ഷോക്ക് ട്രീറ്റ്‌മെന്റ്

  • Episode 13
  • 28-11-2022
  • 10 Min Read
ഷോക്ക് ട്രീറ്റ്‌മെന്റ്

Operation HOPE ന്റെ സ്ഥാപകന്‍ ജോണ്‍ ഹോപ്പ് ബ്രയന്‍ (John Hope Bryant) നടത്തിയ പ്രഭാഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട യൂ റ്റ്യുബ് വീഡിയോ, അദ്ദേഹത്തിന്റെ പഴ്‌സ് ഇന്ത്യയില്‍ വെച്ച് നഷ്ടപ്പെട്ടതിനെപ്പറ്റിയുള്ളതായിരുന്നു. സംഭവം ഇങ്ങനെ: ഒരു യൂണിവാഴ്‌സിറ്റിയില്‍ പ്രഭാഷണവും കഴിഞ്ഞു ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പഴ്‌സ് കാണാനില്ലായിരുന്നു. വിസാ, പണം, കാര്‍ഡുകള്‍ … എല്ലാം അതിലുണ്ടായിരുന്നു. ടാക്‌സിക്കമ്പനിയെ വിളിച്ചിട്ടു ഫോണ്‍ എടുക്കുന്നതേയില്ല. ആകെ നിരാശനായിരിക്കുമ്പോഴാണ്, കാര്‍ ഡ്രൈവര്‍ പഴ്‌സുമായി എത്തുന്നത്. എന്താണു പ്രതിഫലം തരേണ്ടതെന്ന് പലപ്രാവശ്യം അദ്ദേഹം ചോദിച്ചിട്ടും, അയാള്‍ യാതൊന്നും വാങ്ങിയില്ല. ആ സംഭവം അദ്ദേഹത്തിനൊരു ഷോക്കായിരുന്നു. അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളെയത് അടിമുടി മാറ്റിയെന്ന് അദ്ദേഹം പറയുന്നു. വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും ഒരു ചെറിയ അനുഭവത്തിനു പോലും ഒരുവനെ എന്തുമാത്രം മാറ്റിമറിക്കാനാവുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഓരോരുത്തരുടെയും ജീവിതത്തില്‍, ഇത്തരമെത്രയെത്ര അനുഭവങ്ങളുണ്ടാവാം. അനുഭവസ്ഥരെല്ലാം ഒരു ഷോക്കിന്റെ കാര്യം പറയുന്നുണ്ട്. വിശ്വസ്തതയും കറകളഞ്ഞ സ്‌നേഹവുമൊന്നും ഒരിടത്തുനിന്നും ആരും  ഉറപ്പായി പ്രതീക്ഷിക്കുന്നില്ല! ഇന്ത്യയിലായാലും അമേരിക്കയിലായാലും പ്രതീക്ഷയ്ക്കു വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടായിരിക്കാം, ഷോക്കുണ്ടാവുന്നത്.

ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി സ്‌നേഹംതന്നെ. സ്‌നേഹമെന്ന ആദി ഊര്‍ജത്തില്‍ നിന്നാണ് നാം അറിയുന്ന എല്ലാ വികാരങ്ങളും ഉണ്ടായിരിക്കുന്നത്. കലാപങ്ങളും തര്‍ക്കങ്ങളും തീര്‍ക്കാന്‍ ബോംബുകള്‍ക്കു കഴിയണമെന്നില്ല, പക്ഷേ, സ്‌നേഹത്തിനു കഴിയും. സ്‌നേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന സത്യസന്ധതയും വിശ്വസ്തതയുമൊക്കെയായിരിക്കണം ഷോക്കടിപ്പിക്കാനുള്ള കഴിവില്‍, രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കുമാരനാശാന്‍ എഴുതിയത്,

”….സ്‌നേഹമാണഖില സാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം….” എന്നാണ്.

