വെളിച്ചമേ, നയിച്ചാലും!

  • Episode 91
  • 29-11-2022
  • 10 Min Read
വെളിച്ചമേ, നയിച്ചാലും!

എന്തെല്ലാം  കാണാനും അറിയാനും ഈ മണ്ണിലുണ്ടെന്നു ചോദിച്ചാല്‍ അതിനു പരിമിതികളുണ്ടായിരിക്കണമെന്നേയില്ല. എല്ലാവരും കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും, എന്തിനെപ്പറ്റിയാണെങ്കിലും, രണ്ട് പേരുടെ വ്യാഖ്യാനങ്ങള്‍ ഒരിക്കലും ചേര്‍ന്നുപോവുന്നില്ലെന്നത് ഒരു പൊതുസത്യം.

ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പറഞ്ഞത്, അടുത്ത ദിവസം അദ്ദേഹം ഒരു യോഗിയെ കണ്ടെന്നാണ്. വഴിയിലെ ചെളിവെള്ളത്തില്‍ വണ്ടി ചാടി, ദേഹം മുഴുവന്‍ ചെളി തെറിച്ചിട്ടും, ഒന്നു തിരിഞ്ഞുപോലും നോക്കാതെ നടത്ത തുടര്‍ന്നയയാള്‍ വികാരങ്ങളെ സമ്പൂര്‍ണ്ണമായും കീഴടക്കിയ ഒരു യോഗിയായിരിക്കാനെ വഴിയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം മനസ്സിലാക്കിയതങ്ങനെയാണ്! ഇത് ശരിയായിരിക്കാം, നമുക്ക് ചുറ്റും അനേകം യോഗികള്‍ ഉണ്ടായിരിക്കുകയും ചെയ്യാം.

ഒരാള്‍ എന്തുമാത്രം വളര്‍ന്നെന്നറിയാനുള്ള ഉപായമാണ്, അയാള്‍ എന്താണ് കാണുന്നതെന്നും മനസ്സിലാക്കുന്നതെന്നും പറയുന്നതെന്നുമൊക്കെ അറിയുന്നത്. അതുകൊണ്ടാണ്, അഭിമുഖങ്ങള്‍ സുപ്രധാനമാകുന്നത്. ഇക്കാലത്ത് ഉദ്യോഗാര്‍ഥികളുടെ സോഷ്യല്‍ മീഡിയാ പേജുകളും പരിശോധിക്കപ്പെടുന്നുണ്ട്. എങ്ങനെ ചോദ്യങ്ങള്‍ക്കുത്തരം പറയണമെന്നുള്ളത് പറഞ്ഞു പഠിക്കുക.

