ജീവിതം ശാന്തമായി ഒഴുകുന്നു. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കണമല്ലോ? വൃദ്ധരായ ഒരു ജോഡി ദമ്പതികള്‍, വീടിന്റെ സ്വീകരണമുറിയിലിരുന്നു തമാശകള്‍ പറയുകയായിരുന്നു. ഇടയ്ക്കിടെ പഴയ കഥകളും അയവിറക്കിക്കൊണ്ടിരുന്നു. ഭര്‍ത്താവ് പറഞ്ഞു,
”പൊന്നേ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എഴുതിയാലോ? രണ്ടു പേരും എഴുതുക; എന്നിട്ട്, അത് പൊരുത്ത പ്പെടുന്നുണ്ടോയെന്നു നോക്കാം.”
”ശരി … ” ഭാര്യയും സമ്മതിച്ചു.
രണ്ട് പേരും ഓരോ കടലാസുമെടുത്ത് അല്‍പ്പം അകലങ്ങളിലുള്ള കസേരകളിലിരുന്നു. എഴുത്തു കഴിഞ്ഞവര്‍, പരസ്പരം കടലാസുകള്‍ കൈമാറി. പ്രിയതമയെഴുതിയത് ഭര്‍ത്താവ് വായിച്ചുതുടങ്ങി.
”നാല്പതു വര്‍ഷം മുമ്പ,് നാമൊരു ശാസ്ത്ര സിനിമ കാണാന്‍ പോയിരുന്നല്ലോ! ഒമ്പത് കുട്ടികളേയും കൊണ്ട്, ഒരു മധ്യവയസ്കനായ മനുഷ്യനും അവിടെ വന്നു ക്യൂവില്‍ നില്‍പ്പുണ്ടായിരുന്നു. ഏതോ ഒരു ഗ്രാമീണ സ്കൂളിലെ അധ്യാപകനും കുട്ടികളുമായിരുന്നതെന്ന്, അവരുടെ വേഷത്തിലും പെരുമാറ്റത്തിലും നിന്ന് വ്യക്തമായി അറിയാമായിരുന്നു. അച്ചടക്കത്തോടെയുള്ള അവരുടെ പെരുമാറ്റം വളരെ നിയന്ത്രിച്ചതാണെന്നും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അവരുടെ വേഷം ലളിതമായിരുന്നെങ്കിലും വൃത്തിയുള്ളതായിരുന്നു. അധ്യാപകനെന്നു തോന്നിച്ചയാള്‍ കൗണ്ടറില്‍ വന്ന് ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന സ്ത്രീയോട് പറഞ്ഞു,
”ഒമ്പത് ഹാഫ്, ഒരു ഫുള്‍, സെക്കന്റ് ക്ലാസ്സ്.” സ്ത്രീ അവരോട് പറഞ്ഞു,
”ക്ഷമിക്കണം, ഇപ്പോള്‍ എക്സിക്യൂട്ടീവ് സീറ്റുകള്‍ മാത്രമേ ഒഴിവുള്ളൂ….. അതിനിത്ര ഡോളര്‍ വേണ്ടിവരും.”
”സാരമില്ല! അടുത്ത പ്രാവശ്യം ഞാന്‍ കുട്ടികളെയുംകൊണ്ട് അല്പം നേരത്തെ വരാം!” അധ്യാപകന് പറഞ്ഞു. പിന്നെ എല്ലാവരും ലൈനില്‍നിന്ന് മാറി പോവുകയും ചെയ്തു. തൊട്ടടുത്തുനിന്നിരുന്നത് ഫ്രഡ്ഡും, ഞാനും, നമ്മുടെ മകന് ടോമിയും ആയിരുന്നു. ഫ്രഡ്ഡ് ഡെബിറ്റ് കാര്‍ഡ് ഉള്ളിലേയ്ക്ക് കൊടുത്തപ്പോള്‍ ടോമി വിളിച്ചു പറഞ്ഞു,
”പത്തു ഹാഫ്, മൂന്നു ഫുള്‍, എക്സിക്യൂട്ടീവ്!” അവനെന്താണുദ്ദേശിച്ചതെന്ന് ഫ്രെഡ്ഡിനും മനസ്സിലായിരുന്നു. ടിക്കറ്റുകള്‍ കിട്ടിയപ്പോഴേ, എല്ലാംകൂടി വാരിയെടുത്തിട്ട് ടോം ഒരോട്ടമായിരുന്നു, പുറത്തേ ഗെയിറ്റിനടുത്തേക്ക്. അധ്യാപകനും കുട്ടികളും തിരിച്ചു പോകാനൊരുങ്ങുകയായിരുന്നു. അതിലെ മുതിര്‍ന്ന കുട്ടിയുടെ കൈകള്‍ പിടിച്ചു ടോം അവനെ ടിക്കറ്റുകള്‍ കാണിച്ചു. പിന്നെ അവന്റെ തോളില്‍ കൈയിട്ട് എല്ലാവരും കൂടി തീയറ്ററിന്റെ എന്‍ട്രന്‍സിലേക്കു മാര്‍ച്ച് ചെയ്തു.”
വൃദ്ധന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര് ധാരധാരയായി ഒഴുകാന്‍ തുടങ്ങി. ഇതേ കഥയായിരുന്നു അദ്ദേഹവും എഴുതിയിരുന്നത്. മകന് അവര്‍ക്കു കൊടുത്ത ഏറ്റവും വലിയ സമ്മാനവും ഒരുപക്ഷേ, അതായിരുന്നിരിക്കണം. വൃദ്ധന് ഭാര്യയുടെ കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നു – എന്തോ ആഴത്തില്‍ പഠിക്കാനുണ്ട് എന്നതുപോലെ. അദ്ദേഹം അവരോട് എന്തോ പറയുകയുമായിരുന്നിരിക്കാം.