സാമിന്റെ കഥ ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നില്ല. സാം വളരെ പാവപ്പെട്ട ഒരു വീട്ടിലെ, എന്നാല്‍  തൊട്ടാല്‍ ഷോക്കടിക്കുന്ന, ഒരു കുട്ടിയായിരുന്നു. എട്ടു നാണയങ്ങളുമായി സാം ചന്തയില്‍ പോയി. അത്യാവശ്യം സാധനങ്ങള്‍ വാങ്ങിക്കാനത് തികയുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ്, ഒരു വൃദ്ധന്റെ കൈയില്‍നിന്ന് ഒരു സ്വര്‍ണ്ണ നാണയം താഴെപ്പോയത് സാം ശ്രദ്ധിച്ചത്. സാമതെടുത്ത് വൃദ്ധന് കൊടുത്തു. വൃദ്ധന്‍ സാമിനോട് പറഞ്ഞു, ഒരുപകാരം ചെയ്താല്‍ നന്നായിരിക്കുമെന്ന്  സാം അത് സമ്മതിച്ചു. വൃദ്ധന്‍ ഒരു കത്തെടുത്ത് സാമിന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു, ഇത് തുറക്കരുതെന്നും രാജാവിന്റെ കൈയില്‍ത്തന്നെ കൊടുക്കണമെന്നും. സാം വനത്തിലൂടെ ഏറെ ദൂരം സഞ്ചരിച്ച് കൊട്ടാരത്തിലെത്തി രാജാവിന്റെ കൈയില്‍ കത്തു കൊടുത്തു. ഏറെ പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നിട്ടും സാം അത് തുറന്നു നോക്കിയിരുന്നില്ല. രാജാവ് പറഞ്ഞത്, എനിക്ക് മക്കളില്ല, സത്യസന്ധനായ ഒരാളെ എന്റെ പിന്‍ഗാമിയാക്കാന്‍ ഞാനന്വേഷിക്കുകയായിരുന്നു എന്നായിരുന്നു. രാജാവ് ഈ കത്തു വായിച്ചു ഞെട്ടിപ്പോയിക്കാണണം….! വഴിക്ക്, കത്തു തുറന്നു നോക്കാന്‍ സാമിനെ ഉപദേശിച്ചവര്‍ക്കും ഷോക്കടിച്ചു കാണണം.

എന്തുകൊണ്ട് സത്യസന്ധത കാണുമ്പോള്‍ നമുക്ക് ഷോക്കാകുന്നുവെന്നു ചോദിച്ചാല്‍ ആരും തന്നെ അത് കാണിക്കുന്നില്ലാത്തതുകൊണ്ടാണെന്നേ പറയാനാവൂ (ഉള്ളിലത് ഉണ്ടായിരുന്നിരിക്കുകയുമില്ല). മക്കളില്ലാത്ത ഒരു രാജാവ് അവകാശിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്തിയ കഥയുണ്ട്.  രാജ്യത്തെ ചെറുപ്പക്കാരെ മുഴുവന്‍ രാജാവ് കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. എല്ലാവര്‍ക്കും ഓരോ പയര്‍മണി കൊടുത്തിട്ടു പറഞ്ഞു, ഒരു മാസം കഴിയുമ്പോള്‍ ഇത് കിളിര്‍പ്പിച്ചു ചെടിയുമായി വരിക.

എല്ലാവരും, കിട്ടിയ പയര്‍മണി നട്ട് പരിചരിച്ചു. ഒരു മാസമാകാറായിട്ടും രാജുവിന്റെ പയര്‍മണി കിളിര്‍ത്തിരുന്നില്ല. പയര്‍ മണിച്ചട്ടിയുമായി ചെല്ലേണ്ട ദിവസമായപ്പോള്‍ രാജുവിന് വലിയ വിഷമമായി ചെല്ലാതിരിക്കാനുമാവില്ല. അത് മതിയാകും രാജാവിന്റെ കോപം കിട്ടാന്‍! ഏതായാലും രാജു ചെടിച്ചട്ടി മൂടിപ്പിടിച്ച്, ഒളിപ്പിച്ച് കൊട്ടാരവളപ്പിലെത്തി, ഏറ്റവും പിന്നില്‍ ഒതുങ്ങിനിന്നു. എല്ലാവരുടെയും പയര്‍ നന്നായി വളര്‍ന്നിരുന്നു. വിവിധ നിറങ്ങളില്‍ വളര്‍ന്നിരുന്ന പയര്‍ ചട്ടികളെല്ലാം കൊട്ടാരവളപ്പില്‍ നിരത്തി വെച്ചപ്പോള്‍, കാണാന്‍ നല്ല രസമുണ്ടായിരുന്നു. രാജാവിറങ്ങിവന്ന് എല്ലാ ചെടികളും കണ്ടു. രാജുവിന്റെയടുത്തെത്തി രാജാവ് ചോദിച്ചു,

