ശരിക്കും ജീവിതത്തില്‍ പഠിക്കേണ്ടതെന്തിനാണെന്നു ചോദിച്ചാല്‍, ഞാന്‍ പറയും താഴാനും തോല്ക്കാനുമൊക്കെയാണെന്ന്. ജയം മാത്രമായൊന്നില്ലെന്നതുകൊണ്ട്, തീര്‍ച്ചയായും തോല്‍വിയെ നേരിടാനും പരിശീലിച്ചേ മതിയാവൂ. ”വേണ്ട നേരത്ത് വേണ്ടയാള്‍ വേണ്ട വാക്കുകള്‍ പറഞ്ഞിരുന്നെങ്കില്‍, ആത്മഹത്യ ചെയ്ത എത്രയോ പേര് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു,” എന്നാണ് നോവലിസ്റ്റ് വെയിന്‍ ജരാര്‍ദ് ട്രോട്മാന്‍ (നോവലിസ്റ്റ്) ഒരിക്കല്‍ പറഞ്ഞത്. താഴ്ന്നിരിക്കുന്നവരെയും തോറ്റെന്നു വിലയിരുത്തപ്പെടുന്നവരെയും മാറ്റി നിര്‍ത്തുന്ന ഒരു പാരമ്പര്യമായിരുന്നില്ല ഇന്ത്യയില്‍. സൃഷ്ടിപരതക്ക് കാരണമാകുന്ന പ്രചോദനം, പരാജയങ്ങളില്‍ നിന്നാണ് ഉണ്ടാവുക.
മാന്യതയുടെയും ജയത്തിന്റെയും തോല്വിയുടെയുമൊക്കെ നിര്‍വചനങ്ങള്‍ പലേടത്തും പലതാണ്. സ്വാമി വിവേകാനന്ദന് ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ ഒരാള്‍ ചോദിച്ചു, നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചു നിങ്ങള്‍ക്കെന്താ മാന്യനായി നടന്നുകൂടേയെന്ന്. അദ്ദേഹം മറുപടി പറഞ്ഞത്, നിങ്ങളുടെ നാട്ടില്‍ തയ്യല്ക്കാരന് ഒരാളുടെ മാന്യത നിശ്ചയിക്കുന്നു, പക്ഷേ ഞങ്ങളുടെ നാട്ടില്‍ സ്വഭാവമേന്മയാണത് നിശ്ചയിക്കുന്നതെന്നാണ്. തോല്‍വിയെ നേരിടാനും സ്വഭാവമേന്മ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. തമാശയെന്താണെന്നു ചോദിച്ചാല്‍, ഏറ്റവും വിജയിച്ചവരെന്ന് നാം കരുതുന്നവരെല്ലാം ആ വിജയത്തിലും, പരാജയം നേരിട്ടിട്ടുള്ളവരാണെന്നതാണ്. അവര്‍ക്കെല്ലാം ഒരു ടണ്‍ പരാജയ കഥകളും പറയാനുണ്ടാവും. ക്ഷമയെയും സഹനത്തെയും, അവരെക്കാള്‍ നന്നായി നിര്‍വചിക്കാന്‍ മറ്റാര്‍ക്കും കഴിയണമെന്നില്ല.
അറിവിനെയും അനുഗ്രഹത്തെയുമൊക്കെ പരിഗണിച്ചാല്‍ അവ വെള്ളം പോലെയാണ്, ഉയരത്തില്‍നിന്നും താഴ്ച്ചയിലേക്കാണതൊഴുകുക – അല്ലെങ്കില്‍, ഉള്ളിടത്തുനിന്ന് ഇല്ലാത്തിടത്തേയ്ക്ക്. ധാരാളം പേരെ നാം അനുദിനം അഭിമുഖീകരിക്കുന്നു; ഞാനറിവുള്ളവന് എന്ന് ഭാവിച്ച് അവരുടെയൊക്കെ അടുത്തായിരുന്നാല്‍, ഒരിക്കലും അവരില്‍ നിന്നു യാതൊന്നും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല. ഗുരുവിന്റെ അടുത്തായിരിക്കുമ്പോള്‍ ഈ നിയമം വളരെ പ്രസക്തമാണ്. ദൈവാനുഗ്രഹം ലഭ്യമാകണമെങ്കിലും നമ്മുടെ വാതിലുകള്‍ തുറന്നിട്ടിരിക്കണം. അത്, എളിമയെന്ന താക്കോലുകൊണ്ട് മാത്രം തുറക്കാവുന്ന ആനവാതിലുകള്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.ആരെയാണ്, സമൂഹം ഏറ്റവും ഇഷ്ടപ്പെടുന്നതെന്നു ചോദിച്ചാല്‍ താഴ്മയും വിനയവും കൊണ്ട് നടക്കുന്നവനെയെന്നു പറയാം. ആരെയാണ് ലോകം ഏറ്റവും ബഹുമാനിക്കുന്നതെന്നു ചോദിച്ചാല്‍, ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിച്ചവരെയെന്നായിരിക്കും മറുപടി. ആരെയാണ് ലോകം ഏറ്റവും വിശ്വസിക്കുകയെന്നു ചോദിച്ചാല്‍, അഹത്തിനു ഹിതകരമല്ലെങ്കിലും സത്യം പറയാന്‍ ധൈര്യം കാണിക്കുന്നവനെയായിരിക്കും. പൊതുജനങ്ങളെപ്പറ്റി ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന വോള്‍ട്ടയര്‍ പറഞ്ഞത്, “Common sense is not so common”‘ എന്നാണ്. ഒരു പരിധിവരെ അത് ശരിയാണ്. പരാജയത്തില്‍ പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കുകയെന്നത്, ഒരു രസമാണ് പലര്‍ക്കും. ജീവിതത്തില്‍ – അവരുടെ വീഴ്ചയും ദയനീയമായിരിക്കും!
