യങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഒന്നാമത്, യാതൊന്നും അപ്രസക്തമല്ലെന്നും അനാവശ്യമായോ ബഹുമാനിക്കപ്പെടേണ്ടതല്ലാതായോ ഇവിടെ യാതൊന്നുമില്ലെന്നുമാണ്. രണ്ടാമത്, മനുഷ്യനല്ല ഏതൊന്നിന്റെയും നടത്തിപ്പുകാരനെന്നും എല്ലാം ഒരു മഹാബോധത്തിന്റെ നിയന്ത്രണത്തിലാണെന്നുമാണ്. കംസന് വിചാരിച്ചത് കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലാണെന്നായിരുന്നല്ലോ! മൂന്നാമത്തേതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം – വിവേകമാണ് മനുഷ്യനത്യാവശ്യം വേണ്ടതെന്നതു പറയുന്നു. കംസനു ബുദ്ധിയില്ലായിരുന്നെന്നാരും പറയില്ല. ബുദ്ധികൊണ്ട് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും അയാള്‍ ചെയ്തിരുന്നല്ലോ? പക്ഷെ, വസുദേവന് കാര്യങ്ങളെ ക്രമപ്രകാരം കണ്ടു, ചെയ്യേണ്ടത് ചെയ്തു.
ലോകം പ്രശ്നങ്ങള്‍കൊണ്ട് തിളച്ചു മറിയുകയാണ്. ചിലപ്പോള്‍, ഒരു കഴുത വിചാരിച്ചാല്‍ പരിഹരിക്കാവുന്നതായിരിക്കാം പലതും. നാം പക്ഷേ കുതിരകള്‍ക്ക് പിന്നാലെയാണല്ലോ പായുന്നത് – അവയ്ക്കാണല്ലോ അഴകും വേഗതയും കൂടുതല്‍! പ്രായോഗിക ജീവിതത്തില്‍ വിവേകമുള്ളവര്‍ക്കാണ് വിജയസാധ്യത കൂടുതലെന്ന് ഈ കഥ പറയുന്നു. പ്രായത്തിനനുസരിച്ചുള്ള പക്വത ഉണ്ടായിരുന്നാലെ വിവേകത്തിനുള്ള സാധ്യതയും കാണൂവെന്നോര്ക്കുക. ഇതൊന്നും വാങ്ങിക്കാന്‍ കിട്ടുന്നതല്ല; നമ്മില്‍ ഇല്ലാത്തതുമല്ല. വേണ്ടത് സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു മനസ്സാണ്.