”എവിടെ ഞാന്‍ തന്ന പയര്‍മണി?” രാജു വിറച്ചുകൊണ്ട് കാര്യം പറഞ്ഞു. അതിനെ നല്ലപോലെ പരിചരിച്ചിരുന്നുവെന്നും പക്ഷെ, അത് മുളച്ചില്ലെന്നും രാജു പറഞ്ഞു. രാജാവ് അവനെയും കൈയില്‍ പിടിച്ച് കൊട്ടാരത്തിലേക്കു നടന്നു. രാജുവിനെ എല്ലാവരുടെയും മുമ്പില്‍ നിര്‍ത്തി. പതിയെ കൈയുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തിട്ട് പറഞ്ഞു.
”അടുത്ത രാജാവിനെ നിശ്ചയിക്കാനായിരുന്നു ഞാനീ മത്സരം നടത്തിയത്. ഞാന്‍ തന്നിരുന്ന പയര്‍മണികളൊന്നും കിളിര്‍ക്കുന്നതായിരുന്നില്ല. ചൂടു വെള്ളത്തിലിട്ട പയര്‍ വിത്തുകളായിരുന്നു അവയെല്ലാം. രാജു മാത്രമാണ് കിളിര്‍ക്കാത്ത പയര്‍മണിച്ചട്ടിയുമായി വന്നത്. അവന്‍ തന്നെ അടുത്ത രാജാവും!” നോക്കുക, എത്ര പേര്‍ക്കാണ് ഷോക്കടിച്ചതെന്ന്!

ഒരു ദിവസം ഒരാളെയെങ്കിലുംവച്ച് ഷോക്കടിപ്പിക്കുന്നതിനെപ്പറ്റി ചിന്തിച്ചാലോ? അത് തര്‍ക്കവസ്തു വിട്ടുകൊടുത്തു കൊണ്ടാവാം, എളിമപ്പെട്ടുകൊണ്ടാവാം, ക്ഷമിച്ചുകൊണ്ടാവാം, രമ്യതപ്പെട്ടുകൊണ്ടാവാം, അപരന്റെ ആവശ്യങ്ങളില്‍ അവനോടൊപ്പം നിന്നു കൊണ്ടുമാവാം… മരിക്കേണ്ടിവന്നാലും കള്ളം പറയില്ലെന്നുറപ്പിച്ചു കൊണ്ടുമാവാം…

ആരെയും മനുഷ്യനെന്ന പട്ടികയില്‍ പെടുത്താന്‍ അത്യാവശ്യമുള്ള ഗുണങ്ങളില്‍ സത്യസന്ധതയും ധീരതയും സമഗ്രതയും അവബോധവും മാത്രമല്ല, ഹൃദയവിശാലതയുമുണ്ട്. ഈ സദ്ഗുണങ്ങളൊക്കെ അല്പംപോലും പകിട്ട് കുറയാതെ വ്യക്തിത്വത്തില്‍ ചേര്‍ത്തു പിടിക്കുക. ആദ്യമൊക്കെ ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും വളരെ വേഗമതെല്ലാം അനുദിന ജീവിതത്തിന്റെ ഭാഗമായി മാറും; അപ്പോഴെ, ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ സ്വീകാര്യതയും കൂടൂ.  ആരോഗ്യവാന്‍ എന്ന് പറഞ്ഞാല്‍ രാവിലെയും വൈകിട്ടും മാത്രമെന്നല്ല അര്‍ഥം; ഇരുപത്തിനാലു മണിക്കൂറും അതുണ്ടായിരിക്കണം. അതുപോലെതെന്നെയാണ് മൂല്യങ്ങളും  സദാ ഒപ്പമുണ്ടായിരിക്കണം.

ഒരിക്കലെങ്കിലും ആരെയെങ്കിലും ഷോക്കടിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ നാം മരിക്കുമ്പോഴും ആര്‍ക്കും ഷോക്കുണ്ടാവാന്‍ സാധ്യതയില്ല!

Select your favourite platform