ലോകം നിറയെ സാധ്യതകളാണ്; താഴാന്‍ മടിയില്ലാത്തവന് തനിക്കു ചേര്‍ന്നത് തിരഞ്ഞെടുത്തു വിജയിക്കുന്നു. ജയിച്ചില്ലായെന്നറിയുമ്പോഴും ഹൃദയം തുറന്നു ചിരിക്കുന്നവന്റെയത്ര ആത്മശക്തി മറ്റാര്‍ക്കു കാണും? ജീവിതത്തില്‍ അധികം സമ്പാദിക്കാന്‍ മിനക്കെടാത്തവനായിരിക്കും, കൂടുതല്‍ ജയിക്കാന്‍ സാധ്യത – അവനു കൂടുതല്‍ സമയം പ്രയത്നിക്കാന്‍ ലഭിക്കും (കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതിയല്ലോ). മാത്രമല്ല, അസൂയയെന്ന കടുത്ത മാനസിക രോഗത്തില്‍ നിന്ന് അവര്‍ മുക്തരുമായിരിക്കും. ഞാന്‍ മിടുക്കനാണെന്ന ചിന്തതന്നെ ഒരാളുടെ നാശത്തിനു കാരണമായേക്കാം.
ഒരു നരവംശ ശാസ്ത്രജ്ഞന് ആഫ്രിക്കയിലെ ഒരു പറ്റം ഗ്രാമീണ കുട്ടികളുടെയിടയില്‍ ഒരു മത്സരം നടത്തിയ കഥയുണ്ട്. ഒരു കുട്ട നിറയെ മിഠായി ഒരു മരച്ചുവട്ടില്‍ വെച്ചിട്ട്, കുട്ടികളെ അല്പം അകലെ മാറ്റിനിര്‍ത്തിയിട്ടു പറഞ്ഞു, ആദ്യം ഓടിച്ചെല്ലുന്നവന് മിഠായി മുഴുവന്‍ കിട്ടുമെന്ന്. കുട്ടികളെന്തു ചെയ്തെന്നോ? എല്ലാവരും കൈകള്‍ പരസ്പരം കോര്‍ത്തു പിടിച്ച് മിഠായിക്കൊട്ടയുടെ അടു ത്തേയ്ക്ക് നടന്നു. ചോദിച്ചപ്പോള്‍, ഒരു കുട്ടി പറഞ്ഞു, ”ഉബുണ്ടു!” അതിന്റെയര്‍ഥം, അവരുടെ ഭാഷയില്‍, ‘അപരര്‍ ദുഃഖിച്ചിരിക്കുമ്പോള്‍ ഒരുവനും സന്തോഷിക്കാനാവില്ല’ എന്നാണ്. ചിന്തകയും പത്രപ്രവര്‍ത്തകയുമായ ലിയാ ഡിസ്കിന് എന്ന അര്ജന്റീനാക്കാരി പറഞ്ഞതാണ് ഈ കഥ. മറ്റുള്ളവര്‍ ജയിക്കുന്നതു കാണുമ്പോള്‍ സന്തോഷിക്കു ന്നവരുടെ സ്വതസിദ്ധമായ പുഞ്ചിരി, കാണാന്‍ തന്നെ വശ്യം!