നദിയിലേയ്ക്കു തന്നെ നോക്കിയിരുന്ന ഒരു ഗുരുവിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ കുറെ ചൈനീസ് വിദ്യാര്‍ഥികള്‍ ഗുരുവിന്റെ അടുത്തു ചെന്ന് നില്‍ക്കുകയാണ്. ഗുരുവാകട്ടെ, നദിയിലേക്കും നോക്കി നില്ക്കുന്നു – കണ്ണെടുക്കാതെ. അവരദ്ദേഹത്തോട് ചോദിച്ചു,
”ചിലപ്പോഴൊക്കെ അങ്ങ് ഈ നദിയിലേക്കുതന്നെ നോക്കി നില്‍ക്കാറുണ്ടല്ലോ, അതെന്താണ്? അവിടെയെന്താ അങ്ങ് കാണു ന്നത്?” അദ്ദേഹം അവിടെ നിന്ന് കണ്ണെടുത്തുമില്ല, ആ ചോദ്യത്തിന് മറുപടി പറഞ്ഞുമില്ല. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍, ധ്യാനത്തില്‍ നിന്നുണര്ന്നതുപോലെ അദ്ദേഹം പറഞ്ഞു,
”ഒഴുകുന്ന വെള്ളം, നമ്മെ ജീവിക്കാന്‍ പഠിപ്പിക്കുന്നു. എവിടെയൊക്കെ അത് ഒഴുകിയെത്തുന്നുവോ അവിടെയൊക്കെ അതു ജീവന് നല്കുന്നുവെന്നുമാത്രമല്ല, ആര്‍ക്കൊക്കെ അതിനെക്കൊണ്ട് ആവശ്യമുണ്ടോ അവരെല്ലാവരുമായി അത് സ്വയം പങ്കുവെക്കുകയും ചെയ്യുന്നു – ദയയുമുണ്ടതിന് സഹിഷ്ണുതയുമുണ്ടതിന്.
”പ്രതലങ്ങളിലെ കയറ്റിറക്കങ്ങളെല്ലാം എങ്ങനെ പരിഹരിക്കണമെന്ന് അതിനറിയാം – അത് എല്ലാവരോടും നീതി കാണിക്കുന്നു. വലിയ പര്‍വത ശിഖരങ്ങളില്‍നിന്ന് താഴേക്കു വീഴുമ്പോഴും അതതിന്റെ വേഗത കുറയ്ക്കുന്നില്ല – അതെപ്പോഴും ധീരയാണ്.
”അതിന്റെ പ്രതലം എപ്പോഴും മിനുസമുള്ളതും നിരപ്പായതുമാണ്. പക്ഷേ, വലിയ സമ്മര്‍ദ്ദങ്ങളെയും ഒഴുക്കുകളെയും ഒളിപ്പിക്കാന്‍ അതിനു കഴിയും – അത് ബുദ്ധിമതിയാണ്.
”അതിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പാറകള്‍ക്കു ചുറ്റിലുമായി അതൊഴുകുന്നു – അത് വളരെ ക്ഷമാശീലയാണ്. അതേപോലെ, ആ തടസ്സം മാറ്റുവാന്‍ അതു രാവും പകലും അധ്വാനിക്കുന്നു – ഒരു നദി എപ്പോഴും ഉന്മേഷവതിയാണ്.
”എതിലേയെല്ലാം എത്ര ദൂരം ഒഴുകേണ്ടിവന്നാലും, ലക്ഷ്യമായ സമുദ്രത്തില്‍ നിന്നതു കണ്ണെടുക്കുന്നില്ല – ഒരൊറ്റ ചിന്തയേ നദിക്കുള്ളു. മാത്രമല്ല, അതെപ്പോഴും പുതുതായിക്കൊണ്ടുമിരിക്കുന്നു.
അതൊക്കെയാണ്, ഇതിനെയിങ്ങനെ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്, ജീവിക്കാന്‍ അതെന്നെ പഠിപ്പിക്കുന്നു.”
വൃദ്ധന് ഭാര്യയുടെ കണ്ണുകളിലേക്കു നോക്കിയിരുന്നതല്ലാതെ, ഒരക്ഷരം പോലും പറഞ്ഞതായി കഥയില്‍ പറയുന്നില്ല. സമഗ്രതയില്‍ ഒന്നായ അവര്‍, മനുഷ്യഭാഷകളെ കീഴടക്കിയിരുന്നിരിക്കാം. ഒരു പക്ഷേ, ഗുരുവിനോടുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറയാന്‍ താമസിച്ചത്, സ്വന്തം ഭര്‍ത്താവ് ചുണ്ടുകള്‍ അനക്കാതെ പറഞ്ഞതെല്ലാം, ഒന്നും വിടാതെ കേട്ടിരുന്ന ഭാര്യയെപ്പോലെ, ഗുരു മനസ്സില്‍ പറഞ്ഞതെല്ലാം കേള്‍ക്കാന്‍ മാത്രം ശിഷ്യന്മാര് വളര്‍ന്നോയെന്ന് അദ്ദേഹം തീര്ച്ചപ്പെടുത്തുകയായിരുന്നിരിക്കണം.
പ്രതിഫലം കാംക്ഷിക്കാത്ത ഒരു പരസ്നേഹപ്രവൃത്തി മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് വൃദ്ധദമ്പതികളുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതേസമയം, ജീവിതത്തില്‍ അവശ്യം വേണ്ട മൂല്യങ്ങളെന്തൊക്കെയാണെന്നാണ് നദിയുടെ കഥയിലൂടെ ഗുരു നമ്മോട് പറയുന്നത്.