ഒരു സന്ദര്‍ശകന്‍ ജൈനമുനിയുടെ മുറിയില്‍ നോക്കിയപ്പോള്‍ ഉപകരണങ്ങളൊന്നും കാണാനില്ല.
”വീട്ടുപകരണങ്ങളൊക്കെ എവിടെ?” സന്ദര്‍ശകന്‍ ചോദിച്ചു.
”നിങ്ങളുടെ സാധനങ്ങളൊക്കെ എവിടെ?” മുനി സന്ദര്‍ശകനോട് ചോദിച്ചു.
”ഞാനൊരു യാത്രയിലല്ലേ?” സന്ദര്‍ശകന്‍ മറുപടി പറഞ്ഞു.
”ഞാനുമൊരു യാത്രയിലാണ്!” മുനി സന്ദര്‍ശകനോട് പറഞ്ഞു. എനിക്ക് തോന്നുന്നില്ല, ആ സന്ദര്‍ശകന്‍ ഈ ജൈനമുനിയില്‍നിന്ന് എന്തെങ്കിലും പഠിച്ചുവെന്ന്. മുനി പറയുന്നത് മനസ്സിലാക്കാനുള്ള പരിശീലനം അയാള്‍ നടത്തിയിരുന്നില്ലല്ലോ!
ഒരിക്കലൊരു സന്യാസിയുടെ കമണ്ഡലുവും മോഷ്ടിച്ചു കൊണ്ട് കള്ളനൊരോട്ടം – സന്യാസി പിന്നാലെയും. കള്ളന്‍ വേഗം ഓടി വഴിതിരിഞ്ഞു പോയി. സന്യാസിയാവട്ടെ നേരെയുള്ള വഴിക്കും ഓടി.
ഇതുകണ്ടുനിന്ന ഒരാള്‍, കള്ളന്‍ ഈ വഴിയാ ഓടിയതെന്നു പറയാന്‍ സന്യാസിയുടെ പിന്നാലെ ഓടി. സന്യാസിയെ പിടിച്ചു നിര്‍ത്തിയ അയാള്‍, കള്ളന്‍ പോയ വഴി കാണിച്ചും കൊടുത്തു. സന്യാസി പറഞ്ഞത്, അവന്റെ പിന്നാലെ ഓടി അവനെ പിടിക്കാന്‍ തനിക്ക് പറ്റില്ല. പക്ഷേ, അവനേതായാലും, എന്നെങ്കിലും അവിടെ വരും, അപ്പോള്‍ പിടിക്കുമെന്നാണ്.
”എവിടെ?” അയാള്‍ ചോദിച്ചു.
”ഗ്രാമത്തിലൊരൊറ്റ ശ്മശാനമേ ഉള്ളുവെന്ന് താങ്കള്‍ക്കറിഞ്ഞുകൂടേ? എന്നാണെങ്കിലും അവനവിടെ വരാതിരിക്കില്ലല്ലോ. അങ്ങോട്ടാണ് ഞാനോടുന്നത്.”
സന്യാസി പറഞ്ഞത,് ഈ ഗ്രാമീണനും മനസ്സിലായിട്ടുണ്ടാവില്ല.
”വെളിച്ചമേ നയിച്ചാലും …” എത്രയോ പ്രാവശ്യം ഈ പ്രാര്‍ഥന  ഞാന്‍ കേട്ടിരിക്കുന്നു – ചൊല്ലുകയും ചെയ്തിരിക്കുന്നു.
ഇപ്പഴിപ്പോഴൊക്കെയാണ് മനസ്സിലാക്കലുകളുടെ വ്യത്യാസം വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍കൊണ്ടാണ് സംഭവിക്കുന്നതെന്ന് മനസ്സിലായിത്തുടങ്ങിയത്. ശരിയായ വെളിച്ചം നാം കാണുന്ന ഇതല്ലെന്നുള്ളതിനും സൂചനകളുണ്ട്. കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും, മതിയായ തയ്യാറെടുപ്പില്ലാതെ, ഇപ്പറഞ്ഞ വെളിച്ചത്തിലേയ്ക്ക് എടുത്തു ചാടുന്നത് അബദ്ധമാണ്.

തീര്‍ഥാടനങ്ങളും ധ്യാനങ്ങളുമൊക്കെ കഴിഞ്ഞു വരുന്നവര്‍ക്ക് ആകെയൊരു ബുദ്ധിഭ്രമം വന്നതുപോലെ അനുഭവപ്പെടാറുണ്ടല്ലോ. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഹൈ വോള്‍ട്ടേജ് ലൈനില്‍ തൊട്ടാലുള്ള അനുഭവമാണ്, നേരിട്ട് സ്വര്‍ഗത്തില്‍ ചെല്ലാനുള്ള ഒറ്റമൂലികള്‍ക്ക് ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്നത്. ഇതിനാണ് ഒരു ഗുരുവിന്റെ കീഴിലുള്ള പരിശീലനം ആവശ്യമായി വരുന്നത്. വളര്‍ച്ചയ്ക്കനുസരിച്ച് വേണ്ട പ്രകാശം തരാന്‍ ഗുരു ഉണ്ടായിരുന്നേ മതിയാവൂ. തുഴഞ്ഞുകൊണ്ടേയിരിക്കാം; ഒരു പ്രഭാതത്തില്‍, ഒരു പൊട്ടു പോലെയെന്തോ ചക്രവാളത്തില്‍ കാണാതിരിക്കില്ല.
സാവധാനം തീരത്തേയ്ക്കടുക്കുന്നതാണ് നല്ലതും!

Select your favourite platform